രചന : അഫ്സൽ ബഷീർ തൃക്കോമല✍
നവംബർ 19 അന്തർദ്ദേശീയ പുരുഷദിനം. 1999 മുതലാണ് യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ ആരംഭിച്ചത് .1999 നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. തുടർന്ന് ലോകരാഷ്ട്രങ്ങളും ഇത് ഏറ്റെടുത്തു . 2007 മുതൽ പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ഇന്ത്യയിൽ ഈ ആഘോഷം കൊണ്ട് വന്നത്.
അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പടെ വിവിധ ദിനങൾ ആഘോഷിക്കുമ്പോൾ പുരുഷൻമാരെയും ഉൾക്കൊണ്ടുകൊണ്ടാണ് യുനെസ്കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനും ഉയർച്ചയ്ക്കും മുൻഗണന
നൽകുകയും ., ലിംഗ സമത്വത്തെത്തെ പ്രോത്സാഹിപ്പിക്കുകയും ആൺകുട്ടികളെ ഉത്തമ പുരുഷന്മാരായി വളർത്തിയെടുക്കുകയും , പുരുഷൻമാരുടേയും ആൺകുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുകയും തുടങ്ങി പുരുഷദിനാചാരണത്തിൻറെ ലക്ഷ്യങ്ങൾ നിരവധിയാണ് .
പുരിയിൽ ശയിക്കുന്നവൻ ആരോ അവൻ പുരുഷൻ.സർവ്വതിലും വ്യാപിച്ചു ഈശ്വരൻ നിലകൊള്ളുന്നു.ആയതിനാൽ പ്രപഞ്ചം എന്ന പുരിയിൽ ശയിക്കുന്ന ഈശ്വരനെ പുരുഷൻ എന്ന് വിളിച്ചു
എന്നാണ് പുരാണങ്ങൾ പറയുന്നത്.
സമൂഹത്തിൽ ലിംഗ സമത്വം എന്ന ആശയത്തിന് വലിയ പ്രാധാന്യമുണ്ടെങ്കിലും ശാരീരിക മാനസിക പ്രത്യേകതകളാൽ ആണും പെണ്ണും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.വർത്തമാന
കാലത്തു സ്ത്രീകൾക്കനുകൂലമായ സാഹചര്യങ്ങളും അവരെ മുഖ്യധാരയിൽ
എത്തിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങളിൽ വിവിധ
രാജ്യങ്ങൾ നടത്തുന്ന മുന്നേറ്റങ്ങൾപ്രതീക്ഷ നൽകുന്നു .
എന്നാൽ സ്ത്രീ മുന്നേറ്റത്തിന്റെ പേരിൽ പുരുഷന്മാർ ഇരകളാക്കപ്പെടുന്നതിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ് .കുറ്റകൃത്യങ്ങളിലും മറ്റു വിധ്വംസക പ്രവർത്തനങ്ങളിലും പുരുഷൻമാരുടെ പ്രാതിനിധ്യം കൂടുതലാണ്. എന്നാൽ സ്ത്രീകളും ഇത്തരം പ്രവർത്തനങ്ങളിൽ പിന്നിലല്ല .നാടിന്റെ പുരോഗമന പ്രവർത്തനങ്ങളിലും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളിലും പുരുഷന്മാർ മുന്നിലാണ് എന്ന വസ്തുത മറന്നു കൂടാ .
അഴിമതി നിർമ്മാർജ്ജനം ഉൾപ്പടെ മുന്നിൽ കണ്ട് ഇന്ത്യയിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ
സ്ത്രീകൾക്ക് അമ്പതു ശതമാനം സംവരണ മേർപ്പെടുർത്തിയിട്ടു എന്തെങ്കിലും മെച്ചമുണ്ടായോ ?സ്ത്രീ പ്രാതിനിധ്യം ഉറപ്പിച്ചു എന്നല്ലാതെ. പുരുഷ കേന്ദ്രീകൃത സമൂഹമെന്ന ആക്ഷേപത്തിനിടയിലും
പീഡനമേൽക്കേണ്ടി വരുന്ന ആയിരകണക്കിന് പുരുഷന്മാരുടെ കഥ
മനഃപൂർവം ചർച്ച ചെയ്യപ്പെടുന്നില്ല .ഭാര്യമാർ ജോലി ചെയ്‌തു തീറ്റി പോറ്റുന്നു എന്ന മേമ്പൊടിയിൽ സമൂഹത്തിൽ നിന്ന്
പൂർണ്ണമായോ ഭാഗികമായോ അകറ്റി
നിർത്തി വീട്ടു ജോലിയും കുട്ടികളെ നോട്ടവുമായി പ്രതിഭാധനന്മാരായ നിരവധി ഭർത്താക്കന്മാർ വീട്ടിനുള്ളിൽ അടച്ചിടപ്പെട്ടതിന്റെ കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നത് മുഖ്യധാരാ മാധ്യമങ്ങൾ കണ്ടതായി ഭാവിച്ചില്ല .ഇത്തരം ഭർത്താക്കന്മാർ പ്രവാസ ലോകത്തുൾപ്പടെ പരിഹാസ പാത്രങ്ങളാകുന്നതും തീർത്തും അരക്ഷിതാവസ്ഥ നേരിടുന്നതും ഇന്നേ വരെ ആരും ചർച്ച ചെയ്തിട്ടില്ല .
