രചന : ജിസ്നി ശബാബ്✍

ലോകം പന്തിലേക്കുരുളുമ്പോൾ
കൂടെയുരുന്നുണ്ട് നാടും നഗരവും.
ഫ്ലക്സും കട്ടൗട്ടും നിറഞ്ഞനേരത്ത്
എന്റെ നാടെന്നൊരു ചിന്തയിൽ
അസ്തിത്വം നിങ്ങളെ തലകുനിപ്പിച്ചുവോ?
വലുപ്പത്തിലേഴാമൻ
പെരുപ്പത്തിൽ രണ്ടാമൻ
കുഴപ്പത്തിലോ ഒന്നാമൻ
എന്നിട്ടുമെൻറെ ഭാരതമേ
ലോകകപ്പെന്തേ ഗൗനിക്കാത്തേ?
കുഞ്ഞുകുഞ്ഞ് അയൽക്കാർ
വലകുലുക്കുമ്പോൾ
കാഴ്ചക്കാരായാർത്തുവിളിക്കണം.
നൂറുകോടിയിൽ പെറുക്കിയെടുത്താൽ പത്തുമുപ്പതാളെ കിട്ടാനില്ല!
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല,
മണമുള്ള മുല്ല കയറ്റിയയച്ചാണല്ലോ പാരമ്പര്യം!
കളിക്കളം പിടിച്ചടക്കാൻ
കാരിരുമ്പുപോലുള്ള രണ്ടാളെ ദത്തെടുത്താലോ!
‘പൗരത്വം’ ഉണ്ടാകുമോ കൊടുക്കാൻ!
നമുക്കുണ്ടോന്ന് ആദ്യംനോക്കാം
എന്നിട്ടാവാം അല്ലേ!
മതവും രാഷ്ട്രീയവും വലകെട്ടി,
മേലാളന്മാർ
ജനത്തെ പന്തുതട്ടുന്ന നാടിന്
കുത്തകകളുടെ ആട്ടപ്പാവകളായ
ഭരണവുമധികാരവും
വാഴുന്നിടത്ത്
ആവേശംകൊള്ളാനൊരു
ദേശീയവിനോദംപോലും
സ്വന്തംമില്ലാത്തിടത്തിന്
വിശ്വകിരീടപ്പോരിനിറങ്ങുക
ഇന്നും ‘ബൂട്ടുതട്ടിവീണ സ്വപ്നം’തന്നെ.
കളികണ്ടാർത്തുവിളിച്ച്
പക്ഷംചേർന്നാവേശംകൊണ്ട് വരുംകാലത്തിനായി
നാമെന്തു കാത്തുവയ്ക്കും?
അന്തസ്സോടെ തോൽക്കാനും
കനിവോടെ ജയിക്കാനുമെങ്കിലും
നമ്മുടെ മക്കൾ
കളികണ്ടുപഠിക്കട്ടെ!

ജിസ്നി ശബാബ്

By ivayana