രചന : മോഹൻദാസ് എവർഷൈൻ ✍
ആരെന്നെയീ തടവറയിൽ
തിരയുന്നു?
നീ താഴിട്ട്പൂട്ടുവാൻ
ഞാനാരുടെയടിമ?
വിശക്കുന്നവനന്നം
കൊടുക്കാതെയെന്നെ
ഊട്ടുവാനെന്തേ
മത്സരിച്ചീടുന്നു ചൊല്ലുക?
ഈ മണ്ണിൽ ഞാൻ
വിതയ്ക്കാത്തതെന്ത്?
കൊയ്യുവാനറിയാത്ത
നീ പിന്നെയും, പിന്നെയുമെന്റെ
വാതിലിൽ മുട്ടുന്നു.
ആയിരമായിരം
പരിദേവനങ്ങളുമായെന്റെ
പടിവാതിലിൽ അർത്ഥിച്ചു
നില്കുന്നവർ,
കർമ്മങ്ങൾ മറന്നിങ്ങർത്ഥം
തിരയുന്നവർ.
ദൈവത്തിൻ സ്വന്തം
നാടെന്ന് ചൊല്ലിയെന്നെ
തെരുവിലൂടെ വലിച്ചിഴയ്ക്കുന്നവർ.
അന്യന്റെ മിഴിനീർ തുടയ്ക്കുവാനറിയാത്തവർ,
നിങ്ങളെ എനിക്കിന്ന് വെറുപ്പാണ്!.
ദൈവമേ നീയീവിധം
ചിന്തിക്കുകിലെൻ
കൗതുകത്താലൊരു
ചോദ്യമുയരുന്നു.
തനുവാകെ നിണമിറ്റ്
പിടയുന്നന്നേരം,
ഉയിർ വിട്ട് പോകുന്നതിൻ
മുൻപുള്ളുരുകി
വിലപിച്ചനേരം ദൈവമേ നീ എവിടെയായിരുന്നു?
നിനക്കായ് മന്ദിരം പണിയുവാൻ മത്സരിച്ചീടുമീ –
മർത്ത്യന്റെ രുധിരം നുകരുവാൻ
നിനക്കിഷ്ടമെന്നാരോ
പുലമ്പുന്ന നേരത്ത്,
മൂഡർ തൻ ജല്പനമെന്നന്തേ
ചൊല്ലിയില്ല?.
വിശ്വാസങ്ങളന്ധവിശ്വാസത്തിലമരവെ
മൗന വാല്മീകത്തിലൊളിച്ചതെന്തേ?.
നീ ഉണ്ടെന്നോ, ഇല്ലെന്നോ
എന്താണ് ഞാൻ ചൊല്ലേണ്ടത്?
ഇല്ലെന്ന് ചൊല്ലുവാനേറെയിഷ്ടമെങ്കിലും,
അമ്മതൻ ഉള്ളം നിറയെ
നീയല്ലോ നിന്നെ
തള്ളിപ്പറഞ്ഞിട്ടായുള്ളം പൊള്ളിക്കുവാനാകാതെയീ ഞാനും.
കഞ്ഞിക്ക് വകയില്ലയെങ്കിലും,
നിനക്കായ് കാണിക്കവെയ്ക്കുമീ
ജന്മങ്ങൾ തൻ ദുരിതങ്ങൾ കാണാതെ,
ഒരു വാക്കും മിണ്ടാതെ,മിഴിപൂട്ടി നീ എങ്ങുപോയി?
കണ്ണില്ല, കാതില്ല, കരളില്ലയെങ്കിൽ കരുണയും തേടി നാമെങ്ങുപോകും?.