രചന : വാസുദേവൻ. കെ. വി✍
ആരവങ്ങൾ നിലയ്ക്കാൻ ഇനി നാലു കളികൾ മാത്രം.ഖത്തറിൽ 8 ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ചെലവാക്കിയത് 650 കോടി യു എസ് ഡോളർ .ഒരെണ്ണം മാത്രം പൊളിച്ചു മാറ്റി പുനരുപയോഗ സാധ്യതയുള്ളത്.
ബ്രസീലിൽ മാറക്കാന സ്റ്റേഡിയത്തിന് 2013 ലെ കണക്കനുസരിച്ച് ചെലവായത് 114 കോടി യു എസ് ഡോളർ.
2030 ലെ ഫിഫ ലോകകപ്പ് ആതിഥെയത്വം സ്വപ്നം കാണുന്ന മൊറോക്കോ 93000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്നാമത്തെ വലിപ്പമേറിയ കാസാ ബ്ലാങ്കാ സ്റ്റേഡിയത്തിൻ്റെ പണിപ്പുരയിലാണ്.
കേട്ടുകാര്യസ്ഥതയും, കൊടിയ അഴിമതി ആരോപണവും നേരിടുന്ന കായിക സംഘടന,ഖത്തർ ലോകകപ്പിൽ നിന്ന് മാത്രം ഫിഫ കൊയ്ത്തെടുക്കുന്നത് മൂന്നു ബില്ല്യൺ ഡോളർ വരുമാനം. അതായത് 24500 കോടി ഇന്ത്യൻ രൂപ!! മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടും പോയെന്ന് പറയാൻ ഇനി ദിവസങ്ങൾ മാത്രം.
ഖത്തർഭാവി ഇനി ആശങ്കയിൽ.
കൂട്ടിവെച്ച എണ്ണപ്പണം ചോരുന്നു. എന്നും ആവില്ല ഈ കുഴിച്ചെടുക്കൽ.
തൊഴിൽ നിയമങ്ങളും, പരിസ്ഥിതിക മൂല്യങ്ങളും കാറ്റിൽ പറത്തി കെട്ടിപ്പൊക്കിയതൊക്കെ പരിപാലനച്ചെലവ് താങ്ങാനാവാതെ ഇനി നോക്കി പല്ലിളയ്ക്കും. പ്രകൃതി സമ്പന്നമല്ലാത്ത മണലാരണ്യത്തിലേക്ക് ഇനി ടൂറിസ്റ്റ് വരുമാനവർദ്ധനവ് പ്രതീക്ഷിക്കാനാവില്ല.
ലോകകപ്പ് മാമാങ്കത്തിനായി ബ്രസീൽ കെട്ടിപ്പൊക്കിയ ബ്രസീലിയ സ്റ്റേഡിയം ഇന്ന് ബസ് പാർക്കിംഗ് ഹബ്. കൊറിയയിലും, മെക്സിക്കൊയിലും അതു തന്നെ സ്ഥിതി.
ബുദ്ധി കൊണ്ട് ചിന്തിക്കുന്ന അമേരിക്കയും ജർമ്മനിയും ലോകകപ്പ് വേദി ചോദിച്ചുവാങ്ങിയത് നിലവിലുള്ള സ്റ്റേഡിയങ്ങൾ മോടി പിടിപ്പിച്ച് തന്ത്രപൂർവ്വം.
അമേരിക്ക പോലും അടുത്ത ലോകകപ്പ് ആതിഥേയത്വം മറ്റു രണ്ടു രാജ്യങ്ങൾക്കൊപ്പം പങ്കുവെച്ചു കൊണ്ടാണ് എന്നത് ശ്രദ്ധേയം.
