രചന : സുബിൻ അമ്പിത്തറയിൽ✍

രാത്രിയില്‍
മുറിക്കുളളില്‍
തനിച്ചിരിക്കെ
കണ്‍മുന്നിലൊരു മരണം.
മിന്നി മിന്നി
അവസാന വെട്ടവും
വെടിയുകയാണ്
ചുവരിലെ ബള്‍ബ്.
ഏറെക്കാലമൊരേ മുറിയില്‍
വായിച്ചും, ഏകാന്തത
പകുത്തും ജീവിച്ചതാണ്.
പുസ്തകങ്ങളിലുദിച്ചു
നിദ്രയില്‍ നിലാവ് പൊഴിച്ചു.
കരഞ്ഞപ്പോള്‍, ലോകത്തെ
കണ്ണടച്ചിരുട്ടാക്കി തന്നു.
സമയം വന്നപ്പോള്‍
മരണം
അതിനെ കൊണ്ടുപോയി.
ഹോള്‍ഡറില്‍ നിന്നുമഴിച്ച്
മേശമേല്‍ കിടത്തി..
ഉടലിലിപ്പൊഴും ജീവന്റെ ചൂട്.
വേണ്ടപ്പെട്ടവരുടെ മരണം
വേണ്ടപ്പെട്ട പ്രവൃത്തികളെ
നിശ്ചലമാക്കുമ്പോലെ,
ഏകാന്തതയിലുണരും
തൃഷ്ണകളെ തടഞ്ഞ്
ഇരുട്ടുമുറിയില്‍
ഒരു ബള്‍ബിന്റെ
ശവശരീരത്തിന്
കൂട്ടിരിക്കുന്നു ഞാന്‍.
ബള്‍ബിനൊക്കെ
എന്തുജീവന്‍ എന്ന്
തോന്നിയേക്കാം..
പക്ഷേ,
ഈ രാത്രി
ഈ മരണം
അക്ഷരാര്‍ത്ഥത്തില്‍
ഇരുട്ടിലാഴ്ത്തിക്കളഞ്ഞു…
എന്നെ.

(വാക്കനൽ)

സുബിൻ അമ്പിത്തറയിൽ

By ivayana