രചന : സതി സുധാകരൻ പൊന്നുരുന്നി✍
പുണ്യ പുരാതനമായ കല്ലിൽ ഭഗവതി ക്ഷേത്രം ഏകദേശം 5000 വർഷം പഴക്കമുണ്ട്. 28 ഏക്കർ വനത്തിൽ വൻ മരക്കൂട്ടങ്ങളും കുറ്റിക്കാടുകളും, പാറക്കൂട്ടങ്ങളും അധികം ആൾത്താമസവും ഇല്ലാത്ത ശാന്തസുന്ദരമായ സ്ഥലം.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ എൻ്റെ നാടായ “പുല്ലുവഴി എന്ന കൊച്ചുഗ്രാമത്തിൻ്റെ അടുത്തുള്ള മേതല “എന്ന സ്ഥലത്താണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്.കാറ്റേറ്റ് ആടുന്ന വൻമരക്കൂട്ടങ്ങൾ കണ്ടാൽ നമ്മളെ മാടി വിളിക്കുകയാണോ എന്നു തോന്നും. പലതരം തത്തകളുടെ കൊഞ്ചലും, മരക്കൊമ്പിലിരുന്ന് കുയിലിൻ്റെ പാട്ടും, അണ്ണാൻ്റെ ചിലയ്ക്കലും, കുഞ്ഞിക്കിളികളുടെ കലപില കൂട്ടലും ,കണ്ണിനും കാതിനും ഇമ്പമേറുന്ന കാഴ്ചകൾ കണ്ടു നടക്കാം
കല്പടവുകൾ കയറി മുകളിലേയ്ക്കു ചെന്നാൽ കൂറ്റൻ പാറ വായുവിൽ നില്ക്കുന്നതു കാണാം… ഇത്ര വലിയൊരു പാറ നിലം തൊടാതെ എങ്ങനെ നിലക്കുന്നു എന്ന് അത്ഭുതത്തോടെ നോക്കാനെ നമുക്കു കഴിയു. അമ്പലമാണെങ്കിൽ ചെറിയതും! കരിങ്കല്ലുവെട്ടി ഗുഹ പോലെയാക്കി അതിനുള്ളിലാണ് അമ്പലം സ്ഥിതി ചെയ്യുന്നത്.പ്രദക്ഷിണം വയ്ക്കണമെങ്കിൽ പാറയിൽ പിടിച്ചും വലിയ പാറയുടെ അടിയിലൂടെ നടന്നും വേണം വലം വയ്ക്കാൻ.
സ്കൂളിൽ പഠിക്കുമ്പോൾ വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് രണ്ടര മണിക്കൂർ ഇൻ്റെർവെൽ സമയം ഉണ്ട്. വീട്ടുകാരറിയാതെ, കൂട്ടുകാർ കൂടി അമ്പലം കാണാൻ പോവുക പതിവുണ്ടായിരുന്നു. അതിൽ എല്ലാജാതി കുട്ടികളും ഉണ്ടാകും .ഞങ്ങൾ ചെല്ലുമ്പോൾ എതിരേൽക്കാൻ എന്നതു പോലെ കരിയിലക്കൂട്ടങ്ങൾ പാറിപ്പറന്ന് ഞങ്ങളെ കൂട്ടികൊണ്ടു പോകും. കല്പടവിൻ്റെ അടുത്തെത്തുമ്പോൾ അവ ശാന്തരായി കിടക്കും .ഞങ്ങൾ മുകളിലേയ്ക്കു കയറി പോവുകയുo ചെയ്യും. എല്ലാ പാറപ്പുറവും ചുറ്റി നടന്ന് കാണുകയും കയറി ഇരിക്കുകയും ചെയ്യും. കുട്ടികളാകുമ്പോൾ എവിടേയും ഓടിച്ചാടി നടക്കാം! ആ കുന്നിൻ മുകളിൽ ആരോ പാറക്കൂട്ടങ്ങൾ പെറുക്കി അടുക്കി വച്ചതു പോലെ തോന്നും!
