രചന : ശിവൻ മണ്ണയം ✍
ക്ലാസിൽ കേറാതെ കോളേജ് ക്യാൻറീനിലിരുന്ന് ചായയും വടയും കഴിക്കുകയായിരുന്നു ദീപ ടീച്ചറും സുഹൃത്ത് ലതയും.പുതിയ ഒരു കവിത എഴുതിയ ഉന്മാദത്തിൽ വിജൃംഭിച്ച് നില്ക്കയാണ് ദീപ ടീച്ചർ.ആ രോമാഞ്ചം ദേഹമാകെ കാണാനുണ്ട്.
ദീപ ടീച്ചർ അടുത്തിരുന്ന സൗഹൃദ യുടെ ശ്രദ്ധയാകർഷിക്കാൻ ചെറിയൊരു മുദ്രാവാക്യത്തെ ഓർമ്മിപ്പിക്കും പോലൊരു സാധനം, ഉച്ചത്തിൽ വായിൽ നിന്നും വിഷേപിച്ചു: ടീ ബൂർഷ്വാ അടിമത്തി ലതേ .. ഇങ്ങ് ട് നോക്ക്യേ..
ലതയുടെ വായിലിരുന്ന വട ഞെട്ടലേറ്റ് താഴെ വീണു.
ഭയചകിതയായ ലത ചോദിച്ചു (ഇവറ്റകളെ പേടിക്കണം.കുടുംബം കുട്ടിച്ചോറാക്കും)
………ഉം.. എന്താ?
ദീപ: എന്താ ഇത്ര വലിയ ഗൗരവം? എടീ പോസുകാരീ, പുസ്തകത്തിൽ നിന്ന് മുഖമുയർത്ത്..
ലത :ശല്യപ്പെടുത്താതെ .. ഞാനൊരു കാര്യം ചെയ്തു കൊണ്ടിരിക്കുന്നത് കണ്ടില്ലേ..
ദീപ സ്വതസിദ്ധമായ പുച്ഛം വാരി വിതറി: നീ ഏത് നോവലാടി വായിക്കുന്നത്? വല്ല പൈങ്കിളിയുമായിരിക്കും!
ലതക്ക് ശുണ്ഠി വന്നു :ഇത് നോവലൊന്നുമല്ല, ഇന്ന് ക്ലാസെടുക്കാനൊന്ന് തയ്യാറെടുക്കുന്നതാണ് …
ദീപ ഉപദേശിച്ചു: ഇതൊക്കെ വീട്ടിൽ വച്ച് ചെയ്യാനുള്ളതാണ്. ക്യാൻറീനെന്ന് പറയുന്നത് പരദൂഷണം പറയാനുള്ള ഒരിടമാണെന്ന് നിനക്കറിഞ്ഞൂടേ ?ആസ്ഥാന പരദൂഷണ വിദ്വാൻമാരും വിദുഷികളും കാണണ്ട, കണ്ടാൽ അവർ നിന്നെ വെട്ടിയരിഞ്ഞ് പുളിങ്കറി വയ്ക്കും!
ലത :ഹൊ! വീട്ടിൽ വച്ച് പ്രിപ്പയർ ചെയ്ത് വരുന്ന ഒരു ടീച്ചർ ഇരിക്കുന്നത് കണ്ടില്ലേ… എന്നെക്കൊണ്ട് പറയിക്കണ്ട… എനിക്കെല്ലാം അറിയാം.
ദീപ ഒന്ന് ചമ്മി. ചമ്മലിൽ നിന്ന് ഉയർന്നു വരാൻ ആരെങ്കിലും ദീപ യെ പഠിപ്പിക്കണോ? തലയിലുള്ളത് ഹെയർ, ചമ്മൽ ദീപക്ക് വെറും മയിർ! ദീപ പെട്ടെന്ന് ഓവർ കംമ്ഡ്!
ദീപ വിശദീകരിച്ചു: ഒരു സ്റ്റുഡന്റ് ഒരു വാക്കിന്റെ അർത്ഥം ചോദിച്ചപ്പോൾ ,ഞാൻ ദേഹം തളർന്നുവീണു എന്ന കാര്യമായിരിക്കും നീ പറയാൻ പോകുന്നത്. എന്റെ ലതേ നീയെങ്കിലും അത് വിശ്വസിക്കരുത്. എല്ലാവരും പറഞ്ഞോട്ടെ, പക്ഷേ എന്റെ ലത അത് പറഞ്ഞാൽ പിന്നെ ഈ ദീപ ഇല്ല, ദീപ ആറടി നീളത്തിൽ ഒരു കുഴിയുണ്ടാക്കി അതിലേക്ക് ഇറങ്ങിപ്പോകും, സീതയെപ്പോലെ… അതൊക്കെ കിംവദന്തികളാടീ…
വാചകമടിച്ച് വീഴ്ത്താൻ ദീപയോളം മിടുക്കി വേറാരുമില്ലല്ലോ. അടിവേര് മൊത്തം ദ്രവിച്ചാലും നിറയെ പൂക്കുന്ന മരമാണ് ദീപ!
