വെറുമൊരു വഴിപോക്കൻ മാത്രം
ആയതിൽ പിന്നെയാണ്
സഞ്ചാരങ്ങൾക്കൊക്കെയും
ആർഭാടങ്ങൾ ഇല്ലാതിരുന്നത്
അത്ര ത്തന്നേയും
നടത്തങ്ങൾക്ക് ആഡംബരവും
വിജനതയ്ക്കു വന്യതയുടെ
അധികവളർച്ചയും
ഇല്ലാതിരുന്നത്.
അത് കൊണ്ടാവാം
കവിത പോലും
ഇത്രയേറെ ലളിതമാകുന്നത്..
ഞാൻ എന്റെ എന്നീ വാക്കുകൾ
വില്പനയ്ക്ക് വെച്ചിടത്തു
നിന്ന്
എങ്ങോട്ടേക്കെന്നില്ലാതെ
തേയ്ഞ്ഞു മായ്ഞ്ഞു
അപ്രത്യക്ഷമാവുന്നത്..
ഒരിടവഴിത്തിരിവിലും
കൂർത്ത മുനയിലിറ്റി കിടക്കാൻ
കാൽപ്പാടുകളൊന്നും
പതിയാതിരുന്നത്..
ഒരു മുറിവിലേക്കും
ചുവന്നു പൂക്കാൻ
മുരിക്കിൻ പൂവുകൾ
കൂട്ടാക്കാതിരുന്നത്..
വേലിയ്ക്കൽ വിഷുവെന്ന്
തിടുക്കം കൂട്ടാൻ
കണിക്കൊന്നകൾ
മടിച്ചു നിൽക്കുന്നത്..
മുക്കുറ്റി വെയിലിൽ
ഓണക്കല്ലു പതിക്കാൻ
തുമ്പിചില്ലുകൾ
പറക്കാതിരുന്നത്.
ഡിസംബറിൽ
ഉയിർത്തെഴുനേല്ക്കാനോ
ജനുവരിയിൽ
പുതു പിറവിയെടുക്കാനോ
നക്ഷത്രങ്ങൾ മറന്നു പോയത്.
വെറുമൊരു വഴിപോക്കൻ
എല്ലാ സാധ്യതകളും
ലളിതമാക്കുന്ന
ഒരുമനുഷ്യനാണ്.
. അത്രയേറെ നിസ്സഹായമായ
ഒരവസ്ഥയാണ്.
ഭ്രമണത്തിന്റെ സാധുത പോലും
ഒറ്റയടിക്ക് നിഷേധിക്കുന്ന
പകൽ പോലെ തെളിവുള്ള
ഒരു പച്ച പരമാർത്ഥം..
മരണം പോലും ഇപ്പോൾ
എത്ര അനായാസം.
Gouri
ഈ വായനയുടെ ഹ്യദയം നിറഞ്ഞ ജന്മദിനാശംസകൾ.