രചന : ദീപക് രാമൻ ശൂരനാട്.✍
അടച്ചിട്ട വീടിൻ്റെ വാതിലും ജനലും
അവളുണരുമ്പോൾ താനെ തുറക്കും…
സുഗന്ധം പേറിയ ഒരു ചെറുകാറ്റ്
തൊടിയിൽ വെറുതെ ചുറ്റിത്തിരിയും…
കുളി കഴിഞ്ഞെത്തുന്ന അവളെയും
കാത്തിരിക്കുന്ന കുങ്കുമച്ചെപ്പിനെ
മുടിയിൽ തിരുകിയ തുളസിക്കതിർ
അസൂയയോടെ നോക്കിനിൽക്കും.
അടുക്കളയിൽ അവളെത്തുമ്പോൾ
പാത്രങ്ങൾ പൊട്ടിച്ചിരിക്കുകയും
തണുത്ത് മരവിച്ച പുകയടുപ്പിൽ
തീ ആളിക്കത്തുകയും ചെയ്യും…
മുറ്റത്ത് അവളിറങ്ങുമ്പോൾ എണ്ണ-
വറ്റിയ ഇരുമ്പ്കപ്പി പാട്ടുപാടുന്നതും
മുഷിഞ്ഞ തുണി അലക്കുകല്ലിനോട്
പ്രണയം പറയുന്നതും കേൾക്കാം…
അവളുണരുമ്പോൾ അവൾക്കൊപ്പം
ഒരമ്മയും പ്രകൃതിയുമുണരുകയാണ്
പുലരിയും പ്രതീക്ഷയുമുണരുകയാണ്,
ഓരോ വീട്ടിലുംസ്നേഹം ഉണരുകയാണ്…