ലത :ശരി, ഞാനാ കിംവദന്തി വിശ്വസിക്കുന്നില്ല.
ദീപ സന്തോഷവതിയായി: വെരി വെരി ഗുഡ്. ഞാൻ ക്ലാസിൽ ദേഹം തളർന്നുവീണത് സത്യമാ ലതേ .. അത് പ്രാതൽ കഴിക്കാത്തതു കൊണ്ടുള്ള ഒരു തളർച്ചയായിരുന്നു. അതിനെ എന്തൊക്കെ ആക്കി മാറ്റി ഇവിടത്തെ പരദൂഷണക്കാര്… പരദൂഷണമെന്ന അനാചാരത്തെ സുപ്രീം കോടതി എത്രേം പെട്ടെന്ന് നിരോധിക്കണം ..
ലത :നീ പറഞ്ഞത് കറക്ടാണ്. എല്ലാ പരദൂഷണക്കാരേം തൂക്കി കൊല്ലണം.
ദീപ അതു കേട്ട് ഞെട്ടി: അയ്യയ്യോ അത്രേം വേണ്ട, വധശിക്ഷക്ക് ഞാനെതിരാണ്.
ലത :പിന്നെ..?
ദീപ: നാക്ക് മുറിച്ചു വിട്ടാൽ മതി. അവറ്റകൾ നന്നായിക്കൊള്ളും.
ലത :അങ്ങനെയെങ്കിൽ അങ്ങനെ, നിന്റെ ഇഷ്ടം എന്റേം ഇഷ്ടം..
ദീപ സന്തോഷവതിയായി അരുളി: ലതേ…. നീയെന്റെ കൈകളിലേക്ക് ഒന്ന് നോക്കൂ…
ലത :ഹായ് നല്ല വളകൾ! എവ്ട്ന്ന് വാങ്ങിയതാ?
ദീപ: നീ യഥാർത്ഥ പെണ്ണ് തന്നെ. പെണ്ണിന്റെ കണ്ണ് ആദ്യം സ്വർണ്ണത്തിലേ വീഴൂ. എടീ, എന്റെ കൈയിൽ രണ്ട് കഷണം പേപ്പർ ഇരിക്കുന്നത് നീ കാണുന്നില്ലേ?
ലത ആ പേപ്പർ കണ്ട് ഞെട്ടി. അവൾ നിലവിളിച്ചു :ദൈവമേ! എന്റെ പുതിയ ഡയറീന്ന്… സത്യം പറ എത്ര പേപ്പർ നീ കീറി?
ദീപ: രണ്ട്, അത്രേ ഉള്ളൂ. സത്യം .
ലത : നീ ഇപ്പോ പേപ്പർ മോഷണവും തുടങ്ങിയോ? നോക്കട്ടെ, ഫെബ്രുവരി 14 15 16 17… ഈ നാലു ദിവസം എന്റെ കുറിപ്പുകൾ എവിടെ എഴുതും? ഞാൻ സ്ഥിരം ഡയറിക്കുറിപ്പുകൾ എഴുതുന്നയാളാണെന്ന് നിനക്കറിഞ്ഞൂടേ…
ദീപയുടെ മുഖത്ത് പുച്ഛം.എഴുത്തുകാരിയല്ലാത്തവൾ എഴുതുന്നു.. ഡയറീല്.. എന്തിന്?! ദീപയുടെ വായിൽ നിന്ന് വാചകങ്ങൾ വീണു : നിനക്ക് ഈ വർഷം ഫെബ്രുവരി പതിനാലും പതിനഞ്ചുമൊന്നുമില്ല.നാല് ദിവസം ഞാനിങ്ങെടുത്തു. ഡയറിക്കുറിപ്പെഴുതുന്ന വല്യ സിബിഐ ക്കാരി വന്നിരിക്കുന്നു! “രാവിലെ 5 മണിക്ക് എഴുന്നേറ്റു. കുളിച്ചു. ടോമിക്കും മകൾക്കും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിക്കൊടുത്തു.8 മണിക്ക് കോളേജിൽ പോയി. ചാരുവിനെ കണ്ടു. വൈകിട്ട് 4 മണിക്ക് തിരിച്ചു വന്നു. രാത്രി 9 ന് തന്നെ കിടന്നുറങ്ങി. “ഇതല്ലേ എല്ലാ പേജിലും നീ കോപ്പിയടിച്ചതു പോലെ എഴുതി വയ്ക്കുന്നത്.ഈ4 പേജിൽ നീയത് എഴുതണ്ട. തീർന്നില്ലേ…
ലത വിഷമത്തോടെ ചോദിച്ചു :എല്ലാവർക്കും നിന്നെപ്പോലെ വല്യ എഴുത്തുകാരിയാകാൻ പറ്റുമോ?
