രചന : മധുമാവില✍

മുണ്ടേരി ഭാഗത്ത് നിന്നും സന്ധ്യക്ക് ലഹരിയും തമാശയും ഉള്ളിലാക്കി വരുന്നവരെയും കൊണ്ട് വരുന്ന ബസ്സ്ഇവിടെ എത്തിയാൽ പകുതിയോളം ആളുകൾ ഇറങ്ങാനുണ്ടാകും.
അത്രയും ആളുകൾക് വീട്ടിലേക്ക് പോകാൻ നാല് ഭാഗത്തേക്കുള്ള റോഡിൻ്റെ നാലുംകൂടിയ കവലയാണ് ചാപ്പ .


ബസ്സ് സ്റ്റോപ്പിൻ്റെ പേര് ചാപ്പ – എന്നാണെങ്കിലും ക്ലീനർ ഗംഗാട്ടൻ ചാപ്പയെല്ലാം ഇറങ്ങിക്കോ എന്ന് തമാശയിൽ പറയുന്നത് കേൾക്കുമ്പോൾ ബസ്സിലിരിക്കുന്നവർ ചിരിക്കുന്നതും പതിവായപ്പോൾ ചിലർ ഇവിടെ ഇറങ്ങാതെ തൊട്ടടുത്ത സ്റ്റോപ്പുകളിൽ ഇറങ്ങി നടന്നുപോകുന്നത് – ചാപ്പയിറങ്ങിക്കോ’ എന്ന കമൻ്റ് മനസിലുണ്ടാക്കിയ ജാള്യം കൊണ്ടാണന്ന് കുറെക്കാലം കഴിഞ്ഞപ്പോൾ മനസിലായി.. പേരിനൊപ്പം ചാപ്പയെന്ന വിളിപ്പേര് ഇന്നും മുറിച്ചു മാറ്റാൻ പറ്റാത്തവരുടെ നിസ്സഹായതയിൽ അപ്പയാട്ടൻ്റെ വഞ്ചിപാട്ടും തൂർത്തുവിൻ്റെ തമാശയും ചിരിയും കൊഴുപ്പിക്കാൻ സ്ഥിരം കാഴ്ചക്കാരുടെ കമൻ്റും ഒക്കെയായ്, വൈകുന്നേരം നാടൻ പാട്ടും തമാശകളും ഒച്ചയും ബഹളവും ഒക്കെയുള്ള കലാഗ്രാമവേദിയായിരുന്നു ചാപ്പ.


അസീസിൻ്റെ പെട്ടിക്കടയും മില്ലിൻ്റെ പരിസരവും യുവാക്കളുടെ ക്ലബ് പോലെയാണ്. ടൈലർ ഷാപ്പിൻ്റെ ബഞ്ചും ബാർബർഷാപ്പും ഒരു ബസ്സ് ഷെൽട്ടറും ഏത് സമയത്തും ,ജോലിക്ക് പോകാത്തവരുടെ താവളമാണ്. വലിയന്നൂർ ഭാഗത്ത് നിന്ന് വരുന്നവരിൽ ലഹരിയുണ്ടാവുമെങ്കിലും പെട്ടന്ന് മനസിലാവില്ലന്ന് മാത്രം ,ലാസ്റ്റ് ബസ്സിൽ മാത്രമേ വലിയന്നൂർ വയൽ മുതൽ പാട്ടുകാരുണ്ടായിരുന്നുള്ളൂ..


വൈകിട്ട് 6 മണി മുതൽ പാട്ടും ഒച്ചയും ബഹളവും ചേർന്ന കലാസന്ധ്യയിൽ
മധുരപതിനേയ്കാരിയായ് ഒരു പാട് പേർക്ക് ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്ത ഒരു വികാരമായിരുന്നു ചാപ്പ.


ഫ്ലിപ്കാർട്ടും ആമസോണും ജനിക്കുന്നതിനും 30 കൊല്ലം മുന്നെ 10 പൈസ കമ്മീഷൻ നൽകി ഡെലിവറി ബോയ്മാരെ വച്ച് ഒരു വലിയ പ്രദേശത്തിൻ്റെ വിവിധ ഭാഗത്തുള്ള വീടുകളിൽ മീൻഡെലിവറി സമ്പ്രദായം നടപ്പിലാക്കി മാർക്കറ്റ് ചെയ്ത മമ്മാലിക്കയുടെ വിപണനരീതി പിന്നീട് വന്ന ഒരു കച്ചോടക്കാരനും നടപ്പിലാക്കാനാവാത്തതിൻ്റെ രഹസ്യവുംഅന്നത്തെ ചാപ്പയും മമ്മാലിക്കയോടൊപ്പം ഓർമ്മയായ്..