സ്ത്രീകൾ ചെയ്യുന്ന കുറ്റ കൃത്യങ്ങളെ സാമാന്യവത്കരിക്കുകയും അതിനു സഹതാപത്തിന്റെയും സാഹചര്യ സമ്മർദ്ദത്തിന്റെയും പേരുപറഞ്ഞു ന്യായികരിക്കുകയും ചെയ്യുന്നതും ഇരവാദങ്ങൾ മുഴക്കി തെറ്റ് ചെയ്യാത്തതോ സ്ത്രീയും പുരുഷനും ഒരേ തെറ്റുകൾ ചെയ്യുന്നതോ ആയ സാഹചര്യങ്ങളിലും പുരുഷൻ മാത്രം പ്രതിയാക്കപ്പെടുന്നതും വർത്തമാന കാലത്തെ പതിവ് കാഴ്ചയാണ് .
പുരുഷാകൃതി എന്നാൽ മനുഷ്യന്റെ ആകൃതി പുരുഷാരം എന്നാൽ ജനക്കൂട്ടം പുരുഷാന്തരം എന്നാൽ നൂറു വർഷകാലം അഥവാ ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലം ,പുരുഷായുസ്സു ഒരു മനുഷ്യന്റെ ജീവിതകാലം അഥവാ നൂറ്റിരുപതു വയസ്സു്, പുരുഷാഗ്രേസരൻ എന്നാൽ ശ്രേഷ്ഠതയുള്ളവൻ, പുരുഷപ്രമാണം
എന്നാൽ ഒരാൾ അളവു് ,പുരുഷദ്വയസ്സ്
എന്നാൽ ഒരാൾ പൊക്കമുള്ള,
പുരുഷവാഹൻ എന്നാൽ ഗരുഡൻ
പുരുഷാർത്ഥം എന്നാൽ ധർമ്മം,അർത്ഥം,കാമം,മോക്ഷം ഇവ നാലിനും കൂടെ പറയുന്ന പേര് അഥവാ ചതുർവർഗ്ഗം(‘ധർമ്മവുമർത്ഥം കാമം
മോക്ഷമതും നാലിതാചതുർവർഗ്ഗം’)
അങ്ങനെ പുരുഷ സംബന്ധിയായ വാക്കുകളുടെ ഒരു നിര തന്നെ മലയാള
ഭാഷയിൽ നിറഞ്ഞു നിൽക്കുന്നു.
മനുഷ്യനുൾപ്പടെ സൗന്ദര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആൺ വർഗ്ഗം പൊതുവെ സമാധാന കാംക്ഷികളും കുടുംബത്തിന്റെ നെടും തൂണായി നിൽക്കുന്നവരും തങ്ങളുടെ ഒപ്പം നിൽക്കുന്ന സ്ത്രീകളെ സംരക്ഷിക്കുന്നവരും (“പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി”ബാല്യത്തില്‍ അച്ഛനും യൗ വനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മകനും അടങ്ങുന്ന പുരുഷന്മാരുടെ സംരക്ഷണയിൽ കഴിയുന്ന സ്ത്രീകള്‍ക്കു സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല അവർ സ്വതന്ത്രരാണ് എന്നാണു മനു സ്മൃതി പറയുന്നത്). ഇങ്ങനെയൊക്കെ ആണെന്നിരിക്കെ ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു വിഭാഗമുണ്ടോ ലോകത്തിൽ.
എന്തുകൊണ്ടോ
വേണ്ട വിധം ആഘോഷിക്കുകയോ അതിന്റെ പ്രാധാന്യം ചർച്ച ചെയ്യപ്പെടുകയോ ചെയ്യാതെ കടന്നു പോയ പുരുഷ ദിനം വരും വര്ഷങ്ങളിലെങ്കിലും അർഹിക്കുന്ന
പ്രാധാന്യത്തോടെ ലോകം ആഘോഷിക്കും എന്ന പ്രതീക്ഷയോടെ
ഏവർക്കും പുരുഷ ദിനാശംസകൾ ….