രചന : ഗഫൂർ കൊടിഞ്ഞി✍

കാഞ്ഞിരം കൈയ്ക്കുന്ന
ഓരോ കവിതയും
കൊടുങ്കാറ്റുണരുന്ന ഗിരികൂടങ്ങളാണ്.
കാളിമയുടെ സർപ്പദംശത്താൽ
കരൾ ചുരന്നുയരുന്ന വെളിപാടുകൾ,
കവിഹൃദയത്തിൽ ഒരഗ്നിപർവ്വതം.
മിനുമിനുപ്പാർന്ന കടലാസുകളും
അച്ചിൽ തിളങ്ങുന്ന അക്ഷരപ്പൊലിമയും
കാലത്തിന്
പുറംതിരിഞ്ഞാണിരിക്കുന്നത്.
കടലാസ് ഗാന്ധാരിയെപ്പോലെ,
കേവലം അസ്വസ്ഥമനസ്സിൻ്റെ
നൊമ്പരങ്ങളാവാഹിക്കാൻ
വിധിക്കപ്പെട്ട ഗർഭപാത്രം.
പ്രസാദമായ കവിത കുറിക്കാൻ
പറന്നകന്ന
പ്രഭാതങ്ങളിലകംപൂഴ്ത്തി
കവി മൗനത്തിൻറ വാൽമീകങ്ങളിലൂടെ
തീർത്ഥായനം ചെയ്യുന്നു,
യാത്രാന്ത്യത്തിൽ
താൻ നിഷേധത്തിൻ്റെ
മദ്ധ്യാഹ്നത്തിലെന്ന് തിരിച്ചറിയന്നു.
ഋതുക്കളുടെ പുനരാവർത്തനംപോലെ
ഗാന്ധാരിമാരുടെ
ഗർഭപാത്രമുടച്ചുവരുന്ന
ഓരോകുഞ്ഞും
കൂരിരുട്ടിൻറെ കാളിമയേറ്റ്
കരുവാളിക്കുന്നു.
തൻ്റെ സർഗ്ഗബീജങ്ങളിൽ
ഒരു നിഷ്കളങ്കഭ്രൂണമെന്ന
കവിയുടെ സ്വപ്നം അങ്ങനെ വ്യർഥമായ്ത്തീരുന്നു.
വ്യർഥങ്ങളുടെ ബാഹുല്യത്തിൽ
കവി ഭ്രാന്തനെന്ന്
മുദ്രയടിക്കപ്പെടുന്നു.

By ivayana