രചന : ടി.എം. നവാസ് വളാഞ്ചേരി✍

“അസഹിഷ്ണാലുക്കളുടെ ശബ്ദത്തിന് കനം വെക്കുന്നത് നമ്മുടെ നിശ്ശബ്ദതയിൽ നിന്നാണ് ഭീഷണികൾക്ക് പകരം വാക്കുകൾ കൊണ്ട് വാദിക്കാൻ അവർ പഠിക്കട്ടെ”
(ഗൗരി ലങ്കേഷ്)
ഡിസംബർ 10 അന്താരാഷ്ട മനുഷ്യാവകാശ ദിനം.
മനുഷ്യന്റെ അവകാശങ്ങളിലും അതിർ വരമ്പിട്ടിരിക്കുകയാണിന്ന്.
വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും ജാതിയുടെയും
മതത്തിന്റെയും അതിർവരമ്പുകൾ .

കുത്തിയുടച്ചു നമ്മൾ നമ്മുടെ ആദർശത്തിൻ തായ് വേര്
എടുത്തണിഞ്ഞു കപടത മൂടിയ പൊയ്മുഖമങ്ങത് വേഗത്തിൽ
നാടോടുമ്പോൾ നടുവെ ഓടാൻ മുമ്പിൽ നിന്നവരെല്ലാ രും
ഒഴുക്കിനെതിരെ നാവായ് വാളായ് വന്നില്ലാരും വാഴാനായ് .
തകർന്നടിഞ്ഞു തത്വമതൊക്കെ പിന്നിൽ വാഴും സാത്താനാൽ .
അലറി വിളിച്ചു ഗതികിട്ടാതെ അശരണരൊരുപാടീ മണ്ണിൽ
പൊള്ളാൽ പണിതൊരു കൊട്ടാരങ്ങൾ അമ്പെ വീണു തകർന്നപ്പോൾ
അരുതായ്മകളാൽ അരങ്ങു വാണു അക്ഷരവൈരികളൊന്നാകെ
നാക്കാൽ വാക്കാൽ ചൊല്ലുന്നോരുടെ നാക്കും വാക്കും പൂട്ടാനായ്
അപസ്വരങ്ങളുയർത്തി എന്നും ഭയപ്പെടുത്തി വാഴുന്നോർ
അപമാനിക്കാൻ മുദ്രകൾ ചാർത്താൻ കൂട്ടായി ചേർന്നു കൂട്ടങ്ങൾ
അവകാശങ്ങൾ കവർന്നെടുക്കാൻ പടച്ചുവിട്ടു നുണയേറെ
ശതകോടികളത് വാരിക്കൂട്ടാൻമതത്തെയെന്നും മറയാക്കി
പകുത്തു നൽകി നാടിൻ വിഭവം മടിച്ചിടാതെ വമ്പർക്കായ്
വർഗ്ഗീയതയുടെ വിഷവിത്തുക്കൾ പടർത്തി വിട്ടു നിർലജ്ജം
എടുത്തു കപടർ സത്യം മായ്ക്കാൻവിദ്വേഷത്തിൻമന്ത്രങ്ങൾ
അവകാശികളുടെ അവകാശങ്ങൾ അടർത്തിമാറ്റി സൂത്രത്തിൽ
എതിർത്തിടുന്നോരമ്പെ തള്ളി കുരുക്കിലാക്കി ജയിലറയിൽ.
പോത്തിൻ ചെവിയിൽ വേദമിതോതിട്ടെന്തൊരു കാര്യം മാളോരെ .
എങ്കിലുമിനിയും നോവാൽ പാടാം പിറന്ന നാടിൻ നൻമക്കായ്.

ടി.എം. നവാസ് വളാഞ്ചേരി

By ivayana