മാത്യുക്കുട്ടി ഈശോ✍

ന്യൂയോർക്ക്: വർഷങ്ങളായി അമേരിക്കയിൽ താമസിച്ചുകൊണ്ട് കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി നിരാശ്രയരും നിരാലമ്പരുമായ ആയിരക്കണക്കിന് വൃദ്ധ ജനങ്ങൾക്ക് താങ്ങും തണലും നൽകി പ്രവർത്തിക്കുന്ന “ആശ്രയ” എന്ന പ്രസ്ഥാനവുമായി കൈകോർത്ത് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ജോൺ ജോർജ് കല്ലൂർ (ബെന്നി) ഈ വർഷത്തെ ECHO ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനായി. പൂർണ്ണമായും കാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രം ഊന്നൽ നൽകി പ്രവർത്തിക്കുന്ന ന്യൂയോർക്കിലെ അറിയപ്പെടുന്ന സംഘടനയായ ECHO-യുടെ (Enhance Community through Harmonious Outreach) രണ്ടാമത് ഹ്യുമാനിറ്റേറിയൻ അവാർഡിനാണ് ബെന്നി അർഹനായത്. 2500 ഡോളറും പ്രശംസാഫലകവുമാണ് സംഘാടകർ സമ്മാനമായി നൽകുന്നത്. ഡിസംബർ 9 വെള്ളി വൈകിട്ട് 6 മണി മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (440 Jericho Turnpike, Jericho, NY 11753) വച്ച് ECHO-യുടെ പ്രൗഡ്ഢ ഗംഭീര വാർഷിക ഡിന്നർ മീറ്റിംഗിൽ പ്രശസ്തരായ ചലച്ചിത്ര-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തുള്ളവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ അവാർഡ് ദാന ചടങ്ങ് നടക്കും. അമേരിക്കയിൽ സ്ഥിരതാമസമാക്കി വ്യക്തിപരമായി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു ഡെസനോളം പ്രവാസികളിൽ നിന്നാണ് അവാർഡ് കമ്മറ്റി ജോൺ ജോർജ് കല്ലൂരിനെ തെരഞ്ഞെടുത്തത്.

ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്ററിലെ സ്‌കാർസ്ഡൈലിൽ സെഞ്ച്വറി 21 റോയൽ എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഉടമയായ ജോൺ ജോർജ് (ബെന്നി) യാതൊരു പ്രശസ്തിയും പ്രസിദ്ധിയും ആഗ്രഹിക്കാതെ ബിസിനെസ്സിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക്‌ സാമൂഹിക പ്രതിബദ്ധതയോടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നിരാലംബരായവരെ സംരക്ഷിക്കുന്നതിന് സഹായിച്ചു വരികയാണ്. വളരെ അടുത്ത സുഹൃത്തുക്കളോട് പോലും താൻ ചെയ്തു കൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാതെ വർഷങ്ങളായി നിസ്വാർത്ഥമായി സഹായഹസ്തം നീട്ടികൊണ്ടിരിക്കുകയാണ് ബെന്നി എന്ന സഹായമനസ്കൻ. യേശു ക്രിസ്തുവിൽ അടിയുറച്ച വിശ്വാസിയായ ബെന്നി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതും സ്നേഹിക്കുന്നതും ദൈവീക ദൗത്യമായി കണക്കാക്കുന്നു. വെസ്റ്റ് ചെസ്റ്ററിലെ റിയൽ എസ്റ്റേറ്റ് ബിസിനെസ്സ് രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് ബെന്നിയുടെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി 21 റോയൽ.

കൊട്ടാരക്കര തൃക്കണ്ണാമംഗലം സ്വദേശിയായ ബെന്നി കൊട്ടാരക്കര കലയപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന “ആശ്രയ-സങ്കേതം” അഭയകേന്ദ്രത്തിലെ ആയിരത്തോളം വരുന്ന അന്തേവാസികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ബെന്നി അച്ചായനാണ്. 1994-ൽ കലയപുരത്തു മനോനില തെറ്റിയ ഒരു മനോരോഗിയെ അധിവസിപ്പിച്ച് ആരംഭിച്ച “ആശ്രയ” കേന്ദ്രത്തിന്റെ സ്ഥലം വാങ്ങുന്നതിനും കെട്ടിടം പണിയുന്നതിനും സഹായിച്ചു തുടങ്ങിയ ബെന്നി പിന്നീട് ആശ്രയ കേന്ദ്രത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും വർഷങ്ങളായി സഹായം ചെയ്തു വരുന്നു. “ആശ്രയ” എന്ന പ്രസ്ഥാനം ഇപ്പോൾ തിരുവനന്തപുരത്തു സേവാഗ്രാം, കൊട്ടാരക്കരയിൽ ആശ്രയ, കലയപുരത്തു സങ്കേതം, പത്തനംതിട്ടയിൽ ആശ്രയ ശിശുഭവൻ, കോട്ടയത്ത് സ്‌നേഹവീട്, പെരുമ്പാവൂരിൽ ആശ്രയ, മലപ്പുറത്ത് സഹായി, പാലക്കാട്ട് സ്നേഹാലയം, വയനാട്ടിൽ സ്നേഹ സദനം തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി രണ്ടായിരത്തിലധികം മനോരോഗികളെയും, നിരാശ്രയരായവരെയും പരിപാലിക്കുന്ന ചാരിറ്റി പ്രസ്ഥാനമായി വളർന്നു. ഇവയുടെ തുടക്കകാലം മുതൽ സഹായം ചെയ്യുന്ന ബെന്നി അതിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്.

