രചന : വാസുദേവൻ. കെ. വി ✍

എത്രയൊക്കെ അത്തറുകൾ പൂശിയാലും ദുർഗന്ധമകലാത്ത ചിലതുണ്ട്. ചരിത്രതെളിവുകളായി .
‘ഹംകോ വോ അഛാ ദിൻ നഹി ഭായിയോം…’
ഡൊമനിക് ലാപ്പിയറും ലാറി കൊളിൻസും. മൗണ്ട് ബാറ്റൺ മുതൽ ഗാന്ധി വധത്തിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളെന്നു ആക്ഷേപിക്കപ്പെട്ട ഗോപാൽ ഗോഡ്സെ വരെയുള്ള നൂറുകണക്കിന് ആളുകളെ മുഖാമുഖം ചെയ്തും അനവധി ചരിത്ര രേഖകൾ പരിശോധിച്ചും തയ്യാറാക്കിയത് “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ..”
ഇന്ത്യയിൽ ബെസ്റ്റ് സെല്ലർ ലിസ്റ്റിലുള്ള പുസ്തകങ്ങളിൽ എന്നും മുൻനിരയിൽ. .ഗാന്ധിജി വെടിയേറ്റ് മരിക്കാൻ കാരണമായ ഗൂഢാലോചനയെ പ്പറ്റി പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെ.


“1948 ജനുവരി 14ന് രാത്രി ഗാന്ധി മരിക്കണമെന്നാഗ്രഹിച്ച മൂന്നു പേർ ബോംബെയുടെ ഉത്തരപ്രാന്തത്തിലുള്ള ഒരു പഴയ ഇരുനില കെട്ടിടത്തിന്റെ ഇരുമ്പഴികളിട്ട പ്രവേശനമാർഗ്ഗത്തില് ഇരുട്ടത്ത് നിന്നിരുന്നു.ആ കെട്ടിടത്തിന്റെ പൂമുഖത്ത് മോടിയുള്ള ഒരേയൊരു വസ്തു ഭിത്തിയിൽ പതിച്ചിരുന്ന ഒരു മാർബിൾ ഫലകമാണ്. മറാട്ടി ഭാഷയിൽ എഴുതി വെച്ചിരിക്കുന്നു “സവര്ക്കര് സദൻ” -സവര്ക്കറുടെ വീട്.
ആ ജനുവരിദിനത്തിൽ വീരസവർക്കറുടെ ആസ്ഥാനത്തേക്കു നുഴഞ്ഞു കയറിയ ചെറുസംഘത്തിലെ ആദ്യത്തെ അംഗങ്ങളായിരുന്നില്ല ഗോഡ്സെയും ആപ്തെയും ബാഡ്ജെയും. നേരത്തെ കാർക്കറെ, മദൻലാലിനെയും ആ നേതാവിന്റെ മുന്നിൽ കൊണ്ടുചെന്നിരുന്നു. ആ പഞ്ചാബി യുവാവ് “വളരെ ധീരനായൊരു പ്രവർത്തകൻ ” ആണെന്ന് കാർക്കറെ പരിചയപ്പെടുത്തുകയുണ്ടായി. സവർക്കറുടെ പ്രതികരണം മദൻലാലിന് നേർക്കുള്ള ഹൃദ്യമായ ഒരു പുഞ്ചിരി. പിന്നെ ഒരു പൂച്ചകുട്ടിയെ എന്ന പോലെ കൈത്തണ്ട തടവിക്കൊണ്ട് “നല്ല പ്രവർത്തി തുടരുക” എന്ന് പ്രോത്സാഹിപ്പിച്ചു.

ഗാന്ധിജിയെ വധിക്കാനായി ആസൂത്രണം ചെയ്ത് സവർക്കറുടെ വീട്ടിൽ നിന്ന് ഇറങ്ങിയ 6 പേർ ഡൽഹിയിലെ മറീന ഹോട്ടലിലെ നാല്പതാം നമ്പർ മുറിയിൽ ഗാന്ധി വധം ആസൂത്രണം ചെയ്യുകയായിരുന്നു. നാരായൺ ആപ്തെ വിശദീകരിച്ചുകൊടുത്തു.
” പ്രാർത്ഥനായോഗത്തിനടുത്തായി ബിർല ഹൗസിന്റെ പിന്നിലുള്ള ഇഷ്ടിക മതിലിന് പുറത്ത് മദൻലാൽ ഒരു ടൈം ബോംബ് വെക്കണം. അതിന്റെ സ്ഫോടനത്തോടെയാണ് നമ്മുടെ പ്രവർത്തനം തുടങ്ങുക. താനും ബാഡ്ജയും രാവിലത്തെ രംഗപരിശോധനാ വേളയിൽ നിശ്ചയിച്ച വേലക്കാരുടെ മുറിയിൽ ബാഡ്ജയും ഗോപാൽ ഗോഡ്സെയും കൂടി ഇതിനകം എത്തിയിരിക്കണം.മദൻലാലിന്റെ ബോംബ് പൊട്ടുന്ന നിമിഷത്തിൽ ബാഡ്ജെ ഗാന്ധിയുടെ നേരെ നിറയൊഴിക്കണം. ബാഡ്ജെയുടെ പിന്നിൽ നില്ക്കുന്ന ഗോപാൽ ഗോഡ്സെ അപ്പോൾ തന്നെ ജനാലപ്പഴുതിലൂടെ കൈബോംബെറിയണം.”
ആപ്തെ തുടർന്നു