ഓൺലൈൻ ബുക്കിങ്ങോ ഫോൺ ബുക്കിങ്ങോ ഒന്നുമില്ലാതെതന്നെ ഒരു വലിയ പ്രദേശത്തുള്ള ഇടത്തരം പ്രമാണിമാരുടെ വീടുകളിലേക്ക് മത്തിയും ഐലയും ചരുവും മിക്ക ദിവസങ്ങളിലും എത്തിച്ചിരുന്ന മമ്മാലിക്കയുടെ മീൻ കച്ചോടം ലാഭത്തിന് വേണ്ടി മാത്രമായിരുന്നില്ലന്നതാണ് ചരിത്രം. കുഞ്ഞിമത്തിയും മറ്റും വിറ്റുതീരാത്ത ദിവസങ്ങളിൽ അളവിൽ കൂടുതൽ വാരി കെട്ടി കൊടുത്തയക്കുന്നതും പതിവ് കാർക്ക് ബോണസും പതിവ്.. ഒരു ഭാഗത്തേക്ക് അലുമിനിയത്തിൻ്റെ ഒട്ടിയ ബക്കറ്റിൽ , മമ്മാലിക്ക കൊടുക്കുന്ന മീൻ കെട്ടുകൾ കണ്ണിന് കാഴ്ച കുറവാണങ്കിലും സലാം എല്ലാ വീടുകളിലുമെത്തിക്കും.. ഇടയിൽപ്പീടിക ഭാഗത്തേക്ക് രണ്ട് കയ്യിലും മീനുമായ് രണ്ട് മൂന്ന് ട്രിപ്പ് നടന്ന് സീറാൻ എത്തിക്കും.

വായനശാല മുതൽ ഇടയിൽപ്പീടിക വരെ സീറാൻ്റെ ഏരിയയാണ്. ഉപ്പിലയുടെയും ജാതിയുടെയും വലിയ ചപ്പിൽ മീൻ കെട്ടിക്കൊടുക്കുന്നത് ഇലയുടെ തണ്ട് പ്രത്യേക രീതിയിൽ തിരിച്ച് കയറ്റിയിട്ടായിരുന്നു.. മമ്മാലിക്കയുടെ മീനിൻ്റെ കെട്ട് 200 മിറ്റർ നടക്കുമ്പോഴേക്കും അഴിഞ്ഞ് മത്തിയും മറ്റും വീഴാൻ തുടങ്ങുന്നത് പതിവ്. കവുങ്ങിൻ പാള പഴുത്തുണങ്ങി വിഴുന്നത് വെള്ളത്തിലിട്ട് കുതിർത്ത് നേരിയ നൂല് പോലെ ചീകിയെടുത്തിട്ടാണ് മീൻ കെട്ടിക്കൊടുത്തിരുന്നത്.. ഒരു കെട്ട് ചപ്പും കവുങ്ങിൻ പാളയുടെ നൂലും മീൻകാരന് എത്തിച്ചു കൊടുത്താൽ ഒരു രൂപ കിട്ടുമായിരുന്നു കുട്ടികൾക്ക് . തോടൻ കിട്ടാട്ടൻ്റ പഴയ സൈക്കിൾ കടയിലും അന്താനത്തെ കാവൂട്ടിയുടെ പുതിയ സൈക്കിൾ ഷോപ്പിലും ഒരു മണിക്കൂർ വാടകക്ക് സൈക്കിൾ ഓടിക്കാൻ 50 പൈസ വേണമായിരുന്നു.

