പറഞ്ഞു വന്ന വലിയ കാര്യം അതൊന്നുമല്ല.
ഓണാട്ട് മറിയാമ്മ ഒരത്ഭുതമാവുന്നു.!
എന്ത് കൊണ്ടെന്നാൽ,
ചേടത്തിയ്ക്ക് കുളിയ്ക്കുമ്പോൾ മേല് തേക്കാൻ സോപ്പുണ്ട്…!
പിയേഴ്സ് …!!!
ഒരു തരം ഊച്ചൻ വണ്ടിൻ്റെ മണമാണതിന്.
മുഖത്തും കക്ഷങ്ങളിലും ശരീരത്തിൻ്റെ പുറംലോകം കാണാത്ത പ്രദേശങ്ങളിലും അത് പതപ്പിക്കുമ്പോൾ ചേടത്തി പുഴയിലെ റാണിയായി മാറും.
കൂടെ കുളിക്കുന്ന അമ്മച്ചിയും മറ്റ് ചേടത്തിമാരും കെട്ട വാടയുള്ള അഞ്ഞൂറ്റൊന്ന് ബാർ കൊണ്ടോ, പനാമ കൊണ്ടോ തല പതയ്ക്കുകയായിരിക്കുമപ്പോൾ.
അരിയും,വാട്ടുകപ്പയും, തീക്കനലും, തീപ്പെട്ടിക്കമ്പും ,
മാതാവിൻ്റെ വണക്കമാസത്തിൽ ജപമാല പുസ്തകവും വരെ കടം കൊടുക്കുന്ന മറിയാമ്മ പക്ഷേ, പിയേഴ്സ് ആർക്കും കൊടുക്കില്ലായിരുന്നു. അതിൻ്റെ മണം തൻ്റെ ശരീരത്തിൽ നിന്ന് മാത്രം പരക്കണമെന്ന് അവർ ആഗ്രഹിച്ചു.
“ഓ… അങ്ങനത്തെ സോപ്പ് തേച്ചാ മേല് ചൊറിയും … “
അമ്മച്ചിമാർ പറഞ്ഞാശയടക്കി.
എന്നാൽ
പിയേഴ്സ് സ്വപ്നം കണ്ടാണ് മറിയാമ്മ മലബാറിലേയ്ക്ക്
തീവണ്ടി കയറിയത്.!
കൂടും കുടുക്കയും പെറുക്കി കെട്ടി കോഴിക്കോട്ടേയ്ക്കുള്ള ട്രയിൻ കാത്ത് കോട്ടയം റയിൽവേ സ്‌റ്റേഷനിൽ നില്ക്കുമ്പോൾ കൊച്ച് മറിയാമ്മയോട് ചോദിച്ചു.
” മലബാറീ ചെല്ലുമ്പോൾ നിനക്ക് ഞാനെന്നാ വാങ്ങിത്തരണൂടീ… “
അവൾ പെണക്കത്തിലായിരുന്നു.
കല്യാണം കഴിഞ്ഞതിൻ്റെ മൂന്നാംപക്കം എന്നാ കാണാനാ മലബാറിലോട്ട് പോണേന്നാരുന്നു അവൾക്ക്.
കുഞ്ഞാപ്പൻ്റെ വീട്ടിലും, ഓമന എളാമ്മേടെ വീട്ടിലും,
ഇടമറുകിലെ ചാച്ചീടെ വീട്ടിലും, പ്രവിത്താനത്തെ പാപ്പൻ്റെ വീട്ടിലും,അന്തിനാട്ടെ വല്ല്യമ്മേടെ വീട്ടിലും, മുരിക്കുംപുഴേ ലെ ചാക്കപ്പനച്ചാച്ചൻ്റ വീട്ടിലും എല്ലാം വിരുന്ന് പോയി വറുത്തരച്ച കോഴിക്കറി കൂട്ടി ചോറ് തിന്നേച്ച്,
വിളക്കണച്ച് കെട്ടിപ്പിടിച്ച് കിടക്കണ്ട നേരത്ത് ഒരു മുടിഞ്ഞ മലബാറും തീവണ്ടീം …
പോരാത്തേന് ചീഞ്ഞ മഴേം… കുടിയേറ്റവാണ് പോലും.!
” മറിയാമ്മേ… “
“എന്നാ ..”
“നിനക്കെന്നാ വേണ്ടേന്ന് പറ”
“എനിക്കൊന്നും വേണ്ട .. “
” അങ്ങനെ പറഞ്ഞാ ഒക്കത്തില്ല.”