പണ്ടൊക്കെ നടന്നു കാണാമെന്നല്ലാതെ നിലം തൊടാതെ നില്ക്കുന്ന പാറയെ തൊടാനൊന്നും പാടില്ലായിരുന്നു. പാറ അശുദ്ധിയാകും എന്നും പറഞ്ഞ് ഞങ്ങൾ മാറി നില്ക്കും. എനിയ്ക്ക് ആ പാറയെ തൊട്ടുതലോടണമെന്നുണ്ടായിരുന്നു പക്ഷെ കൂട്ടുകാർ സമ്മതിക്കാറില്ല.
അമ്പലത്തിനു ചുറ്റും വലിയ പാറകൾ മാത്രം .എവിടെ നിന്നോ പറന്നു വന്ന് രണ്ടു പാറകൾക്കിടയിൽ തങ്ങി നില്ക്കുന്ന വലിയൊരു പാറയുണ്ട്. ഇപ്പോൾ താഴെ വീഴുമോ എന്നു ഭയന്നു പോകും വലംവയ്ക്കണമെങ്കിൽ ആ പാറയുടെ അടിയിൽ കൂടി വേണം പോകാൻ ഇത്രയും പഴക്കമുള്ള അമ്പലം ജൈനമതക്കാർ സ്ഥാപിച്ചതാണ് എന്നു പറയുന്നു.അന്നുള്ളവർ ആരും ഇന്നു ജീവിച്ചിരിപ്പില്ല. ആ ശില്പികളുടെ കഴിവിനെ വാഴ്ത്താതിരിക്കാൻ പറ്റില്ല.
പണ്ടൊക്കെ ആരും അറിയാതിരുന്നൊരമ്പലം ഇന്ന് ചരിത്ര താളുകളിലേയ്ക്ക് ഇടം പിടിച്ചു.
“വൃശ്ചികമാസത്തിലെ കാർത്തിക ” നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം. എൻ്റെ പിറന്നാളിൻ്റെ തലേ ദിവസമായതുകൊണ്ട് ഓർത്തിരിക്കാൻ എളുപ്പവും ഒൻപതാം നൂറ്റാണ്ടിൽ ഒറ്റക്കല്ലിൽ തീർത്ത ഈ അമ്പലം കാണാൻ ഇന്ന് പല രാജ്യങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്’.
ഞാൻ നാട്ടിൻ പുറത്തു നിന്നും പട്ടണത്തിലേയ്ക്ക് ചേക്കേറിയെങ്കിലും എൻ്റെ ശരീരം പട്ടണത്തിലും മനസ്സ് ഗ്രാമത്തിലുമാണ് എനിയ്ക്ക് എൻ്റെ ഗ്രാമത്തെ മറക്കാൻ പറ്റുമോ?
എറണാകുളത്തെ കൂട്ടുകാരൊത്ത് ഒരു ദിവസത്തെ ഉല്ലാസയാത്രയ്ക്ക് കല്ലിൽ അമ്പലം ,ഇരിങ്ങോൾക്കാവ്, കോടനാട്, പാണിയേലി പോര് എന്ന സ്ഥലങ്ങളിൽ പോയി. ആദ്യം പോയത് കല്ലിൻ അമ്പലത്തിലേയ്ക്ക് തന്നെ! പണ്ടത്തെ ഓർമ്മകൾ ഒന്നു പുതുക്കി .വനങ്ങൾ അതുപോലെ തന്നെ! കല്പടവുകൾ പുതുക്കി പണിതിട്ടുണ്ട്.
