രചന : ഒ.കെ.ശൈലജ ടീച്ചർ✍
വിദ്യ. രാവിലെ എഴുന്നേറ്റു . പൂമുഖ വാതിൽ തുറന്നു .
“, ശ്ശോ മുറ്റം നിറയെ ഇലകളാണല്ലോ. ഇന്നലെ ശക്തമായ കാറ്റും മഴയുമായിരുന്നല്ലോ”
അവൾ ചൂലെടുത്തു അടിച്ചു വാരിക്കൊണ്ടിരിക്കെ പാൽക്കാരന്റെ മണിയടി കേട്ടു. ചൂല് ഒരു ഭാഗത്ത് വെച്ചിട്ട് കൈ കഴുകി പാൽ വാങ്ങി അടുക്കളയിൽ കയറിയപ്പോഴാണ് മോഹനേട്ടന്റെ ഉച്ചത്തിലുള്ള വിളി.
“സുധേ …. നീ വേഗം വന്നേ…. ദാ നിന്റെ അമ്മ കുളിക്കണമെന്നു പറഞ്ഞു കൊണ്ടു വെളിച്ചെണ്ണയാണെന്നു കരുതി മരുന്നെടുത്ത് തലയിൽ തേക്കുന്നു.
അവൾ വേഗം അമ്മയുടെ മുറിയിലെത്തി.
“എന്താ അമ്മേ ഇത് ?”
” മോളെ ഞാൻ കുളിക്കട്ടെ. നിങ്ങളെല്ലാവരും കുളിച്ചു റെഡിയായില്ലേ. നമുക്ക് കല്യാണത്തിന് പോകേണ്ടതല്ലേ. അവരവിടെ കാത്തിരിക്കുന്നുണ്ടാകും.”
“ശരി വാ …. കുളിക്കാം.” അവൾ അമ്മയെ കുളിമുറിയിൽ കൊണ്ടുപോയി കുളിപ്പിച്ചു തോർത്തി. മുറിയിലേക്കു തന്നെ കൊണ്ടുവന്നു ഇരുത്തി.
“അമ്മ ഇവിടെയിരിക്കൂ. ഞാൻ വേഗം ചായ തരാം.”
“ചായ കുടിച്ചല്ലോ. നമുക്ക് പോകണ്ടേ . മോഹനൻഎവിടെ . മക്കളൊരുങ്ങിയോ ?”
” മോഹനേട്ടനും , കുട്ടികളും ഇവിടെയുണ്ട്. ഞാൻ എല്ലാവർക്കും ചായ തരാം.”
അവൾ അടുക്കളയിലേക്ക് വന്നു. ചായയും പലഹാരവും ഡൈനിംഗ് ടേബിളിൽ വെച്ചിട്ട് അമ്മയ്ക്കുള്ള ചായയുമായി മുറിയിലെത്തി.
അവിടെ കണ്ട കാഴ്ച അവളെ അത്ഭുതപ്പെടുത്തി. അലമാരയിലുള്ള ഡ്രസ്സല്ലാം ബെഡ്ഢിൽ നിരത്തിയിട്ടിരിക്കുന്നു.
“എന്താ അമ്മേ … അമ്മയെന്താ കാണിക്കുന്നത്. ഇതൊക്കെ ഇങ്ങനെ യിട്ടിട്ട് എന്താണ് തെരയുന്നത് ?”
” മോളെ എന്റെ പട്ടുസാരിയെവിടെ. എന്റെ കല്യാണസാരി . നിന്റെ ച്ഛൻ പറഞ്ഞു ആ സാരിയുടുത്തിട്ട് വരാൻ . അച്ഛന്റെ ഡ്രസ്സും ഇതിൽ കാണുന്നില്ലല്ലോ. നീ അതൊക്കെ എവിടെയാ വെച്ചത് ? വേഗം എടുത്തു താ ….നിന്റെ അച്ഛന് ദേഷ്യം വരും വേഗം പുറപ്പെട്ടിട്ടില്ലെങ്കിൽ”
” ഞാനെടുത്തു തരാം. അമ്മ ഈ ചായ കഴിക്കൂ .” അവൾ അമ്മയെ അനുനയിപ്പിച്ചു കസേരയിൽ ഇരുത്തി. അടുത്തിരുന്നു. കൊച്ചു കുട്ടികൾക്കെന്നപോലെ ചായയും പലഹാരവും കൊടുത്തു.