ബെല്ലും ബ്രേക്കുമുള്ളതിന് ബുക്ക് ചെയ്ത് കുറെ സമയം കാത്തിരുന്നാലേ കിട്ടുകയുള്ളൂ.. കലന്തനിക്കാൻ്റെ പറമ്പു മുതൽ ലക്ഷം മൂസാനിക്കയുടെ പറമ്പുവരെ പരന്ന് കിടക്കുന്ന നീലായ് എശമാൻ്റെ അഞ്ചേക്കർ പറമ്പിൻ്റെ മൈതാനം പോലെ ഒഴിച്ചിട്ട തട്ട് തട്ടായ നാല് വയലുകളാണ് സൈക്കിളോട്ടക്കാരുടെ ഇഷ്ട കേന്ദ്രം..വേനൽകാലത്ത് കുട്ടികൾക് സൈക്കിളോടിച്ച് പഠിക്കാനും പഠിപ്പിക്കാനുമുള്ള വീടോ ആൾത്താമസ മോ ഇല്ലാത്ത വലിയസ്ഥലമായിരുന്നു ഈ വയൽ.ഫുട്ബോളും sപ്പയും കളിക്കാൻ മുതിർന്നവരെത്തുന്ന അവധി ദിവസങ്ങളിൽ ആർപ്പുവിളിയും ബഹളവും, നാട് മുഴുവൻ എശമാൻ്റെ പറമ്പിലെത്തിയതു പോലെ ബഹളമായിരുന്നു.


അന്ന് സൈക്കിൾ ഓടിക്കുന്നവർ കാനചേരി കാവിൻ്റെ മുന്നിലെ കണ്ണൂർക്കാരൻ്റ പറമ്പിലേക്ക് പോകും. ഒരാൾ ഓടിക്കുന്ന സൈക്കിളിൻ്റെ പിന്നാലെ അടുത്ത റൗണ്ട് എടുക്കാൻ രണ്ട് പേർ സ്ഥിരമായ് ഓടിക്കൊണ്ടിരിക്കും… ജാതിചപ്പും ഉപ്പില ചപ്പും അവധി ദിവസങ്ങളിൽ മീൻകാർക്ക് എത്തിച്ചു കൊടുത്തിരുന്നവരുടെ പ്രധാനമായ ആവശ്യം സൈക്കിൾ വാടകക്ക് എടുക്കലായിരുന്നു.പിന്നെ നാരാണാട്ടൻ്റെ പൊറോട്ടയും ബാജിയും.


മഴക്കാലത്ത് വെള്ളോലിപ്പുംചാലിൻ്റെ നടുക്കായ് ഉള്ള ഒരു കുണ്ടിൽ തുണിയലക്കാനെത്തുന്ന പെണ്ണുങ്ങളും
നീന്തൽ പഠിക്കാനെത്തുന്ന ചെറിയ കുട്ടികളും കണ്ണി മീനിനെ ചെറിയ തോർത്ത് മുണ്ടിൽ കോരിയെടുക്കുന്നവരും എശമാൻ്റെ വയൽപറമ്പിലൂടെ കടോത്തും പൊയിലിലേക്ക്ഒലിച്ചുപോയ കാഴ്ചകളാണ്.. ഒഴുകിപ്പോയതൊന്നും പിന്നീട് തിരിച്ചുകിട്ടാത്ത നഷ്ടങ്ങൾഒറ്റ ദിവസം കൊണ്ട് മണ്ണിലലിയുന്ന ജാതിചപ്പുകളും ഉപ്പില ചപ്പുകളിലും മീൻ കെട്ടിക്കൊടുക്കുന്ന കാലത്ത് വാങ്ങിക്കുന്ന പ്രമാണിമാർക് കുറച്ചിലോ ജാള്യതയോ തോന്നിയിട്ടുണ്ടാകുമോ..!. ആവശ്യപ്പെടാതെ , മമ്മാലിക്ക കൊടുത്തയക്കുന്ന മീൻ വാങ്ങാതെ ഒരു വീട്ടുകാരനും തിരിച്ചയച്ചതുമില്ല, കൊണ്ടു കൊടുത്ത മീനിനെപ്പറ്റി ആരും കുറ്റം പറയുന്നതും കേട്ടിട്ടില്ല. അത്തരത്തിൽ കിട്ടാനുള്ള പണത്തിൻ്റെ പറ്റ് പുസ്തകമോകണക്കോ മമ്മാലിക്കയുടെ കയ്യിലുണ്ടായിരിക്കുമോ…?


