രചന : പാപ്പച്ചൻ കടമക്കുടി ✍

കളയമുനേ നീ കളിമൊഴി പാടിക്കളിയാണോ ,
പുളകമിതെന്തേ കനവിലൊരാളെക്കണി കണ്ടോ,
വളകളിതെല്ലാം കലപിലതല്ലിച്ചിരിയല്ലേ
ഒളിമിഴിനീട്ടിത്തിരയുവതാരേ, പറയില്ലേ ?

നവനറുവെണ്ണച്ചിരിയുതിരും തേനധരങ്ങൾ,
കവിതകളെല്ലാം ചിറകുവിരിക്കും നയനങ്ങൾ,
അവികലമേതോ പ്രണയമാെളിക്കും പുരികങ്ങൾ,
അവനിവിടെങ്ങോ മുരളിയുമായിട്ടണയുന്നു …!

മലരുണരുന്നൂ,കിളികരയുന്നൂ,ചെറുകാറ്റി-
ന്നലയലയുന്നൂ ,മരമുലയുന്നൂ പുതുമേളം,
അവനണയുമ്പോൾ വനമുണരുന്നു പ്രണയാർദ്രം,
അവനതിമോദം പകരുമെനിക്കും മണിവർണ്ണൻ :!

ചലദളകങ്ങൾ മിഴിമറയുമ്പോൾ ചിലനേരം
തലമുടിവെട്ടിച്ചവനാെരിളക്കം നറുപീലി –
ക്കുലയുമുലച്ചിട്ടൊരു മൃദുരാഗച്ചെറുനാദം
അലകളടിച്ചങ്ങുയരുകയാവും, മുളപാടും.

വനസുമഹാരം മുകിലാെളിമാറിൽക്കതിരാടും,
ഇനനുണരുംപോൽ പുടവതിളങ്ങും പരിപീതം,
അണിയരയാടിത്തിളതിള തുള്ളുന്നരഞാണം
കുനുപദതാളം തളയുടെമേളം വരവായി.

അവനു കഴിക്കാനൊരു പിടിമണ്ണീയുലകങ്ങൾ,
അവനു പിടിക്കാനൊരു കുടമാത്രം മലപോലും
അവനു കളിക്കാൻ തലകുനിയുന്നൂ ഫണിരാജൻ
അവനു കുളിക്കാൻ തെളിനറുനീറാണിനി ഞാനും .

മനമിഴിപൂട്ടാം ഹൃദയമൊരുക്കാം വരവേല്ക്കാം,
നിനവുകളെല്ലാമവനിലൊതുക്കാം പ്രിയമോടെൻ
കരമവനോടിന്നലിവാെടുചേരും, തിരുമാറിൽ
നിറപുളകത്തിൻ ചെറുതിര പോൽഞാൻ സുഖമാളും !!

പാപ്പച്ചൻ കടമക്കുടി

By ivayana