ദീപക്ക് അത് കേട്ട് സന്തോഷമായി: നീ ഈ പറഞ്ഞത് ന്യായം. കീറിയെടുത്ത നിന്റെ ഡയറിത്താളുകളിൽ ഞാനെഴുതിയതെന്താ…?
ലത :എന്താ?
ദീപ: കവിത… സ്റ്റാഫ് റൂമിൽ വച്ച് ഇപ്പോൾ എഴുതിയതാ. ഞാനൊരു നിമിഷ കവയത്രിയാ .. ദൈവം തന്ന വരദാനം.. കവിത ചൊല്ലട്ടേ…
ലത കുരിശ് കണ്ട പിശാചിനെപ്പോലെ രണ്ട് ചാട്ടം പിറകോട്ട് ചാടി:അയ്യോ, വേണ്ട വേണ്ട. കവിത കേട്ടാൽ അപ്പോൾ എനിക്ക് തലവേദന വരും. പണ്ടേ ഉള്ള അസുഖമാണ് … ഞാൻ പെട്ടെന്ന് ക്ലാസിലേക്ക് ചെല്ലട്ടേ…
ദീപ: ലതേ നില്ല്… രണ്ട് വരി കേട്ടിട്ടു പോ…
ലത :സമയമില്ലാ…
ദീപ: വന്ന് വന്ന് കവിതയും കഥയുമൊന്നും ഇപ്പോ ആർക്കും വേണ്ട! ഇങ്ങനെയാണെങ്കിൽ ഒട്ടും താമസിയാതെ തന്നെ ലോകാവസാനം ഉണ്ടാകും. ഹും! ഞാനും ക്ലാസിലേക്ക് പോയേക്കാം…
ലത : ദീപേ… ഞാൻ നിന്നെ എവിടെയെല്ലാം തിരക്കി… നീയെന്താ ലൈബ്രറിയിൽ…
ദീപ അനിഷ്ടത്തോടെ: കുറച്ച് മീൻ വാങ്ങണം, അതിന് വന്നതാ!
ലത :എന്താടീ ഒരു ദേഷ്യം !
ദീപ: പിന്നെ ദേഷ്യപ്പെടാതെ ! ഞാനൊരു കവിതയെഴുതിയിട്ട് എത്ര സന്തോഷത്തോടെയാ നിന്റെ നേരെ നീട്ടിയത്. നീയത് വായിച്ചോ? ചൊല്ലിത്തരാമെന്ന് പറഞ്ഞിട്ട് നീ കേട്ടോ.ചങ്ക് കലങ്ങിപ്പോയി ലതേ .ഒരു കവിയുടെ പ്രസവവേദന ,മരണവേദന, യൂണിവേഴ്സിറ്റികൾ വർഷാവർഷം അടവിരിയിച്ച് പുറത്തിറക്കുന്ന നിന്നെപ്പോലുള്ള സ്നോബുകൾക്ക് ,അത റിയണമെങ്കിൽ, സെൻസ് വേണം സെൻസിബിലിറ്റി വേണം സെൻസിറ്റീവിറ്റി വേണം…
ലത :ഇതൊന്നും എനിക്കില്ല .സമ്മതിച്ചു. ഞാൻ കവിതയും കഥയുമൊന്നും വായിക്കാറില്ലെന്ന് നിനക്കറിയാമല്ലോ. നീ ആ കവിതയിങ്ങെടുക്ക് ഞാൻ വായിച്ചേക്കാം…
ദീപ: ഇനി നീ വായിക്കേണ്ട. എന്നിലെ കവിയുടെ ഈഗോയെ നീ തൊട്ടു നോവിച്ചു. നിനക്ക് മാപ്പില്ലാ…
ലത : പിണങ്ങിയോ..?
