രചന : ഷബ്‌നഅബൂബക്കർ✍

മനം കുളിരുന്ന മനോഹാരിതയിൽ
പ്രകൃതിയെ നീഹാരം പുതപ്പിച്ചൊരുക്കിയ
നൂറു നൂറ് ശിശിരത്തിനും,
ഓർമ്മകൾ തൊട്ടുണർത്തി പെയ്തൊഴിഞ്ഞയോരോ വർഷത്തിനും,
പ്രണയം പൂത്തുലഞ്ഞു പടർന്നയോരോ
വസന്തത്തിനും,
വസന്തം പടിയിറങ്ങിയതിൽ പിന്നേ
വരണ്ടുണങ്ങി പൊള്ളിയർന്നയോരോ
ഗ്രീഷ്മത്തിനും,
കാലമേ നീ തന്നെ സാക്ഷി…

മിഠായി മധുരത്തിനൊപ്പം അറിയാതെ
രുചിക്കുന്ന മസ്തിഷ്ക തീനിയാം
ലഹരിക്കു വേണ്ടി മത്തു പിടിച്ചലയുന്ന
കളങ്കമറിയാത്ത പിഞ്ചു ബാല്യങ്ങൾക്കും,
ആയുധങ്ങളേന്തി പോരടിച്ചു
തഴമ്പു വീണ മനസ്സുമായി
കഴിയുന്ന കൗമാരയൗവനങ്ങൾക്കും
കാലമേ നീ തന്നെ സാക്ഷി…

നിശകളിലൊക്കെയും വന്യമായൊരു
മൃഗത്തിലേക്ക് പരകായപ്രവേശനം
ചെയ്യുന്ന പകൽ മാന്യർക്കും,
കെട്ടകാലത്തിൽ കെട്ടു പോകാത്ത
നന്മയുടെ വെട്ടം കാണാനാവാതെ
തിമിരം ബാധിച്ച സമൂഹത്തിനും,
പാമ്പിനെ കൂട്ടു പിടിച്ചു പാതിയെ
കൊല്ലുമ്പോൾ അവന്റെ ഉള്ളിലെ
വിഷത്തിന്റെ വീര്യം കണ്ട് പകച്ചു
പത്തി മടക്കിയ ഉരഗങ്ങൾക്കും,
കാലമേ നീ തന്നെ സാക്ഷി…

മരിച്ചു വീണ ധാർമികതയ്ക്കും,
ചതിച്ചു കൊന്ന പ്രണയത്തിനും,
സ്വാർത്ഥതയുടെ ബലികല്ലിൽ
ആത്മഹൂതി ചെയ്ത വിശ്വാസത്തിനും,
എരിഞ്ഞു കത്തിയൊടുക്കം
അഹങ്കാരത്തിന്റെ ചവിട്ടേറ്റു
കെട്ടൊടുങ്ങിയ വിശപ്പിനും,
അധർമ്മത്തിന്റെ അതിപ്രസരത്തിൽ
വംശഹത്യയിലേക്ക് വീണു പോയ
മാനവികതയ്ക്കും
കാലമേ നീ വെറും മൂകസാക്ഷി…

മാറിമാറിയുന്ന ഓരോ ഋതുക്കൾക്കുമൊപ്പം
മാറ്റമെഴുതുന്ന പരിഷ്കാര സമൂഹമേ
വർത്തമാനത്തിന്റെ അലയൊലികളിൽ
മണ്മറഞ്ഞയോരോ ഭൂതവും നഷ്ട
പ്രതാപത്തെയോർത്തു
മൗനമായി പരിതപിക്കുന്നുണ്ടാവും,
ക്രൂരതയുടെ പര്യായമായൊരു നാളിനെ
വരവേൽക്കാൻ മടിച്ചു ഭാവിയും
കാണാമറയത്തിരുന്നെത്ര
ഭയം തിന്നു തീർക്കുന്നുണ്ടാവും?

രക്ത ചുവപ്പിനാൽ നീ വരയ്ക്കുന്ന
ലോകം ഇനി എത്രനാളെന്ന് ഉള്ളിലൊരു
വേദനയുടെ നെടുവീർപ്പുയരുന്നു,
മനസ്സിലൊരു ഭാരം നിറഞ്ഞ് പതിയെ
ശ്വാസം പോലും വിലങ്ങുന്നു.
കൊഴിഞ്ഞതിനും, വിരിഞ്ഞതിനും
വിടരാൻ കാത്തിരിക്കുന്നയോരോ
മുകുളങ്ങൾക്കും
കാലമേ നീ തന്നെ സാക്ഷി.

By ivayana