രചന : ടി.കെ.രഘുനാഥ്✍

മേഘപാളികൾക്കുള്ളിലെ ജ്വാലതൻ
ചീളുപോലെ നിന്നോർമ്മകൾ പെയ്യവേ,
സാഗരത്വം ശയിക്കുമീ വാനിലെ
നീലിമക്കൊടും കാട്ടിലൂടങ്ങിനെ

കൂരിരുട്ടിലും കാലമാം സാരഥി
തേരുരുട്ടിത്തെളിക്കുമീ വീഥിയിൽ
ഞാനുയിർക്കുന്നു നിന്നിലേയ്ക്കിപ്പൊഴും
നാമൊടുങ്ങിത്തരിച്ചൊരീ ഭൂമിയിൽ…

പിന്നെ ഏതോ ശിലാസ്വത്വ മൂകമായ്
ഉള്ളിലേതോ നിരാലംബ മൗനമായ്
കണ്ണുറങ്ങാത്തൊരുച്ച നക്ഷത്രമായ്
നിന്നെയും നോക്കി നില്പ്പുഞാനിപ്പൊഴും

ഉഷ്ണമേറിത്തിളയ്ക്കുമിപ്പാതയിൽ
ഉൽക്കയേറ്റു നാം വീണുപോയെങ്കിലും
അപ്പുറത്തേയ്ക്കു പോകുന്ന യാത്രയിൽ ഇത്രമാത്രം
മധുരിക്കുമോർമ്മകൾ..

മേഘപാളികൾക്കുള്ളിലെ ജ്വാലതൻ
ചീളുപോലെ നിന്നോർമ്മകൾ പെയ്യവേ
സ്നേഹരൂപമേ ഇന്നുമെൻ നോവുകൾ
പ്രേമ ഭാവം വരച്ചു വച്ചീടവേ,

ഏതിരുട്ടിന്റെ കൂട്ടിലാണെങ്കിലും
ഏതഗാധമാം ബാല്യത്തിലെങ്കിലും
ഭൂതകാലത്തിലെ കടുംപച്ചതൻ തേൻ നുരയ്ക്കും
സ്മൃതികളാണിപ്പൊഴും,

അസ്തമിപ്പൂ പകലുകൾ രാവുകൾ
അസ്ഥിരത്വം വഹിച്ചു കൊണ്ടങ്ങിനെ
സ്വസ്തി തേടുന്ന പക്ഷിതൻ മാന്തളിർ
പട്ടു തൂവലാണോർമ്മകളൊക്കെയും.

ടി.കെ.രഘുനാഥ്

By ivayana