രചന : വാസുദേവൻ. കെ. വി✍

“..പറയുന്നു ശര്‍മ്മിഷ്ഠ
രാവ്… സുഗന്ധപുഷ്പാവലി… നിലാവൊഴുക്ക്…
ഏകാന്തത…
നീ കൈക്കൊള്ളുകെന്നെ.
ഈ പൂ മണക്കുക,
ഈ തളിര്‍ നുള്ളുക,
ഈ മുത്ത് പിളര്‍ക്കുക. …
ശൂന്യമാമുള്ളില്‍ ഇരുള്‍ മാത്രം മുനിയും മനസ്സില്‍ ഏഴാഴികള്‍ കടന്നു ലോഹപ്പൂട്ടുകള്‍ പിളര്‍ന്നേതു കാമം സൂര്യനേപ്പോലെ …”
കാൽ നൂറ്റാണ്ട് മുമ്പ് പുറത്തിറക്കിയ കവയിത്രി വി.എം. ഗിരിജയുടെ ആദ്യസമാഹാരമായ ‘പ്രണയം – ഒരാല്‍ബ’ത്തിലെ “ശാപം, ശൂന്യത, കാമം “എന്ന കവിതയിലെ
വരികൾ. മഹാഭാരതത്തിലെ
ശര്‍മ്മിഷ്ഠയുടെ കാമനകൾ.
നാളേറെ ആയിട്ടും ആർത്തവ വർണ്ണനകൾപ്പുറം തന്റെ ഉടൽകാമനകൾ കുറിച്ചിടാൻ മടിക്കുന്ന മുഖപുസ്തകകവയിത്രികൾ. അപൂർവ്വത്തിൽ അപൂർവ്വമായി പ്രണയത്തിനും, കൈകോർക്കലിനും ചുംബനച്ചൂടിനുമപ്പുറം ചിലതൊക്കെ കുറിച്ചിടാൻ തുനിയുന്നവർക്ക് കമന്റിലും ഇൻബോക്സിലും നേരിടേണ്ടിവരുന്ന ചോദ്യങ്ങൾ അവരെയും പിന്തിരിപ്പിക്കുന്നു.
പെണ്ണിന് തുറന്നു ചോദിച്ചു വാങ്ങാനുള്ള സ്ത്രീപുരുഷ തുല്യത യാഥാർഥ്യമാവുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ മാത്രമാണെന്ന് മൈക്കിന്‌ മുന്നിൽ വിളമ്പിയത് ഡോ. എം ലീലാവതി ടീച്ചർ. ദൗർഭാഗ്യവശാൽ സോഷ്യലിസ്റ്റ് വ്യവസ്ഥിതി പുലരാതെ പോയ രണ്ടു രാജ്യങ്ങൾ മെക്സിക്കോയും, സ്പെയിനും.
പെണ്ണിന്റെ നിമ്ന്നോന്നതങ്ങളിൽ ആണിനു കമ്പം. അവന്റെ ഗന്ധം ആവോളം നുകരാൻ പെണ്ണിനും. അതിൽ ഇത്തിരി അധ്വാനത്തിന്റെ വിയർപ്പുപ്പുകൂടി ഉണ്ടെങ്കിൽ ബഹുരസം .
സ്വാതന്ത്ര്യത്തിന്റെ വക്താക്കളാവുന്നു പെണ്ണിടങ്ങൾ. കപ്പുമായി എത്തിയാൽ മെക്സിക്കൻ ഹാൻഡ്‌സം ഗോൾ കീപ്പർ ഓചോവയ്ക്ക് കിടന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത് ലോകോത്തര മോഡൽസുന്ദരി വാന്റാ എസ്പിനോസ!!.സാക്ഷാൽ മെസ്സിയും എൻസോ ഫെർണാൻഡസ്സും ഗോൾവല കുലുക്കി തകർത്തത് ആ വിശ്വവിഖ്യതമായേക്കാവുന്ന ചേർന്നു കിടക്കൽ!!
സ്പാനിഷ് കൗമാരതാരത്തിന്റെ കുപ്പായം അച്ഛൻ,രാജാവിനെ കൊണ്ട് ഊരി വാങ്ങിച്ചത് ലിയോനർ രാജകുമാരിയും.
കണ്ടാലുടൻ കൺസെന്റ് ചോദിക്കുന്ന പുരുഷകേന്ദ്രീകൃത വിനായകനാളുകളിൽ
തുറന്നു പറയാനാവട്ടെ നമ്മുടെ പെണ്ണുങ്ങൾക്കും കാമനകൾ …
തുറന്നെഴുതാനും.

By ivayana