ദീപ: ഉം..
ദീപ പെട്ടെന്ന് പിണങ്ങും.
ലത സോപ്പിട്ടു :ദീപക്ക് ലതയോട് പിണങ്ങാൻ പറ്റുമോ?
ദീപ: ദീപക്ക് ലതയോട് പിണക്കമില്ല. പക്ഷേ…
ലത :പക്ഷേ..
ദീപ: ദീപയിലെ കവിക്ക് ലതയോട് മുട്ടൻ പിണക്കമാണ്.!
ലത :ഇനി ദീപ എഴുതുന്ന എല്ലാ കവിതകളും ഞാൻ വായിച്ചോളാം, പോരേ…
ദീപ (ഗൗരവത്തിൽ തന്നെ ): കവിക്ക് വേണ്ടത് അടിമകളെയല്ല, ആസ്വാദകരെയാണ്. ഭാഗ്യത്തിന് എനിക്കങ്ങനെ ചിലർ ഉണ്ട്.
ലത :അതാര്?
അഭിമാനത്തോടെ ദീപ പറഞ്ഞു: Fb യിലെ ആരാധകായിരങ്ങൾ സ്! പിന്നെ സാബു മാഷ്…
ലത :കൊമേഴ്സ് ഡിപ്പാർട്ടുമെന്റിലെ …?
ദീപ: ഉം..
ലത :പഞ്ചാരസാബു .. .!
ദീപ: കവിതാ ആസ്വാദകരെ ഇങ്ങനെ ആക്ഷേപിക്കരുത് ലതേ …
ലത :അങ്ങനെയാ എല്ലാവരും സാബു മാഷിനെ വിളിക്കുന്നത്. പുളളി വല്യ പഞ്ചാരയാ.കൂടെ പ്രമേഹവും ഉണ്ട്. പഞ്ചാരയടി കാരണമാണ് അതിയാന് പ്രമേഹം വന്നതെന്നാ ഇവിടെയുള്ള കുശുകുശുപ്പ് …
ദീപക്ക് ദേഷ്യം വന്നു: വെറും പരദൂഷണം ..!
ലത :അയാള് ,നീ പുതിയ കവിതയെഴുതിയ കാര്യം എങ്ങനെ അറിഞ്ഞു ..?
ദീപ: ഞാൻ ,എഴുതിയ കവിതയും കൊണ്ട് വായനക്കാരെ തേടി നടക്കുകയായിരുന്നു. അപ്പോഴാണ് സാബു മാഷ് മുന്നിൽ വന്ന് ചാടിയത്. ഞാനുടനെ കവിത സാബുവിന്റെ നേരെ നീട്ടി, ഒന്ന് വായിച്ചു നോക്കൂ എന്നഭ്യർത്ഥിച്ചു. അയാൾ പൊന്നംപോലെ അതങ്ങ് വാങ്ങിച്ചു. മറുപടി ഉടനെ തരാം എന്നും പറഞ്ഞ് എങ്ങോട്ടോ ഓടിപ്പോയി…
ലത :മറുപടി തരാമെന്നോ?എന്ത് മറുപടി?
ദീപ: കവിതയെ നിരൂപിച്ചു കൊണ്ടുള്ള വല്ല കുറിപ്പുമാകും…
ലത :അങ്ങനെ ആയാൽ നിനക്ക് കൊള്ളാം..
ദീപ: ഇന്നുതന്നെ എന്റെ പുതിയ കവിതയും ഒപ്പം സാബു മാഷിന്റെ ആസ്വാദന കുറിപ്പും ഞാൻ ഫെയ്സ് ബുക്കിൽ പോസ്റ്റും. സൈബർ സ്പൈസിൽ ഇടി വെട്ടും.
ലത :വെട്ടും വെട്ടും…
ദീപ:സോഷ്യൽ മീഡിയയിൽ കൊള്ളിമീനുകൾ തെളിയും.
ലത :തെളിയും തെളിയും ..
ദീപ:എന്റെ കവിതക്ക് മേൽ ലൈക്ക് മഴ പെയ്യും …
ലത :പ്രളയം ഉണ്ടാകുമോ?
ദീപ: ഉണ്ടാകും, മഹാപ്രളയം. അതിൽ ഫെയ്സ് ബുക്കിലെ പല മഹാകവികളും ഒലിച്ചുപോകും, അറബിക്കടലിലേക്ക് …
ലത: അത്ര ഗംഭീരമാണോ നിന്റെ കവിത .ശ്ശോ! വായിക്കാത്തത് വല്യ നഷ്ടമായിപ്പോയി.
