രചന : ഹാരിസ് ഖാൻ ✍

ഞാനൊരു ജ്യോതിഷ വിശ്വാസിയാണ്..
ഞാൻ വിശ്വാസിയാവുന്നത് എൻെറ ഗൾഫ്കാലത്താണ്. അതിന് നിമിത്തമായത് എൻെറ ഒരു ആലപ്പുഴക്കാരൻ സുഹൃത്തും.
ജോത്സ്യം, ചിട്ടി, പലിശ, എന്നിവ ആലപ്പുഴക്കാരുടെ ദൈന്യന്തിന ജീവിതവുമായി ചേർന്ന് നിൽക്കുന്നതാണ് എന്ന് തോന്നിയിട്ടുണ്ട്. സുഹൃത്തിനെ കാണാനായി റൂമിൽ വരുന്ന മറ്റ് ആലപ്പുഴ സുഹൃത്തുക്കളായ സോമൻ പിള്ള, രാജശേഖരൻ പിള്ള, സുധാകര കുറുപ്പ്, സ്നേഹപ്പൻ എന്നിവർ എനിക്കൊരത്ഭുതമായി രുന്നു. ഇത്ര ചെറുപ്പക്കാരായവരെ പിള്ളയും കുറുപ്പും ചേർത്ത് വിളിക്കുന്നത് ഞാനാദ്യമായിട്ടാ യിരുന്നു കാണുന്നത്. അതിനാൽ തന്നെ സുന്ദരനും ചെറുപ്പാക്കാരനുമായ ദുൽഖർ സൽമാനെ കുറുപ്പ് സിനിമയിൽ സുകുമാര കുറുപ്പ് എന്ന് അഭിസംബോധന ചെയ്തപ്പോൾ അസ്വഭാവികമായൊന്നും തോന്നിയില്ല.


സൗമ്യരും സ്നേഹവുമുള്ള മനുഷ്യർ. സംസാരം മൊത്തം ജ്യോതിഷം, ചിട്ടി, പലിശ സംബന്ധമായ കാര്യങ്ങൾ,പിന്നീട് സുഹൃത്തിനെ കാണാൻ ആലപ്പുഴ പോയപ്പോൾ റോഡിലെല്ലാം നിറയെ ചിട്ടികമ്പനികളുടെ,ജ്യോത്സ്യൻമാരുടെ ബോർഡ് തൂങ്ങുന്ന കടകൾ. അതിനാൽ തന്നെ നമ്മുടെ സുധാകര കവി ജ്യോതിഷത്തെ അനുകൂലിച്ച് വേദിയിൽ സംസാരിച്ചപ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. പാരമ്പര്യമായി ചില വിശ്വാസങ്ങളും ധാരണകളും എത്ര കുടഞ്ഞാലും നമ്മുടെ കൂടെ പോരും..
പറഞ്ഞ് വന്നത് ആ ആലപ്പുഴക്കാരൻ സുഹൃത്താണ് എൻെറ നക്ഷത്രം കണ്ടെത്തി തന്നത്. അവിട്ടം നക്ഷത്രം, അത് വരെ ആകാശത്ത് നോക്കിയിട്ട് എനിക്കത് ദൃഷ്ടി ഗോചരമായിരുന്നില്ല.


അവിട്ടം തവിട്ടിലും തേടും എന്നൊരു ചൊല്ലുണ്ട്, ഞാനാണേൽ തവിട്ടിലും, അകിട്ടിലും തേടുന്നവനായത് കൊണ്ട് അത് വിശ്വസിച്ചു..
ഈ മാസത്തിലെ എൻെറ വാരഫലം നോക്കുകയായിരുന്നു..
“വരവിലും അധിക ചിലവുണ്ടാവും”
(അംബാനിയുടെ വരെ അവസ്ഥ അതാണ്, അപ്പോഴാണ് ഞാൻ..)
“പുണ്യസ്ഥലങ്ങൾ സന്ദർശിക്കും”
(അതെവിടെയാണാവോ..ഇന്നലെ ബിവറേജൊന്ന് സന്ദർശിച്ചിരുന്നു, അതോ മറ്റോ ആവോ ..?)
“പല വഴികളിലൂടെ പണം വന്ന് ചേരും “
(വീട്ടിനുള്ളിൽ ചട്ടിയിൽ നട്ട ഇല വിളവായില്ലല്ലോ, പിന്നെ ഇതിപ്പം എവിടന്ന് ..? )
“അപവാദങ്ങൾ കേൾക്കാൻ സാധ്യതയുണ്ട്.”


“പേരും പെരുമയും വർദ്ധിക്കും.. “
(ങേ…രണ്ടും തമ്മിലങ്ങട് യോജിക്കിണില്ലല്ലോ ..?ഓാ…അപവാദം വഴി പേരും പെരുമയും വർദ്ധിക്കും എന്നാവും..?
“ആധുനിക ഗൃഹോപരകണങ്ങൾ സ്വന്തമാക്കും “
(സത്യം, മിനിഞ്ഞാന്ന് ഒരു ചിരവ വാങ്ങിയിരുന്നു)
അതാ പറഞ്ഞത് ഇതിലൊക്കെ ശാസ്ത്രമുണ്ട്.
ഇതിൻെറയൊക്കെ പേരിൽ തന്നെ ശാസ്ത്രമുണ്ട് ജ്യോതിഷശാസ്ത്രം, ഗൗളിശാസ്ത്രം. ശാസ്ത്രത്തെ അവിശ്വസിക്കരുതെന്ന് അഞ്ചിൽ പഠിക്കുമ്പോൾ ഊർജ്ജതന്ത്രം പഠിപ്പിച്ച പീതാംബരൻ മാഷ് പറഞ്ഞിട്ടുണ്ട്.
നിങ്ങള് വേണേൽ വിശ്വസിച്ചാ മതി…

(ചിത്രം കടപ്പാട്)

By ivayana