രചന : ശ്രീകുമാർ എം പി✍
പകലവൻ തേർതെളിച്ചകന്നുപോയ്
പകൽക്കിനാക്കളെങ്ങൊ മറഞ്ഞു പോയ്
പാല പൂത്ത പരിമളം വീശുന്നു
പനീർമതി തെളിഞ്ഞു വരവായി
നേരമിനി വരുന്നവയൊക്കെയും
നീന്തിയെത്തുന്ന ഹംസങ്ങൾ പോലവെ !
നാട്യമില്ലാത്ത സ്വപ്നം വിളയുന്ന
നവ്യമോഹനവർണ്ണമലരുകൾ
നീളെ നീളെ നിരന്നു വിടരട്ടെ
നേരെ നേരെ വിളങ്ങി വിലസട്ടെ
നേർവഴി തന്നെയെന്നാലു മിത്തിരി
കാവ്യസുന്ദര വർണ്ണമുഹൂർത്തങ്ങൾ
ശിഷ്ടജീവിത കാലത്തിലങ്ങനെ
പാനം ചെയ്തു പോകാം സരസമായ്
ഇല്ല സമ്മർദ്ദമീ വഴി പോകവെ
ഇല്ല വേപഥുവിയർപ്പും കിതപ്പും
ഉള്ളതൊ പിന്നെ ശാന്തപ്രസന്നമാം
അന്തരംഗത്തിലെ യാത്മനിർവൃതി !
എത്തിടാമതൊരു പക്ഷെ സുകൃതത്താൽ
നിനച്ചിടാതെയുത്തുംഗമായിടും
ആത്മതത്ത്വത്തിന്നഭൂത സുന്ദര
ശുദ്ധചൈതന്യത്തിൽ ചെന്നു ലയിച്ചിടാം
മെല്ലെവെ നീന്തി പോകുന്ന മാനസം
അന്തമില്ലാത്ത നിത്യത തന്നിലേ –
യ്ക്കങ്ങനെയീ വിധത്തിൽ ചലിയ്ക്കവെ
യിങ്ങനെയോരൊ യീരടി പാടുന്നു.