രചന : മനോജ്‌.കെ.സി.✍

നാക്കിലയിൽ വിളമ്പിയിട്ട നിരാശകൾ
കലങ്ങിമറിഞ്ഞ കണ്ണുകളുമായെന്നേ…
ഒളിക്കണ്ണിട്ട് നോക്കുമ്പോൾ…

കാലത്തിനും കാലാവസ്ഥയ്ക്കും മുന്നേ
എന്നോ ഉള്ളിൽ കോറിയിട്ട
എന്റെ പഴമൊഴി കിലുക്കങ്ങൾക്ക്
സത്യത്തിന്റെ ഛായ…

മോഹങ്ങളുടെ വെള്ളാരംകല്ലുകൾ
ഒന്നിനു മീതെ മറ്റൊന്നായി
അടുക്കിവെച്ചും സ്വപ്‌നങ്ങൾ നെയ്തും
ഞാൻ നടന്നു നീങ്ങിയ വഴികളിന്നും
ഓരം ചേർന്ന് കിടപ്പുണ്ട്…
ആശയുടെ വിത്തുകൾ…

അതിനുള്ളിൽ ഒരു മഴമുത്തു കൊണ്ടേഴു
നിറരാജികളാൽ മാരിവിൽ തീർക്കുമാ
അലയൊലികളിന്നും സുഷുപ്തമാകാം…

തഴപ്പായിൻ ഇഴയടുപ്പം പോലെ
ഊതിയുണർത്തിയ പ്രശോഭമാം മോഹപ്പൂവ്
ചാരുതയോടെ തല ചായ്ച്ചുറങ്ങുവത്…
നീർക്കുമിളമേൽ തന്നെയാവുമോയെന്നയെൻ
ആശങ്ക
ഇടയ്ക്കിടെ എൻ പ്രണയവല്ലരിയെ ചുട്ടുപൊള്ളിക്കുന്നോരാ സത്യം
ഓടിക്കിതച്ചെൻ ആത്മപഞ്ജരത്തിലാഞ്ഞാഞ്ഞു കൊത്തുമ്പോൾ
നുറുങ്ങിയുടയുന്നത് എൻ രാഗമുകുളങ്ങളും…

ഈ ദുർനിമിഷങ്ങൾ…
ദുരനുഭവങ്ങൾ…
അതോരോന്നും…
ഇന്നും…
ഇന്നുമതേതോ…
വെറുമൊരു മായാപരീക്ഷകളാകാമാ മട്ടിൽ…
മായ്ച്ചുകളയുവാൻ…
ശാഠ്യം പിടിക്കുകയാണീനിമിഷവും പ്രണയരേണുക്കൾ പടർന്നോഴുകും…
എൻ മധുരക്കിനാവിന്റെ താഴ്‌വാരം…

By ivayana