എന്നും ചിരിച്ച് കൊണ്ട് മാടിവിളിച്, ഇരുന്നിടത്ത് നിന്ന് എണിറ്റ് വന്ന് മീൻ കെട്ടിക്കൊടുക്കുന്ന മനുഷ്യന് ഒരാമുഖം മമ്മാലികയുടെതായിരുന്നു… സ്ഥിരം മീൻ വാങ്ങുന്ന കുട്ടികൾക്ക് 10 പൈസ കമ്മീഷൻ കൊടുക്കുന്നത് പലർക്കും പോക്കറ്റ് മണിയായിരുന്നു. ഒരു പാട് കാലം ചാപ്പക്ക് നിന്ന് മീൻ കച്ചോടം ചെയ്തിട്ടും പണക്കാരനാവാത്തവർ ഒരു പാട് പേരുണ്ട് . മമ്മാലിക്കയും പരുക്കയും രണ്ട് വിത്യസ്ത രീതിയുള്ള കച്ചവടക്കാരായിരുന്നു. മമ്മാലിക്ക തമാശ പറഞ്ഞ് വാരിക്കെട്ടി കൊടുക്കുമ്പോൾ പരൂക്ക ഒന്ന് ഒന്ന്.. രണ്ട് ..രണ്ട് … മൂന്ന് ..മൂന്ന് എന്നിങ്ങനെ തെറ്റാതെ കൃത്യതയോടെ ഗൗരവക്കാരനായ് എണ്ണിക്കൊണ്ടാണ് മീൻ കെട്ടിക്കൊടുക്കുക.. എണ്ണുന്നതിൻ്റെ പണി കുറക്കാനായിട്ടാണോ ആവോ പരൂക്കയുടെ മീൻ കൂട്ടയിൽ എന്നും ചരുവും മുള്ളനും മറ്റുമായിരിക്കും. മത്തിയും ഐലയും എണ്ണത്തിനാണ് വില ..

ചില ദിവസങ്ങളിൽ ഒരു രൂപക്ക് 10 മത്തി കിട്ടുമ്പോൾ ചില ദിവസങ്ങളിൽ 5 മത്തിയേകിട്ടൂ.. അതുപോലെത്തന്നെ മറ്റുള്ള മീനിൻ്റെ എണ്ണവും .
ചാപ്പക്ക് ഇവർക്ക് പുറമേ കാവൂക്കയും മറ്റ് ചിലരും മീൻ വിൽക്കുമ്പോൾ അടുത്തടുത്ത ഒരോ പ്രധാന ബസ്സ് സ്റ്റോപ്പുകളിലും ഒറ്റക്കിരുന്ന് മീൻ കച്ചവടം നടത്തുന്നവരുണ്ട്.. എല്ലായിടത്തും ഒരേ വിലയാണോ മീനിന് എന്ന് അന്വേഷിച്ച് നടക്കുന്ന ചിലർ എണ്ണത്തിൽ ഏറ്റക്കുറച്ചിലുള്ള ദിവസം ചാപ്പക്കുള്ള ചൂഷക – മുതലാളിത്ത വിരുദ്ധ വിപ്ലവകാരികളെ വിവരം അറിയിക്കും..


ഉടൻ തന്നെ ഇക്കൂട്ടർ മീൻകാരൻ്റടുത്ത് എത്തി വിചാരണ ചെയ്യലും, എല്ലാവരും ഒരേ അളവിൽ വിൽക്കണമെന്നും വിധി പറയും. ഉത്തരവ് അനുസരിച്ചില്ലങ്കിൽ ‘ ഉടൻ തുടർനടപടി ‘യുമുണ്ടാകും..
കടപ്പുറത്ത് നിന്ന് മീൻവാങ്ങുന്നതിൻ്റെ വിലയോ ചാപ്പക്ക് എത്തിക്കാനുള്ള മറ്റ്ചിലവുകളോ ഇത്തരക്കാർകും കാഴ്ചക്കാരായവർക്കും അറിയേണ്ടതില്ലന്നതാണ് ഇവിടുത്തെ പ്രത്യയശാസ്ത്രം. മീൻവിൽപ്പനയിൽ തുല്യത നടപ്പിലാക്കിയിരിക്കണം എന്ന അറിവില്ലായ്മയുടെ നീതിശാസ്ത്രം എത്ര മ്ലേഛമായിരുന്നു എന്ന് ചിന്തിക്കാൻ പറ്റാത്ത കാലം. കടയിൽ വാങ്ങിക്കുന്ന ഒരു ക്വിൻ്റൽ ചാക്കരി ബില്ല് പ്രകാരം അളന്ന് തൂക്കി വിറ്റാൽ 98 കിലോയേ എത്തു എന്ന് തിരിച്ചറിഞ്ഞത് റേഷൻ കടയിൽ തൂക്കിക്കൊടുക്കാൻ നിന്ന കാലത്താണ്. എത്ര കണിശമായ് അളന്നാലും തൂക്കിയാലും കുറയുമെന്നതാണ് കണക്കിലെ ശരി. വിൽക്കുന്നവന്ന് _വാങ്ങിയ വിലയേക്കാൾ വിറ്റവിലയില്ലങ്കിൽ കച്ചവടം പൊളിയുമെന്നതിൻ്റെ ഉദാഹരണമാണ് ‘സഹകരണസ്റ്റോർ’ നടത്തി കടത്തിലായവരുടെ കദനകഥകൾ അറിയുന്നവർക്കറിയാം. ഇക്കാര്യം അന്നത്തെ ചൂഷക -മുതലാളിത്ത പ്രതിഷേധക്കാർക് മനസിലായതുകൊണ്ടാകാം അത്തരം കാഴ്ചകൾ അന്യം നിന്നുപോയത്.