ഞങ്ങളെ കണ്ടപാടെ വൻ മരക്കൂട്ടങ്ങൾ മാടി വിളിക്കാൻ തുടങ്ങി .കരിയിലക്കൂട്ടങ്ങൾ കാറ്റത്ത് പാറിപ്പറന്ന് സന്തോഷ പ്രകടനം നടത്താനും തുടങ്ങി.ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് എത്ര നാളുകളായി നിന്നെ ഒന്നു കണ്ടിട്ട്, നിനക്കു സുഖമാണോ എന്നു ചോദിക്കും പോലെ തോന്നി. പിന്നീട് കരിയിലക്കൂട്ടങ്ങൾ ഞങ്ങളെ അമ്പലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. നടഅടച്ച സമയം ആയതു കൊണ്ട് അവിടുത്തെ ജോലിക്കാർ മാത്രമെ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ അമ്പലം ചുറ്റിവലം വച്ചു.ഇന്ന് അമ്പലത്തിനു ചുറ്റും മതിൽ കെട്ടിയിട്ടുണ്ട് വായുവിൽ നില്ക്കുന്ന പാറയ്ക്ക് ഒരു താങ്ങു കൊടുത്തിട്ടുണ്ട് എന്നു മാത്രം. മുറ്റമെല്ലാം അടിച്ചു തളിച്ച് വളരെ വൃത്തിയായി ഇട്ടിരിക്കുന്നു.
തണുത്ത അന്തരീക്ഷം.കുട്ടിക്കാലത്തെ ഓർമ്മകൾ അയവിറക്കി കുറെ നേരം അമ്പലംചുറ്റി ഞാൻ നടന്നു. താഴേയ്ക്കു നോക്കിയാൽ മരങ്ങളെല്ലാം അമ്പലത്തിലേയ്ക്കു നോക്കി നിന്ന് കൈ വിശികാണിക്കുകയാണോ എന്നു തോന്നും. ദാഹിച്ചുവലഞ്ഞു ചെന്ന ഞങ്ങൾക്ക് അവിടുത്തെ തീർത്ഥജലം കുടിക്കാൻ തന്നു തണുത്ത് കുളിർമ്മയുള്ള വെള്ളം കുടിച്ചതോടു കൂടി ജീവൻ വച്ചതു പോലെ തോന്നി. എത്ര നിർമ്മലമായ വെള്ളം.കുറെ നാളുകളായി പൈപ്പുവെള്ളം കുടിച്ചു ശീലിച്ച എനിയ്ക്ക് തണുത്ത വെള്ളം കുടിച്ചപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിരനുഭവപ്പെട്ടു.കുട്ടിക്കാലത്തെ ഓർമ്മകൾ എൻ്റെ മസ്സിലൂടെ ഓരോന്നായ് വന്നെത്തി നോക്കി. അവിടുത്തെ പ്രസാദമായ പായസവും കഴിച്ച് വീണ്ടും വരാമെന്ന് അമ്പലത്തിലെ നല്ലവരായ ജോലിക്കാരോട് യാത്രയും ചൊല്ലി അവിടെ നിന്നും ഞങ്ങൾ തിരിച്ചു.
നാട്ടിൻ പുറത്തിൻ്റെ സൗഭാഗ്യങ്ങളൊന്നും പട്ടണത്തിൻ കിട്ടുകയില്ലല്ലോ?
നിഷ്ക്കളങ്കരായ മനുഷ്യർ. വിശാലമായ പറമ്പുകളും, ശുദ്ധവായുവും, നീലജലാശയങ്ങളും ,കാറ്റിലാടി നില്ക്കുന്ന കവുങ്ങിൻ തോട്ടങ്ങളും, നോക്കെത്താദൂരം കിടക്കുന്ന പച്ചപ്പട്ടു വിരിച്ച നെല്പാടങ്ങളും, പാടത്തേയ്ക്കു ചാഞ്ഞു നിന്ന്, ഇളകിയാടുന്ന തെങ്ങോലക്കൈയ്യിലെ ആറ്റക്കിളിക്കൂടും പട്ടണത്തിലുള്ളവരുടെ സ്വപ്നങ്ങൾ മാത്രമാണ്.