രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍

സ്വപ്ന സൗഗന്ധികങ്ങളെ
നേർത്ത നിലാച്ചിന്തുകൾ
ചുംബിച്ചുണർത്തുന്ന
നീലരാവുകളിലാണ്
ഗന്ധർവ്വഗന്ധം
അവളെ ചുറ്റിവരിയുന്നതും
രസരേണുക്കളുടെ
കടുംകെട്ടുവീണ
കുചാഗ്രങ്ങളിൽ
ഉന്മാദത്തിന്റെ
കനൽപ്പൂക്കൾ വിരിയുന്നതും
ദന്തക്ഷതങ്ങളാൽ
അധരങ്ങളിൽ
രുധിരരുചിപടരുന്നതും .
നിദ്രാന്തരങ്ങളിലാണ്
കൊഴിഞ്ഞുപോയകിനാവിന്റെ
ശലഭചുംബനങ്ങളാൽ
ഉടൽപ്പെരുക്കങ്ങളുടെ
വെള്ളിടിവെട്ടുന്നതും
രോമകൂപങ്ങളിൽ പ്പോലും
തൃഷ്ണകൾ തെഴുത്ത്
മിഴിക്കോണുകൾ
വാകപ്പുല്ലുകളെപ്പോൽ
സൂര്യനെത്തിരയുന്നതും
രാമപാദം തേടുന്നൊരു
മോഹശിലയായ്
പെണ്ണുമാറുന്നതും
പ്രകൃതി
പരിണാമത്തിന്റെ
കവിതപാടുന്നതും.
കാലം
കനച്ചുനാറിയ
പഴന്തുണിക്കെട്ടുപോൽ
അടുക്കളപ്പടിയിൽ
പ്രതിഷ്ഠിക്കുമ്പോൾ
അവളെച്ചുറ്റിയിരുന്നത്
ശ്വാസം മുട്ടിക്കുന്ന
പുകച്ചൂര് മാത്രമാകുന്നു .
സ്ഥൂലകുചകുംഭങ്ങൾ
നീരുവറ്റിത്തീർന്ന
പേരില്ലാഫലമാകുന്നു .
മിന്നൽദ്യുതിചിതറിയിരുന്ന
ഉടൽച്ചുഴികൾ
നിശ്ശബ്ദതടാകങ്ങളെപ്പോൽ
ശാന്തമായ് തീർന്നിരിക്കുന്നു .,
ആർദ്രസ്നേഹത്തിന്റെ
അഴകുനിറഞ്ഞിരുന്ന
മിഴിയിണകൾ
തുളുമ്പിയൊഴുകുന്ന
അഴൽപ്പുഴകളായ്‌
തീർന്നിരിക്കുന്നു .,
ഇന്ന് ,
പാമ്പു പടംപൊഴിച്ചപോൽ
ഇന്നലെകളെ ഉരിഞ്ഞെറിഞ്ഞ്
പരിവർത്തനത്തിന്റെ
പുതു മേലങ്കിയണിയുമ്പോൾ
പൊള്ളുന്നതാർക്കാണ് ..?
അവളവളിടങ്ങളിൽ
അവൾ അവളാകുമ്പോൾ
നോവുന്നതാർക്കാണ് ?
കർമ്മണ്യേ ദാസി എന്നതിൽനിന്നും
കർമ്മണ്യേ മഹതി എന്നതിലേക്ക്
അവൾ വിവർത്തനം ചെയ്യപ്പെടട്ടെ

By ivayana