മുതലാളിത്തത്തിനോടുള്ള വെറുപ്പും പ്രതിഷേധവും ഒരു കൂട്ട മീന് വിറ്റ് ജീവിക്കുന്നവനോടും കാണിച്ചതിൻ്റെ നേർ ചിത്രങ്ങൾ റോഡിൽ മീന് വാരി എറിഞ്ഞവരെയും കണ്ട് നിന്നവരെയും ഇത് വായിക്കുന്ന ചിലരേയെങ്കിലും ലജ്ജിപ്പിച്ചേക്കാം.
കണ്ണുരിൽ നിന്ന് വൈകീട്ട് 4 മണിക്ക് ചാപ്പയിൽ എത്തുന്ന ബസ്സിൻ്റെ മുകളിലെ മീൻകൂട്ട തലയിൽ വച്ച് പിടിക്കാതെ പിന്നിലെ ഏണിയിലൂടെ ഇറങ്ങുന്ന മമ്മാലിക്കയുടെ ബലിഷ്ടമായ ശരീരവും കാലിലെ മസിലുകളും ആശ്ചര്യത്തോടെ ഓർത്തത് സിക്സ് പാക്കും മസിലും ഉണ്ടാക്കാൻ ബൈട്ടക്കും പ്രസ്സ് അപ്പും പലതും നടത്തി തളർന്ന് പോയപ്പോയാണ്.


മിക്കവരുടെയും മീൻ കൂട്ടകൾ ബസ്സിൻ്റെ മുകളിൽ നിന്ന് അഭ്യാസിയെപ്പോലെ തലയിൽ വച്ച് ഇറക്കുന്നത് പരൂക്കയായിരുന്നു… സിങ്കിൻ്റെ മീൻ പെട്ടിയും പ്ലാസ്റ്റിക്ക് പെട്ടിയും പ്രചാരത്തിൽ വരുന്നതിന് മുന്നേ ഈറ്റ കൊണ്ടുള്ള കൂട്ടയുടെ അടിഭാഗത്ത് വലിയ ടയറിൻ്റെ ട്യൂബ് വീതിയിൽ മുറിച്ചെടുത്ത് ചൂടി കൊണ്ട് തുന്നികെട്ടി ബലപ്പെടുത്തിയിട്ടുണ്ടാകും.. ബസ്സിൽ നിന്ന് ഇറക്കുമ്പോൾ മീൻ കൂട്ടയിൽ നിന്ന് ഐസ് അലിഞ്ഞതും മീനിൻ്റെ ചോരയും ചേർന്ന് നാറുന്ന വെള്ളം മീൻകാരൻ്റെ കുപ്പായത്തിലേക്ക് ഉറ്റി വിഴുന്നത് അറപ്പോടെ നോക്കുന്ന ബസ്സ് യാത്രക്കാർ.


എല്ലാ ദിവസവും മിൻ- വിലനിലവാരവും ലഭ്യതയും മനസിലാക്കി ,നാളെക്ക് സൂക്ഷിച്ച് വെക്കാൻ പറ്റാത്ത മീൻ ഇരുട്ടിയാൽ വില കുറക്കുന്നത് വരെ കാത്തിരുന്നു സന്ധ്യക് മാത്രം മീൻ വാങ്ങുന്ന ചിലർ എല്ലായിടത്തുമുണ്ടാകാം. മീൻകാരൻ്റെ നഷ്ടത്തേക്കാൾ തൻ്റെ മാത്രം ലാഭം നോക്കുന്ന ചിലർവില കുറയാത്ത ദിവസങ്ങളിൽ മീൻ കൂട്ടാതെ കിടന്നുറങ്ങിയിട്ടുണ്ടാകും.

By ivayana