ആശ്രയ പ്രസ്ഥാനം വഴി കേരളാ പ്രളയ ദുരിതത്തിൽ ഭവനം നഷ്ടപ്പെട്ട 30 പേർക്ക് ഭവനം വച്ച് കൊടുക്കുന്നതിന് സാമ്പത്തിക സഹായം നൽകിയത് ബെന്നിയാണ്. ബെന്നിയുടെ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സെഞ്ച്വറി 21 റോയലിൽ സഹപ്രവർത്തകനായ സ്റ്റാൻലി ശാമുവേലും പ്രളയ പുനരധിവാസത്തിനായി 10,000 ഡോളർ സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. വൈദ്യ സഹായം, വിവാഹ സഹായം, പഠന സഹായം തുടങ്ങി ദശലക്ഷ കണക്കിന് രൂപയുടെ സഹായങ്ങളാണ് ജോർജ് ആശ്രയ പ്രസ്ഥാനത്തിലൂടെ നൽകി വരുന്നത്. ബെന്നിയുടെ സഹായ ഹസ്തം കേരളത്തിൽ മാത്രമല്ല കടന്നു ചെന്നിട്ടുള്ളത്. ഡൽഹിയിലും, ബിഹാറിലും, പഞ്ചാബിലും, മുസാപ്പൂരിലും, നേപ്പാളിലുമുള്ള ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും, ഭവനരഹിതർക്കു വസ്ത്രങ്ങളും, പുതപ്പുകളും, സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളും മറ്റും എല്ലാ വർഷവും നൽകുന്നുണ്ട്.

പ്രശസ്ത മജീഷ്യൻ പ്രൊഫ. ഗോപിനാഥ്‌ മുതുകാടിന്റെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിനായി സഹായം നൽകിയതിലൂടെയാണ് ബെന്നിയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ന്യൂയോർക്കിലുള്ളവർ അറിയുന്നത്. ന്യൂയോർക്കിൽ സഹായ അഭ്യർത്ഥനയുമായി എത്തിയ പ്രൊഫ. മുതുകാട് ബെന്നിയുടെ ഭവനത്തിൽ രണ്ടുനാൾ താമസിച്ചതിലൂടെയാണ് പ്രസ്തുത കാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി മറ്റുള്ളവർ കൂടുതലായി അറിയുവാൻ ഇടയായത്. മുതുകാടിന്റെ “Different Art Center (DAC)” എന്ന പ്രസ്ഥാനത്തിലെ 10 ഭിന്നശേഷിക്കാരായ കുട്ടികളെ ബെന്നി സ്പോൺസർ ചെയ്തിട്ടുണ്ട്. ജോർജ് ജോണിന്റെ കാരുണ്യപ്രവർത്തനങ്ങളെപ്പറ്റി മനസ്സിലാക്കിയ ഫൊക്കാന ട്രസ്റ്റീ ബോർഡ് അംഗം പോൾ കറുകപ്പള്ളിലിന്റെ നിർബന്ധപ്രകാരമാണ് ECHO-യുടെ ഹ്യുമാനിറ്റേറിയൻ അവാർഡിനായി അപേക്ഷ സമർപ്പിച്ചത്.

2013-ൽ ന്യൂയോർക്കിൽ ആരംഭിച്ച ECHO എന്ന ജീവകാരുണ്യ സംഘടന കഴിഞ്ഞ പത്തു വർഷമായി നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ഇതിനോടകം കാഴ്ചവച്ചത്. കേരളത്തിലെ പ്രളയ ദുരിതത്തിൽ ഭവന രഹിതരായ 30 പേർക്കാണ് കോട്ടയം കുമരകത്തു രണ്ടു ലക്ഷം ഡോളർ മുടക്കി ഭവനം നിർമ്മിച്ച് നൽകിയത്. കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിനായി മെഷീൻ വാങ്ങി നൽകിയത്, നേപ്പാൾ ഭൂകമ്പത്തിൽ വൈദ്യ സഹായത്തിനായി ഹെൽത്ത് സെന്റർ നിർമ്മിച്ച് നൽകിയത്, ചിറമ്മേലച്ചനുമായി സഹകരിച്ച് ഒരു നേരത്തെ ഭക്ഷണത്തിനായി വലയുന്ന ആയിരക്കണക്കിന് പേർക്ക് “ഹംഗർ ഹണ്ട്” പദ്ധതിയിലൂടെ ഭക്ഷണം നൽകി വരുന്നത് തുടങ്ങിയവ ECHO-യുടെ നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്. ഇപ്പോൾ ഏറ്റവും പുതുതായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലുള്ള നൂറു കണക്കിന് സീനിയർ അംഗങ്ങൾക്കായി “സീനിയർ വെൽനെസ്സ്” എന്ന പദ്ധതിയിലൂടെ വാർദ്ധക്യാവസ്ഥയിൽ ഏകാന്തത അനുഭവിക്കുന്നവർക്ക് തണലായി ECHO പ്രവർത്തിക്കുന്നു. “സീനിയർ വെൽനെസ്സ്” പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് ഈ വർഷത്തെ “വാർഷിക ഡിന്നർ മീറ്റിംഗിലൂടെ” ധനശേഖരണം നടത്തുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം, അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സഹായമനസ്കരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവാർഡ് നൽകുന്നതിനും ECHO മുൻകൈ എടുത്തു പ്രവർത്തിക്കുന്നുണ്ട് എന്നത് പ്രശംസനീയമാണ്. ഈ വരുന്ന 9 വെള്ളിയാഴ്ച വൈകിട്ട് നടത്തപ്പെടുന്ന ഡിന്നർ മീറ്റിംഗിൽ പങ്കെടുത്ത്‌ ECHO-യുടെ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കു ചേരണമെന്ന് ആഗ്രഹിക്കുന്നവർ 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org .

By ivayana