രചന : ടി എം നവാസ് വളാഞ്ചേരി✍
പരാതിയാണ്. പരിഭവമാണ്. ദൈവം പ്രാർത്ഥന കേൾക്കുന്നില്ലെന്ന്. ദൈവത്തിലഭയം തേടുംമുമ്പ് നാംഅഭയമാകണം .സ്നേഹമാവണം. സഹജനും സഹജീവികൾക്കും. തെറ്റ് പൊറുത്തു കിട്ടാൻ ശഠിക്കുന്ന നാം കൂട്ടിന്റെ കൊച്ചു തെറ്റുകൾ മാപ്പാക്കാൻ
തയ്യാറല്ല പോലും. കഴുകണം. കഴുകിക്കളയണം മനസ്സകം. പകയുംവെറുപ്പും,വിദ്വാഷവും സ്വാർത്ഥതയും നിറഞ്ഞിടത്ത് സ്നേഹം നിറഞ്ഞ് കവിയണം.എന്നിട്ട് കയ്യുയർത്തണം. വിനയത്തോടെ കനിവ് തേടി ………
ചില്ലിന്റെ കൂട്ടിലൊളിപ്പിച്ച ദൈവത്തെ
മനസ്സിന്റെയുള്ളിൽ കുടിയിരുത്തു
കരുണ തേടും മുമ്പ് നീ നിൻ സഹജനു
കരുണ ചെയ്യാനായി കൈ കോർത്തിടു.
മാപ്പിരക്കും മുമ്പ് ആദ്യം നിൻ കൂട്ടിന്
മാപ്പ് നൽകാനായ് മനസ്സൊരുക്കു
കഷ്ടത മാറ്റുവാൻ കയ്യുയർത്തും മുമ്പ്
സഹജന്റെ കണ്ണീരതൊപ്പിടു നീ.
നെടുവീർപ്പിടും മുമ്പ് വന്നുള്ള
നുഗ്രഹപ്പെരുമ തൻ മേൻമ നീ കണ്ടറിയു
താഴോട്ട് നോക്കിട്ട് നിൻ സ്ഥാനമെന്തെന്നറിഞ്ഞ്
സ്തുതി വാക്യമോതിടു നീ.
വിലയേറും സൗഹൃദ തേനിനെ
സ്നേഹത്തിൽ ചാലിച്ചു നീ നിന്റെ കൂടൊരുക്കു
കൂട്ടിനും നാട്ടിനും മധുവുറും മാമ്പഴം
നൽകുന്ന മാവായി പരിലസിക്കു
അറിയാത്ത പൈതങ്ങളെറിയുന്ന കല്ലുകൾ
ക്ഷമയാലെ ഏറ്റു വാങ്ങുന്ന നേരം
അറിയുക നീ ഒരു സ്നേഹത്തിൻ
വടവൃക്ഷമായങ്ങു മാറിടും ദൂതലത്തിൽ
ശതകോടിയുള്ളോന് കിട്ടാത്ത സ്വസ്ഥത
ഖൽബതിൽ നിത്യവും തേൻ ചുരത്തും.
കയ്യുയർത്താതെ നിൻ കൈ പിടിക്കാനായി
ദൈവമി ഭൂവിലേക്കോടിയെത്തും