രചന : റഫീഖ് ചെറുവല്ലൂർ✍
കുളിർമഞ്ഞോലും ഡിസംബറിനെ
തിമിർത്തു പെയ്യും ജൂൺമാസമാക്കിയെൻ
സുന്ദരിപ്പാടത്തിന്റെ ജാലവിദ്യ.
പച്ചപ്പട്ടുടുത്തൊരുങ്ങാനെടുത്തതാണെങ്കിലും,
കാലം തെറ്റി വന്നതാകാമൊരു
പെരുമഴപ്പെയ്ത്തിലവൾ നനഞ്ഞൊട്ടി നിന്നു.
ഞാറ്റടിപ്പച്ചയങ്ങിങ്ങു ജലപ്പരപ്പായ്
നാണം കുണുങ്ങി നിൽക്കുമവൾക്കെന്തു ഭംഗി !
എങ്കിലുമവളാകുലചിത്തയായ്,
കുതിർന്നീറനഴിക്കാതെ
ഖിന്നയാമൊരു നാരിയെപ്പോൽ
കാർമേഘപാളിയിൽ മുഖം പൂഴ്ത്തി നിന്നു.
പറിച്ചു നട്ട ഞാറിലൊരു
നിറകതിരു കാത്തു കഴിയും
കർഷകന്റെ നെഞ്ചിലെ കനലോർത്തതാവാം,
കൊയ്ത്തുകാലത്തിൻ നിറവുകളില്ലാത്തൊരകാലവൈഭവത്തിൽ,
നിരാലംബയാകുമോയെന്ന ചിന്തയാകാം.