കാല്പന്ത് കളിഭ്രമമുള്ള ജനത ഇംഗ്ലണ്ട്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ വികസിത രാജ്യങ്ങളിൽ. ഫിഫ ലോകകപ്പ് നിലവാരത്തെ മറികടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ, ലാ ലീഗ,ഫ്രഞ്ച് ,സീരി-എ ലീഗ് മാമാങ്കങ്ങൾ. വൻതോതിൽ സ്വകാര്യ നിക്ഷേപം. കോടീശ്വരൻമാരുടെ ക്ലബ്ബുകൾക്ക് സ്വന്തമായി സ്റ്റേഡിയങ്ങളും, ഹോട്ടലുകളും, മാധ്യമങ്ങളും. പൊതുഫണ്ടിൽ നിന്നല്ല അവരുടെ കളിധൂർത്ത്.
ഖത്തറിലേക്ക് മടങ്ങാം..
പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് 2022 ലോകകപ്പ് വേദിക്കായി ഖത്തർ ബിഡ് നൽകുമ്പോൾ നൽകിയ ഉറപ്പുകൾ ധാരാളം. ആഡംബര ഹോട്ടലുകൾ, നിലവാരമുള്ള റോഡുകൾ, നികുതി രഹിത ഓഫറുകൾ. നിർമ്മാണ പ്രക്രിയയിൽ തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിയതിന് തെളിവുകൾ. പാവപ്പെട്ട തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടലുകൾ. അഴിമതി കണക്കുകൾ.
ലംഘിക്കപ്പെട്ട പ്രധാന വാഗ്ദാനം കാർബൺ ന്യൂട്രൽ ലോകകപ്പ് എന്നത്. പൂർണ്ണമായും ഫോസ്സിൽ ഇന്ധനങ്ങൾ കൊണ്ട് പ്രവർത്തിപ്പിച്ച നിർമ്മാണ പ്രക്രിയകൾ. സൗരോർജ്ജവും, കാറ്റിൽ നിന്നുള്ള ഊർജ്ജവും ഇനിയും പ്രചാരത്തിൽ ഇല്ലാത്ത രാജ്യം. എത്ര ടൺ കാർബൺ പുറത്തു തള്ളിയിരിക്കും? കളി നടന്ന ഓരോ സ്റ്റേഡിയവും പുറത്തു വിട്ടത് ദശ ലക്ഷകണക്കിന് ടൺ കാർബൺ ഡൈ ഓക്സൈഡ്, സസ്യജാലങ്ങൾ കുറവുള്ള മണ്ണിൽ.
ജനസംഖ്യാ കണക്കുകളേക്കാൾ കൂടുതൽ പേർ കളികാണാൻ എത്തി ഇത്തവണ. അവർ നിക്ഷേപിച്ച മാലിന്യങ്ങൾ. യാത്രയ്ക്ക് പുറം തള്ളിയ പുക. അമ്പത് കിലോമീറ്റർ ചുറ്റളവിൽ മാലിന്യ പൂരിതം. ഇന്ത്യയിൽ കുടിവെള്ള ലഭ്യത 10% എങ്കിൽ ഖത്തറിൽ അത് 1% ത്തിൽ താഴെ എന്ന വസ്തുത മറക്കരുത്.
നേരിടേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഖത്തറിനപ്പുറം അറബ് രാഷ്‌ട്രങ്ങൾക്കും ഇനി.
മണലാരണ്യങ്ങളിൽ ഇനി കാലാവസ്ഥ വ്യതിയാനങ്ങൾ. വരുംതലമുറയുടെ ജീവിതം ദുസ്സഹമായേക്കാം.
ആന അപ്പിയിടുന്നത് കണ്ട് ആട് മോഹിക്കരുത് എന്ന് പഴമക്കാർ.
അന്നമാണ്. മണ്ണ് വാരി ഇടാതെ പോകട്ടെ. കുത്തി നാട്ടിയ പടുകൂറ്റൻ കട്ട്ഔട്ടുകളും, ഫ്ലെക്സ് ബോർഡുകളും പിഴക്കിയെറിഞ്ഞ് ഫുട്ബോൾ പ്രേമികൾക്ക് പ്രാർത്ഥിക്കാം ഇനി.