രചന : ജയേഷ് പണിക്കർ✍
അമ്മതൻ സ്നേഹത്തിൻ മാധുര്യമാണെന്നും
എൻ്റെയീ ജീവൻ്റെയാധാരമേ
നെഞ്ചിലെ വാത്സല്യ ഗംഗയിൽ നിന്നൂറും
തേൻ തുള്ളിയാണെന്നുമെൻ ദാഹജലം
നിർവ്വചനങ്ങൾക്കുമതീതമീ ബന്ധമേ
നിന്നോളമാരെന്നെ സ്നേഹിപ്പതായ്
ആ കരതാരിനാലെ ഭുജിച്ചാലേ
ആത്മാവിനെന്തൊരു സായൂജ്യവും
കൂടിയങ്ങേറെക്കഴിയുന്നിതാ
കൂട്ടാളിയൊത്തങ്ങു ഞാനുമിന്ന്
ചേർച്ചയില്ലായ്മകളേറെയെന്നാൽ
ചേർത്തുനിർത്തുന്നിതെന്നുമെന്നും
ഓർക്കുവാനേറെയും നല്കിയിന്ന്
ഒത്തൊരുമിച്ചങ്ങു കൂടിടുമ്പോൾ
സ്വർഗ്ഗതുല്യമാകുമീ കുടുംബം
സായുജ്യമേകുന്നിതെന്നെന്നുമേ
ഏറെ പണിപ്പെട്ടിതങ്ങു നേടി
ഏറെയങ്ങുള്ളതാം ആശകളും
മോടിയിലാകെയണിഞ്ഞൊരുങ്ങി
മോദമങ്ങേറി നടന്നു ഞാനും
കഷ്ടതയേറെ സഹിച്ചങ്ങനെ
ഇഷ്ടമ തൊക്കെയും സ്വന്തമാക്കി
സംതൃപ്തയായിക്കഴിഞ്ഞങ്ങനെ
സ്വന്തമായ് നിർമ്മിച്ചൊരെൻ ഗൃഹത്തിൽ.