രചന : സിന്ധു എസ് നായർ ✍

വർണ്ണമഹിമയുടെ രാജസ്ഥലികളിൽ
പിതൃത്വം തന്നെ നിഷേധിക്കപ്പെട്ടവൻ
പിതാവിന്റെ സ്നേഹസിംഹാസനത്തിൽ നിന്നും നിഷ്‌കാസിതനായവൻ
എങ്കിലും ഭിക്ഷയായ് കിട്ടിയ പൈതൃകത്തിൽ നിന്നും പരിത്യജിക്കുവാനാകാത്ത….
പിതൃത്വത്തെ അറിഞ്ഞവൻ
മാനിച്ചവൻ ഞാൻ…….
സൂര്യചന്ദ്രാദിദേവകളിൽ സ്വപിതാവിനെ തിരയേണ്ടി വന്നില്ല
സ്വാഭാവവൈശിഷ്ട്യത്തിൽ ഉന്നതകുലജാതയാം അമ്മയിൽ നിന്നു മാത്രം അച്ഛനാം മിത്രത്തെ
അറിയാതറിഞ്ഞവൻ ഞാൻ……
ഞാൻ ഘടോൽകചൻ….
എണ്ണിയാലൊടുങ്ങാത്ത
കാ‍ന്താരമദഗജങ്ങൾക്കു ശക്തിയായി പിറന്നവൻ
കടലാകാനും കരയാകാനും
മണ്ണാകാനും മനുഷ്യനാകാനും
വിധിക്കപ്പെട്ട ഐന്ദ്രജാലക്കാരൻ
മണ്ണിലേയ്ക്കലിയും മുന്നേ
വികാരങ്ങളിൽ വിരൂപവൃദ്ധനാം വൃകോദരനായി
പതിനെട്ടു ദിവസങ്ങൾക്കിടയിലെ
ചില വിനാഴികകൾ വർദ്ധിതവീര്യത്തോടെ പകർന്നു കൊടുത്തവൻ ഞാൻ…..
ആദ്യസമാഗമം തന്നെ ഓർമ്മയിൽ കൈമോശം വന്നവൻ ഞാൻ
അവശയാം പിതൃപത്‌നിക്ക് തോളെല്ലിൽ പീഠമൊരുക്കേണ്ടി വന്നവൻ ഞാൻ
എങ്കിലും ഒന്നു ഞാൻ പറഞ്ഞു…….
തണലാം തനയൻ സ്മരണാർത്ഥവേളയിൽ മുന്നിലെത്തുമെന്നു……….
അച്ഛന്റെ ആശ്ലേഷത്തിലമരാൻ കാത്തു കിടന്നൊരെൻ കാട്ടാളകരുത്തിനെ
അന്നൊരുനാൾ അച്ഛൻ വിളിച്ചു
തീർപ്പാക്കാൻ കാത്തു കിടന്ന
ഭാരതയുദ്ധത്തിന്റെ നെടുംതൂണാകുവാൻ
ഞാൻ പോരാടി…
അനന്തവീര്യത്തോടെ അമാനുഷികമായി
യോദ്ധാവായല്ല പോരാളിയുമായല്ല
പെറ്റമ്മയുടെ തിരുവാജ്ഞ ശിരസ്സാ വഹിച്ച
ഹിഡുംബിപുത്രനായ് തന്നെ
മരണമേന്നെ പുൽകുവോളം
ഞാൻ അജയ്യനായി അനാഥനുമായി
അമരനുമായി….
രാജസ്ഥാനങ്ങൾക്കുമർഹമല്ലാത്ത
എന്റെയീയുടൽ
പ്രാണൻ നഷ്ടമായ നഗ്ന ദേഹിയിൽ
നിന്നടർത്തി മാറ്റി
ആളുന്ന അനേകരുടെ ചിതയ്‌ക്കൊപ്പം
കൂട്ടി വച്ചു
ആളുന്ന അഗ്നിശകലങ്ങൾ
ആകാശമൊട്ടുക്കും ആർത്തിയോടു-
ഓടി നടന്നു….
അത് തടയുവാൻ ഐരാവതവാഹഹനു പോലും കഴിയുമായിരുന്നില്ല
കാരണം എനിക്കു അവകാശപ്പെടാൻ
ഉറക്കെ വിളിച്ചു പറയുവാൻ
ഒരൊറ്റ പേരേ ഉണ്ടായിരുന്നുള്ളൂ
അത് യുധിഷ്ഠിരധർമ്മപുത്രർക്ക്
ഇളയവനായ
ഒഴിഞ്ഞു കിടന്ന കാമ്യകവനസുന്ദരിയുടെ
മാനസശൈലങ്ങളിൽ
അവരോധിതനായ………
പോരിൽ പേരെടുത്ത
ഭീമസേനന്റെതു മാത്രം ആയിരുന്നു…..

By ivayana