അവളുടെ മനസ്സിലൂടെ ആ നല്ല കാലത്തിന്റെ ഓർമ്മകൾ കടന്നുപോയി.
“എത്ര സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം. ഹെൽത്ത് . ഇൻസ്പെക്ടർമാരായിരുന്ന അച്ഛനുമമ്മയും . ഒരേയൊരു മകളായ തന്നെയും ഒരു ജോലിക്കാരിയാക്കണമെന്ന് ആഗ്രഹിച്ചു. നല്ല വിദ്യാഭ്യാസം നൽകി.
എം.ടെക് കഴിഞ്ഞതിനു ശേഷം താൻ പഠിച്ച കോളേജിൽ ലക്ച്ചറായി നിയമനം കിട്ടിയപ്പോൾ എല്ലാവരും ഏറെ സന്തോഷിച്ചു.
അതേ കോളേജിൽത്തന്നെ ലക്ചറായ മോഹനേട്ടന്റെ വിവാഹാലോചന വന്നപ്പോൾ അച്ഛന്റെ സന്തോഷത്തിനതിരില്ലായിരുന്നു.
” ഷീജേ… നമുക്കൊരേയൊരു മോളല്ലേ . മോളുടെ വിവാഹം ഗംഭീരമായി നടത്തണം.” അച്ഛൻ ഒരു മാസത്തെ അവധിയെടുത്തു. കല്യാണം പറയലും . മറ്റു കാര്യങ്ങൾക്കുമായി ഓടി നടന്നു. വിശ്രമവും ഉറക്കവും കുറഞ്ഞു. അന്ന് കാലത്ത് എഴുന്നേൽക്കുമ്പോൾ അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ !!
” വിശ്വേട്ടാ …. നിങ്ങൾക്ക് നല്ല ക്ഷീണമുണ്ട്. ബി.പി. ഒന്ന് ചെക്ക് ചെയ്തു നോക്കട്ടെ. ഇന്ന് എവിടേയും പോകേണ്ട . വിശ്രമിക്കൂ”
അമ്മയുടെ വാക്കുകൾ ചെവിക്കൊള്ളാതെ അന്ന് ചായ പോലും കഴിക്കാതെ വീട്ടിൽ നിന്നുമിറങ്ങുകയായിരുന്നല്ലോ.
“എനിക്ക് അത്യാവശ്യമായിട്ടൊരാളെ കാണാനുണ്ട്. ഇന്ന് തന്നെ കാണേണ്ടതാണ്. എനിക്കൊരു ബുദ്ധിമുട്ടുമില്ല. പോയിട്ടു വേഗം വരാം”
തിരക്കിട്ടിറങ്ങിപ്പോയ അച്ഛൻ ടൗണിലെത്തിയില്ല. ടൗണിലെത്തുന്നതിനുമുൻപായിട്ടുള്ള വളവിൽ ഹോണടിക്കാതെ ചീറിപ്പാഞ്ഞു വന്ന മോട്ടോർസൈക്കിൾ എന്റെ അച്ഛന്റെ ഘാതകനായി മാറിയത് പെട്ടെന്നായിരുന്നല്ലോ … ഇടിയുടെ ആഘാതത്തിൽ അച്ഛന്റെ ബൈക്ക് കരണം മറിഞ്ഞ് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും . അച്ഛൻ റോഡിലേക്കു തെറിച്ചു വീണതും എതിരെ വന്ന ലോറി …….
വയ്യാ! ആ നടുക്കം വിട്ടു മാറുന്നില്ല. ചായയുമായി അച്ഛനെ കാത്തിരുന്ന അമ്മക്ക് ആ വാർത്ത ഉൾക്കൊള്ളാനായില്ല. അബോധാവസ്ഥയിലായിരുന്നുവല്ലോ മാസങ്ങളോളം.