“തങ്ങളുടെ ഇര രക്ഷപ്പെടരുതെന്ന് ഉറപ്പുവരുത്താൻ വേണ്ടി കർക്കറെ ഒരു കൈബോംബുമായി ഗാന്ധിയുടെ മുന്നിൽ നില്ക്കണം മദൻലാലിന്റെ ബോംബ് പൊട്ടിക്കഴിഞ്ഞാലുടൻ അയാളും ഗാന്ധിയുടെ നേർ ക്ക് ബോംബെറിയണം .നാഥൂറാമും ആപ്തെയും ഈ പ്രവർ ത്തനങ്ങളെ നിയന്ത്രിക്കും.” ഇതായിരുന്നു 1948 ജനുവരി 20- ന് പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുന്ന സമയത്ത് നടപ്പിലാക്കാൻ ഉദ്ദേശിച്ചതും ചില കണക്കു കൂട്ടലുകൾ തെറ്റിയത് മൂലം പാഴായിപ്പോയതുമായ ഗാന്ധി വധശ്രമത്തിന്റെ തിരക്കഥ.


കൂട്ടാളികൾക്ക് സൂചന നൽകാനായി ബോംബ് പൊട്ടിച്ച മദൻലാൽ അറസ്റ്റിലായി. പാർലമെന്റ് തെരുവിലെ പോലീസ് സ്റ്റേഷനിൽ മൂന്നു പോലീസുകാർ രണ്ട് മണിക്കൂർ ഞെക്കി പിഴിഞ്ഞപ്പോൾ അയാൾ പോലീസിനു മുന്നിൽ ഗൂഢാലോചനയുടെ ഭാണ്ഡക്കെട്ടുകൾ അഴിക്കാൻ തുടങ്ങി. കൂട്ടാളികളെകുറിച്ചുള്ള വിവരണങ്ങൾക്കിടെ അയാൾ ഇതു കൂടി പറഞ്ഞു.താനും കൂട്ടാളികളും വീരസവർക്കറുടെ ഭവനത്തിൽ പോയിട്ടുണ്ടെന്നും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും അയാൾ വീരവാദം പോലെ ഉരുവിട്ടുകൊണ്ടിരുന്നു. ” ഡൽഹി പോലീസ് കമ്മീഷ്ണറായിരുന്ന ഡി.ജെ ചിരഞ്ജീവിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി വധത്തിന്റെ പിന്നിലുള്ള ഗൂഡാലോചന അന്വേഷണം ഡല്ഹിയിലെയും ബോംബെയിലെയും പോലീസ് മേധാവികളുടെ കുറ്റകരമായ അനാസ്ഥ മൂലം വഴിമുട്ടിയത് കൊണ്ട് മാത്രമാണ് നാഥൂറാമിനെയും സംഘത്തെയും ചെല്ലും ചെലവും കൊടുത്ത് വളർത്തിയ സവർക്കർ ജയിലിലാവാതിരുന്നതെന്നും ലാപ്പിയറും കൊളിൻസും കൃത്യമായി വരച്ചു വെക്കുന്നു.ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്രം പ്രഖ്യാപിക്കുന്നതിനു പകരം ജോത്സ്യന്മാരുടെ കവടി നിരത്തൽ കാരണം അർദ്ധ രാത്രി തന്നെ സ്വാതന്ത്രം പ്രഖ്യാപിക്കേണ്ടിവന്നത് മുതൽ ജിന്നയുടെ ക്ഷയരോഗ രഹസ്യം വരെ ചിലതും ഈ പുസ്തകത്തിൽ ചരിത്ര രേഖകളായി കാണാം.
💐
എഴുത്തുകാരന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

By ivayana