ദീപ: ഇപ്പോ സാബു മാഷ് വരും.സാബു മാഷിന്റെ വായീന്ന് തന്നെ കവിതയുടെ ആഴം വ്യാപ്തി ഇതൊക്കെ നിനക്ക് അറിയാൻ കഴിഞ്ഞേക്കും…
ലത :അയാളെ കാണുന്നില്ലല്ലോ …
ദീപ: അയാൾ വന്നോളും. വാ നമുക്ക് ലൈബ്രറിക്കുള്ളിലേക്ക് കയറാം…
ലത :എന്തിന്?
ദീപ: എടീ പുസ്തകമെടുക്കാൻ .നമ്മുടെ കോളേജ് ലൈബ്രറിയിൽ ഒരുപാട് നല്ല പുസ്തകങ്ങളുണ്ട്…
ലത :എനിക്കങ്ങനെ വായനാ ശീലമൊന്നുമില്ല..
ദീപ: ആര് വായിച്ചില്ലേലും നമ്മൾ അദ്ധ്യാപകർ വായിക്കണം, ഒരുപാട് വായിക്കണം.ടെക്സ്റ്റ് ബുക്കുകൾക്ക് പുറത്ത് വിശാലമായൊരു ലോകമുണ്ട്. അത് നമ്മൾ അറിയണം. അത് വിദ്യാർത്ഥികൾക്ക് പകർന്ന് കൊടുക്കുകയും വേണം
ലത :എങ്കിൽ വാ രണ്ട് മൂന്ന് പുസ്തകങ്ങളെടുക്കാം …
ദീപ ലൈബ്രറിയിലെ ഒരു പുസ്തകം എടുത്ത് നീട്ടി: ഇതാ മൂലധനം! വായിക്കേണ്ട പുസ്തകമാ..
ലത പറഞ്ഞു: അയ്യേ.. വൃത്തികെട്ട പേര് .. എനിക്കിത് വേണ്ടാ!
ദീപ പല്ലുകടിച്ചു: വേസ്റ്റ് ..!
ദീപ അടുത്ത പുസ്തകമെടുത്ത് നീട്ടി: കമ്യൂണിസ്റ്റ് മാനിഫസ്റ്റോ .. ഇത് വായിക്കാത്തവർ കോളേജധ്യാപകരെന്ന് പറഞ്ഞ് നടന്നിട്ട് ഒരു കാര്യമില്ല..
ലത കൈകൂപ്പി : ഹസ് കോൺഗ്രസാണ്.. കമ്യൂണിസ്റ്റ് എന്ന വാക്കിനെ പോലും വീട്ടിൽ കേറ്റില്ല..
ദീപ കോപം കൊണ്ട് ജ്വലിച്ചു : നിൻ്റെ കെട്ട്യോൻ ,കോൺഗ്രസ് തീവ്രവാദി! പഴയ കോങ്ക്റസാരിക്കും.. ഇപ്പോ കാലം മാറിയതൊന്നും അറിഞ്ഞില്ലാരിക്കും ആ പുളുന്താൻ! ഫാസിസത്തിനെതിരെ നമ്മൾ ഒറ്റകെട്ടാടീ.കേരളക്കാർക്ക് മാത്രം തലയിൽ സൂര്യനുദിച്ചില്ല! ഫാസിസം വീട്ടിന് മുമ്പിൽ വന്ന് നില്ക്കുമ്പോഴേ നിങ്ങക്കൊക്കെ ബോധം വീഴു. അപ്പോൾ ഭാഗ്യത്തിന് ശരീരത്തിൽ കഴുത്ത് കാണും..പക്ഷേ തല കാണില്ല..!
ലതക്ക് നിസാര ഭാവം: അങ്ങനെ പോകുന്ന തലയാണെങ്കിൽ അങ്ങ് പോട്ടേ..
ലതയുടെ താത്പര്യമില്ലായ്മയിൽ മനസ് മടുത്ത ദീപ വേറൊരു പുസ്തകമെടുത്ത് നീട്ടി: ഇന്നാ ഇതെങ്കിലും വായിക്ക്, ഏകാന്തതയുടെ നൂറ് വർഷങ്ങൾ .. നല്ല പുസ്തകമാ …
ലത :അയ്യോ ഇത് വായിച്ച് തീരാൻ എനിക്ക് നൂറ് വർഷം
വേണം. എനിക്കീ പുസ്തകം മതി..
