രചന : ജലീൽ കൈലാത് ✍

ഇങ്ങിനെയായിരുന്നില്ല താങ്കൾ ഈ ലോകകപ്പിൽ നിന്ന് വിടവാങ്ങേണ്ടിയിരുന്നത്.
താങ്കളെ ആദ്യ ഇലവനിൽ ഇറക്കാതിരുന്നപ്പോൾ തന്നെ എന്റെ മനസ്സ് പകുതി മരിച്ചു പോയിരുന്നു.


ഞങ്ങൾക്ക്, പോർച്ചുഗൽ എന്നൊരു രാജ്യത്ത് ഫുഡ്ബോൾ കളിക്കുന്നവർ ഉണ്ടെന്നുള്ള ബോധ്യം ആദ്യം ഒന്നും ഉണ്ടായിരുന്നില്ല,
പോർച്ചുഗൽ എന്നത് കേവലം പറങ്കി അണ്ടി ഉണ്ടാവുന്ന രാജ്യം മാത്രം ആണെന്നും, വാസ്കോടി ഗാമ കേരളത്തിൽ വന്ന ആദ്യ സഞ്ചാരി ഒരു പോർച്ചുഗീസുകാരൻ ആണെന്നും മാത്രമേ ഞങ്ങൾക്ക് അറിവുണ്ടായിരുന്നുള്ളൂ.
ഒരു രാജ്യം മുഴുവൻ ഒരാളുടെ പേരിൽ അറിയപ്പെട്ടു തുടങ്ങിയിട്ട് രണ്ട് ദശകങ്ങൾ കഴിഞ്ഞിരിക്കുന്നു, ആ ആളുടെ പേരാണ് താങ്കൾ, ലോകം മുഴുവൻ CR7 എന്ന് വിളിക്കുന്ന താങ്കൾ.


അതിമാനുഷ്യൻ എന്ന് തോന്നാത്ത വിധം താങ്കൾ സമൂഹത്തോട് പ്രതികരിക്കുന്ന രീതിയും, എന്നും സഹജീവികളോടുള്ള താങ്കളുടെ കരുണയും കണ്ടു മനം കുളിർന്നിട്ടുണ്ട്, ഒരു പാട് തവണ, മറ്റുള്ള കളിക്കാരെ പോലെ അനാവശ്യമായ ഒരു റ്റാറ്റുവും താങ്കളുടെ ശരീരത്തിൽ ഇല്ല എന്ന് ഊറ്റവും കൊണ്ടിട്ടുണ്ട്..!
ഇനിയൊരു ലോകകപ്പ് കൂടെ താങ്കളിൽ അവശേഷിക്കുന്നില്ലായിരിക്കാം, പക്ഷെ ഇന്നേ വരെ ലോകം കണ്ടിട്ടുള്ള ‘the perfect foodballer’ എന്ന പേരിന് ഒരേ ഒരു നേരവകാശിയെ ഉള്ളൂ, അത്‌ താങ്കളാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും.
തലയുയർത്തി പോകുക, പോർച്ചുഗീസ് ഫുട്‌ബോൾ എന്നാൽ താങ്കളാണെന്ന് ചരിത്രം ആവർത്തിക്കും, CR7 എന്ന മൂന്നക്ഷരം, ഫുട്ബാൾ എന്ന കായിക മാമാങ്കം ഉള്ള കാലത്തോളം സ്വർണ്ണ ലിപികളിൽ എഴുതപ്പെടുകയും ചെയ്യും..!!


NB: കുങ്കുമം ചുമക്കുന്ന കഴുതക്ക്, അതിന്റെ വിലയറിയില്ല എന്നേ, ക്രിസ്ത്യാനോ റൊണാൾഡോവിന് റിസേർവ് ബെഞ്ചിൽ സ്ഥാനം കൊടുത്ത ആ കോച്ചിനോടും പറയാനുള്ളൂ..!!

By ivayana