രചന : ശ്രീചിത്രൻ എം ജെ ✍

ഈ ചിത്രം ഈ ലോകകപ്പിലെ ഏറ്റവും ചേതോഹരമായൊരു മുഹൂർത്തമാണ്. അവസാനപെനാൽറ്റി കിക്ക് എടുത്ത് വല കുലുക്കിയ ലൗട്ടാരോ മാർട്ടിനസിലേക്ക് അർജൻ്റീനയുടെ മുഴുവൻ ബറ്റാലിയനും കുതിച്ചു.

ഈ ഒരു മനുഷ്യൻ മാത്രം പതിവുപോലെ തൻ്റെ മുത്തശ്ശിയെ ഓർക്കുന്ന ആകാശത്തേക്ക് മുഖമുയർത്തിയുള്ള അഭിവാദ്യത്തിനു ശേഷം, എല്ലാ ടീമംഗങ്ങളും പാഞ്ഞതിന് നേരെ എതിർവശത്തേക്ക് ഓടി. അവിടെ ഒരാൾ കമിഴ്ന്ന് മുഖം പൂഴ്‌ത്തി കിടക്കുന്നുണ്ടായിരുന്നു. എമിലിയാനോ മാർട്ടിനസ്.

ആദ്യത്തെ രണ്ട് പെനാൽറ്റികളും സൂപ്പർ സേവ് ചെയ്ത ഗോൾകീപ്പർ. ആ സേവുകളിലാണ് യഥാർത്ഥത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് തീരുമാനമായത്. അവസാനകിക്കെടുത്ത ലൗട്ടാരോക്ക് മുൻപ് അഭിനന്ദനമർഹിക്കുന്നത് എമിലിയാനോ ആണ്. മറ്റാർക്കും ആ ആഹ്ലാദത്തിമർപ്പിൽ അതു തോന്നിയില്ല. പക്ഷേ അയാൾക്ക് അതു തോന്നി. ഓടി അടുത്തുചെന്ന് എമിലിയാനോ യെ അഭിനന്ദിച്ച് എഴുന്നേൽപ്പിച്ചു. അതാണ് ലിയൊണൽ ആന്ദ്രെസ് മെസി.


റിസർവ് ബഞ്ചിലെ ഇടിക്കൂറ്റൻമാർ കൂടി മൈതാനത്തേക്ക് ചാടിയിറങ്ങിയ സമയത്ത് ഒരിക്കലും പതിവില്ലാത്ത വിധം എതിർ ടീമിൻ്റെ കോച്ചിനോട് എന്തോ മെസി ചോദിക്കുന്നത് ശ്രദ്ധിച്ചിരുന്നു. മെസിക്കിത് പതിവില്ലല്ലോ എന്ന് ആലോചിക്കുകയും ചെയ്തു. ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ” നല്ല ഫുട്ബാൾ എവിടെ?” എന്നാണ് മെസി ചോദിച്ചത്. കളിക്കു മുൻപേ മെസിയെ പൂട്ടാനറിയാം എന്നൊക്കെ വീമ്പിളക്കിയ വാൻഡാലിലോട് മെസിയെപ്പോലൊരു ഇൻട്രോവർട്ട് നാവുകൊണ്ട് മറുപടി കൊടുക്കരുത് എന്നാണാഗ്രഹം.

യെസ്, അതിലൊന്നും മെസി പറഞ്ഞില്ല. ഈ യുദ്ധം കണ്ടിട്ട് ”നല്ല ഫുട്ബാൾ എവിടെ” എന്നാണയാൾ ചോദിച്ചത്. നല്ല ഫുട്ബാൾ കളിച്ച് തന്നെ പൂട്ടിയാലും ശരി. ടീമിനെ തോൽപ്പിച്ചാലും ശരി. പക്ഷേ നല്ല ഫുട്ബാൾ കളിക്കണം. അതെവിടെ എന്നതു മാത്രമാണ് അയാളുടെ ചോദ്യം.


മലയാളി ആരാധകർ മനസ്സിലാക്കേണ്ടത്, ബ്രാ- അര എന്നൊക്കെയെഴുതി ജീവിക്കുന്ന നിങ്ങളുടെ ലോകമല്ല മഹാൻമാരായ കളിക്കാരുടെ ലോകം. അവർ അവരുടെ സ്പോർട്മാൻഷിപ്പ് ഉയരത്തിൽ ഏതു വിജയത്തിലും പരാജയത്തിലും ജ്വലിച്ചു നിൽക്കും.

By ivayana