രചന : ശ്രീനിവാസൻ വിതുര✍

ഹിമകണം പൊഴിയും പ്രഭാതങ്ങൾ
ക്ഷിതിയെ പ്രശോഭിതമാക്കീടവേ
നയനമനോഹരിയായി ഭൂമി
നൃത്തമാടീടുന്നു പുക്കളെല്ലാം
സ്വർണ്ണവർണ്ണപ്രഭതൂകി വെയിൽ
കാർമുകിൽമാറിത്തെളിഞ്ഞുവാനം
ഉത്സവമേളക്കൊഴുപ്പുമായി
രാവുകളോരോന്നു വന്നണഞ്ഞു
പൂത്തിരികത്തിച്ചപോലെ വിണ്ണ്
താരകത്താലെയലങ്കരിച്ചു
ശൈത്യംകനത്തുവന്നീടുന്നനേരം
ഓമലാളെന്നെ പുണർന്നിടുന്നു
ഉണരുകയായെന്റെ ചിത്തമെല്ലാം
മഞ്ഞണിപ്പൂനിലാരാവുകളിൽ
നിശയുടെ നീളമതേറിയെങ്കിൽ
ആശിച്ചുപോയി ഞാനൊട്ടുനേരം
വിടപറയാനായൊരുങ്ങിനിൽക്കും
മാർകഴിക്കാലത്തെ കണ്ടുണർന്നു
ഒരുശീതകാലവും പോയ്മറഞ്ഞു
ഓർമ്മയിലൊരു നിറച്ചാർത്തുമേകി.

ശ്രീനിവാസൻ വിതുര

By ivayana