വെട്ടിത്തിളങ്ങും മുഖവുമായ് ആദിത്യൻ
മട്ടുപ്പാവിൽ നിന്നു പുഞ്ചിരിക്കേ,
വെട്ടം പരന്നൂഴിയുറ്റവർക്കേകുന്നു
പട്ടുറുമാലിട്ട സുപ്രഭാതം..
കെട്ടിലും മട്ടിലും ദേവലോകത്തിന്റെ
ചിട്ടയിലെത്തുന്ന പൊൻകിരണം,
കെട്ടിപ്പിടിച്ചുണർത്തീടുന്നു ഭൂമിയെ
മുട്ടൊന്നുമില്ലാതെ സഞ്ചരിക്കാൻ..
പട്ടുടുത്തെത്തുവാനർക്കന്റ വാതിലിൽ
മുട്ടിവിളിക്കുന്ന പക്ഷികൾക്കും,
മൊട്ടുപോലിത്തിരിയുള്ളോർക്കുമെത്രയോ
തിട്ടമോടേകുന്നു തൂവെളിച്ചം..
കട്ടക്കരിയിരുട്ടാകിലോ നൂലിഴ
പൊട്ടിയ പട്ടംകണക്കെയെല്ലാം,
ഒട്ടും ശുഭകരമല്ലാതവതാളം
കൊട്ടുന്ന പാട്ടുപോലായിടുന്നൂ..
പെട്ടകംതന്നിലെ പൊൻവെളിച്ചം തരാൻ
ചൊട്ടതൊട്ടിന്നുമുദിച്ച നീയേ,
വട്ടംകറങ്ങുന്ന ധാത്രിക്കു നെറ്റിയിൽ
പൊട്ടുകുത്തേണമേ തൃക്കരത്താൽ….
ജയദേവൻ