രചന : കൃഷ്ണമോഹൻ കെ പി ✍

വിത്തു കിളിർക്കുന്ന യാമങ്ങൾ കണ്ടുവോ
വിത്തത്തെ മോഹിക്കും ജന്മങ്ങൾ നാം
വിശ്വത്തിൻ നേരായ വിസ്മയം കാണുവാൻ
വൃദ്ധിയും കാണാൻ ശ്രമിച്ചുമില്ലാ
കടുകൊരു പാത്രത്തിൽ കിടന്നങ്ങു ചോദിപ്പൂ
കളയുന്ന സലിലത്തിലൊരു ബിന്ദുവീ
കലശത്തിലേക്കൊന്നു വീഴ്ത്തിയാൽ മത്സഖേ
കടുകും മുളച്ചൊരു കാഴ്ചയാകും
അനവധിജന്മങ്ങൾ വിലപിച്ചു നില്ക്കുമീ
അവനിയിലപരൻ്റെ ശോകത്തിനെ
അനുതാപമോടൊന്നു നോക്കുവാൻ പോലുമീ
അവനീസുതർക്കു കഴിവതില്ലാ
അരമാത്രയപരൻ്റെ ദു:ഖാർണ്ണവത്തിലെ
തിരയായി മാറാൻ ശ്രമിച്ചിടാതെ
അഖിലാണ്ഡമണ്ഡലശ്രുതി കേട്ടിടാതെയീ
അഭിരാമഭൂമിയിൽ ജീവിപ്പവർ
അമരരായ്ത്തീരുമോ, അധമരായ് മാറുമോ
അതിനൊരു ദിനമങ്ങു വന്നെത്തുകിൽ
അറിയില്ലമാനസം, അലസംഗമിയ്ക്കുന്നു
അനുദിനം മോഹനിതാന്തതയിൽ☕

കൃഷ്ണമോഹൻ കെ പി

By ivayana