ദീപ: ഏതാ പുസ്തകം?
ലത :മാൻമിഴിയാള് തേച്ച മുറി മീശക്കാരൻ …
ദീപ: എടീ ഇത് പൈങ്കിളിയാ.. വിദ്യാർത്ഥികളൊക്കെ നമ്മളെടുത്ത പുസ്തകം ശ്രദ്ധിക്കും. അധ്യാപകരുടെ വിലകളയല്ലേ ലതേ … ഇന്നാ മാക്‌സിം ഗോർക്കിയുടെ അമ്മ …ഇത് നീയെടുത്തില്ലെങ്കിൽ ഞാൻ നിന്റെ അമ്മക്ക് വിളിക്കും! തീർച്ചാ .
ലത പെട്ടെന്ന് തെക്കോട്ട് നോക്കി പറഞ്ഞു :ദേ നോക്കെടീ, സാബു മാഷ് പാഞ്ഞു വരുന്നു .
ദീപക്ക് സന്തോഷമായി: ഹാ! എന്റെ കവിത വായിക്കാൻ ധൃതി കാട്ടിയ കാവ്യ സ്നേഹി.ആ വരവ് കാണുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു.
ലത :മുഖലക്ഷണം കണ്ടിട്ട് നിന്റെ കവിത വായിച്ച എല്ലാ ലക്ഷണവും കാണുന്നുണ്ട്!
അടുത്ത് വന്ന സാബുവിനോട് ആകാംഷയോടെ ദീപ ചോദിച്ചു: സാബുമാഷേ, എങ്ങനെയുണ്ട്.. .?
സാബു നിരാശാധിക്യവിമ്മിഷ്ട വികാരാധീനലോലഗാത്രനായി ഇങ്ങനെ അലറി: ദീപ ടീച്ചറ് പേപ്പർ തന്നപ്പോ ഞാൻ വിചാരിച്ചു അതെനിക്കുള്ള ലൗലറ്റർ ആയിരിക്കുമെന്ന് … ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടിപ്പോയി. പക്ഷേ അത് വായിച്ചപ്പോ… വട്ടായിപ്പോയി, ശരിക്കും വട്ടായിപ്പോയി.. (സങ്കടത്തോടെ) ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും ചെയ്യരുത് ടീച്ചറെ … 2022 ൽ കുടി നിർത്തുമെന്ന് ശപഥം ചെയ്തതാണ്, ഇത്രേം കാലം പാലിക്കുകയും ചെയ്തു.. പക്ഷേ ഇന്ന് രണ്ട് പെഗ്ഗടിക്കാതെ എനിക്കുറങ്ങാൻ പറ്റില്ല… സങ്കടത്തോടെ സാബു യാത്ര പറഞ്ഞു: പോട്ടെ ദീപേ … പോട്ടെ ലത ടീച്ചറേ…
ദീപ ദേഷ്യം മൂത്ത് പറഞ്ഞു: ഇവൻ നീ പറഞ്ഞ സംഭവം തന്നാടീ ലതേ .പഞ്ചാര ,പഞ്ചാര സാബു. ഞാനവന് ലൗ ലറ്റർ കൊടുക്വേ… ശിവശിവ! വളർത്തുദോഷം, അല്ലാതെന്താ!
ലത :നിന്റെ കവിത വായിച്ച് സാബു മാഷ് ആകെ തകർന്നു പോയി, പാവം!
ദീപ: അത് പിന്നെ തകരാതിരിക്കുമോ? ലൗലറ്ററെന്ന് കരുതി ഉത്തരാധുനിക കവിത വായിച്ചാൽ ആരായാലും തകർന്നു പോകും…
ലത :എന്തായാലും ഈ കവിത ഇനി ഫെയ്സ് ബുക്കിൽ ഇടണ്ട കേട്ടോ…
ദീപ: ഹും.. അവന്റെ കൈ കൊണ്ട് തൊട്ട ഈ കവിത ഞാനിനി ഒരിടത്തും ഇടുന്നില്ല …
ലത :ഇടണം ദീപേ ..
ദീപ പ്രതീഷയോടെ ലതയെ നോക്കി: എവിടെ?
ലത ചിരിച്ചു.ലത ആ കവിത വേസ്റ്റ് ബിന്നിലേക്കിട്ടു: നല്ല തീരുമാനമല്ലേ..?
ദീപ അലറി: തലേ…!
ലത :അയ്യോ! ഞാനോടി ..