കൊച്ചവളുടെ മുണ്ടിൻ്റെ പതിനാറ് ഞൊറികളുള്ള അടുക്കിൽ പിടിച്ച് വലിച്ചു.
“പോ”
അവൾ പറഞ്ഞു.
” പറ…” അവൻ പോയില്ല.
” മലബാറിലെത്തുമ്പോ എന്നാ വേണ്ടെ…?”
“എനിയ്ക്കേ …”
അവൾ പറയാൻ പോകുവാ… കൊച്ചിനാകാംഷയായി.
“ഉം …പറ …”
എനിക്കേ… ഇന്ത്യയ്ക്ക് .. സ്വാതന്ത്ര്യം വാങ്ങിത്തരണം..”
കൊച്ചിന് ദൂരെയെവിടെ നിന്നോ ഒരു തീവണ്ടി കിതയ്ക്കുന്നതു പോലെ തോന്നി.
” ഒക്കത്തില്ലായോ …”
അവൾ പിന്നെയും ചോദിച്ചു.
സ്വാതന്ത്ര്യം കിട്ടും. പക്ഷേ, മലബാറിലെത്തുമ്പോഴേയ്ക്കു കിട്ടുവോന്ന് കൊച്ചിനറിയല്ല .അവൻ പറഞ്ഞു.
“സ്വാതന്ത്ര്യം ഗാന്ധീം നെഹ്റുവല്ല്യോ വാങ്ങുന്നത് … അവർക്ക് കിട്ടുവാന്നേൽ നമ്മക്കും തരും… കേളപ്പൻ്റെ കയ്യിൽ കൊടുത്ത് വിടും..”
“ഇപ്പക്കിട്ടും… നോക്കിയിരുന്നോ… സായിപ്പന്മാര് നാടൻറാക്കല്ല … വീഞ്ഞാ കുടിക്കുന്നത് … ബുദ്ധി കൂടും… “
“എന്നാപ്പിന്നെ… സ്വാതന്ത്ര്യമല്ലാതെ വേറെന്നേലും ചോദീര്..”
കൊച്ച് പിന്നെയും അവളുടെ അടുക്കിൽ പിടിച്ച് വലിച്ചു.
“ചുമ്മായിരി… തുണി പറിഞ്ഞ് പോം … “
അവൾ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.
“എനിക്കേ… “
“നിനക്ക്…. !?
” പിയേഴ്സ് വാങ്ങിത്തരണം കുളിക്കാൻ … ഒക്കുവോ…?”
“അതിനെന്നാ … പക്ഷേ, മലബാറിലത് കിട്ടുവോന്നാ …”
” പാലായി കിട്ടുവേ… മലബാറിലും കിട്ടും… സായിപ്പന്മാര് ആദ്യം വന്നതവിടല്ല്യോ…. “
“അത് നേരാ…”
“എന്നാ ഒറപ്പീര് …”
“ഒറപ്പിച്ചു. “
” മാതാവിനെ പിടിച്ച് ഒറപ്പീര് …”
“വ്യാകുലമാതാവാണേ.. ഒറപ്പ്…”
അടുക്കിന് മുകളിലുറച്ച കൊച്ചിൻ്റെ കൈ അവിടിരിക്കട്ടെയെന്ന് അവളും ഉറപ്പിച്ചു.
സ്വാതന്ത്ര്യവാന്നേ സ്വാതന്ത്ര്യം …പിയേഴ്സാന്നേ പിയേഴ്സ് … അല്ല പിന്നെ… “
തീവണ്ടി കൂകിക്കിതച്ച് വന്നു.
അത്ഭുതം എന്നാന്ന് വച്ചാ .. തീവണ്ടി കോഴിക്കോടെത്തിയപ്പോൾ സ്വാതന്ത്ര്യം കിട്ടിയതിൻ്റെ ആഘോഷം.
വല്ലാത്ത പുകില്.
ജാഥേം ,ജയ് വിളീം .. കതിനാ വെടീം ..
ആകെ പൂരം.
പോരാത്തേന്ന്, സ്റ്റേഷന് പുറത്തെ മാപ്പിളയുടെ കടയിൽ അടുക്കി വച്ചിരിക്കുന്ന പിയേഴ്സും…!!
മറിയാമ്മ ചേടത്തിയുടെ ഇരവഞ്ഞിപ്പുഴയിലെ പിയേഴ്സ് ജീവിതം അങ്ങനെ ആരംഭിക്കുന്നു.!