ഒടുവിൽ നിരന്തരമായ ചികിത്സയുടേയും, പ്രാർത്ഥനയുടേയും ഫലമായി ബോധം കിട്ടിയെങ്കിലും . സ്ഥലകാലബോധമില്ലാത്ത അവസ്ഥയാണല്ലോ ഇപ്പോഴുമുള്ളത്.
“സുധേ … സുധേ” മോഹനേട്ടന്റെ വിളി അവളെ ചിന്തയിൽ നിന്നുമുണർത്തി.
“എന്താ മോഹനേട്ടാ …”
“നീയെന്ത് തീരുമാനമെടുത്തു .നിന്റെ ലീവ് തീർന്നു. ഇന്ന് ജോയിന്റ് ചെയ്യുന്നോ ? അതോ ലീവ് എക്സ്റ്റൻറ് ചെയ്യുന്നോ ? അല്ലെങ്കിൽ ഞാൻ പറഞ്ഞത് പ്രകാരം ചെയ്യൂ . അല്ലാതെ എത്ര കാലമെന്ന് വെച്ചാണ് നീ ലീവെടുക്കുന്നത് ? ഞാനൊന്നും പറയുന്നില്ല. നിന്റെ ഇഷ്ടം പോലെ ചെയ്യാം. എനിക്കൊരു വിരോധവുമില്ല. ശരി ഞാൻ കോളേജിലേക്ക് പോകാൻ നോക്കട്ടെ”
മോഹനേട്ടൻ പറയുന്നത് ശരിയാണ്. എത്ര കാലമായി ലീവ് തുടങ്ങിയിട്ട്. പക്ഷേ എന്റെ അമ്മയെക്കാൾ വലുതാണോ എനിക്കെന്റെ ജോലി. അല്ല ഒരിക്കലുമല്ല. അമ്മയെ ഹോം നേഴ്സിന്റെ മാത്രം അടുത്ത് നിർത്തിയിട്ട് പോകാനാവില്ല. ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടു പോയ അമ്മയെ ജീവിതകാലം മുഴുവൻ ശുശ്രൂഷിച്ച് സംരക്ഷിക്കേണ്ട കടമ എനിക്കുണ്ട്. അച്ഛന്റെ ആത്മാവും ദുഃഖിക്കും. അത്രയേറെ സ്നേഹ വാത്സല്യവും കരുതലും നൽകിയവരാണവർ.
അവൾ ഉറച്ച തീരുമാനത്തോടെ അവിടെ നിന്നും എഴുന്നേറ്റു . ലീവ് ആപ്ലിക്കേഷൻ ഫില്ല് ചെയ്തു ഭർത്താവിന്റെ കൈയ്യിൽ കൊടുത്തു
അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് മോഹനനവളെ സമാധാനിപ്പിച്ചു..
“സാരമില്ലെടോ…. താൻ ഇങ്ങനെ കൊച്ചുകുട്ടികളെപ്പോലെയാകല്ലേ. എല്ലാറ്റിനും ഒരു പോംവഴിയുണ്ടാകും. നമുക്ക് അമ്മയെ വേറെ നല്ല ഡോക്ടർക്ക് കാണിക്കാം. എന്റെ സുഹൃത്ത് രാമചന്ദന്റെ അനിയൻ മെഡിക്കൽ കോളേജിലെ ഡോക്ടറാണ്. രണ്ടു ദിവസം കഴിഞ്ഞ് നമുക്കവരെയൊന്നു കാണിക്കാം. ഞാൻ രാമചന്ദ്രനുമായിട്ടൊന്നു സംസാരിക്കട്ടെ. താനൊന്നു ചിരിക്കടോ ഭാര്യേ ….”
അവളുടെ മുഖത്ത് വിടർന്ന പുഞ്ചിരിക്കൊരു മറു പുഞ്ചിരി നൽകി മോഹനൻ പടിയിറങ്ങി. അവൾ വീണ്ടും അമ്മയ്ക്കരിക്കിലേക്കു മടങ്ങി.