രചന : അശോകൻ പുത്തൂർ ✍

ചില പാട്ടുകൾ
വേദനയുടെ വളവിൽവച്ചോ
പാടത്തുനിന്ന്
പുഴക്കരയിലേക്കുള്ള കുണ്ടനിടവഴി
ചാടിക്കടക്കുമ്പോഴോ
പെട്ടെന്ന് വട്ടംപിടിക്കും
പിന്നെ, ഏഴിലംപാലത്തണലിലേക്കും
മഞ്ഞണിപ്പൂനിലാവിലേക്കും
തോണിതുഴയും
ഏകാന്തത്തിൽ
സ്നാനപ്പെടുമ്പോഴയായിരിക്കും
ചിലപാട്ടുകൾ പടികടന്നെത്തുക.
ചിലത് ഒന്നും മിണ്ടാതെ
മുന്നിൽവന്ന് ചമ്രംപടിഞ്ഞിരിക്കും.
കുറച്ചെണ്ണം മാന്തോപ്പിലേക്കും
സ്കൂൾമുറ്റത്തേക്കും പാഞ്ഞുപോകും.
ചിലവ മടിയിൽ കുറുകി വന്നിരിക്കും.
മറ്റുചിലത് മുടിയിഴകൾ മാടിയൊതുക്കി
നിറുകയിലൊരു മുത്തംവെച്ച്
കണ്ണീരിലേക്കൊരു ഊഞ്ഞാലുകെട്ടും
ഈണങ്ങളുടെ പാരാവാരങ്ങളിൽ
ഉള്ളുലഞ്ഞ് ഉമ്മറത്തെത്തവേ
മുറ്റം നിറയെ
പഴംപാട്ടിൻ പത്തേമാരികൾ.
തൊടി നിറയെ
ഈണങ്ങളുടെ കിനാച്ചങ്ങാടങ്ങൾ………
ചില നാട്ടീണങ്ങൾ
ഓർമ്മകൾപൂത്ത കരൾപ്പാടങ്ങളിൽ
ഉണ്ണിപ്പുരകെട്ടി കണ്ണാരംപൊത്തിക്കളിക്കുന്നു
മണമായമണമെല്ലാം കൊരുത്തൊരുപാട്ട്
ചെക്കനും പെണ്ണുമായി
ചെമ്പരത്തിക്ക് വലം വയ്ക്കുന്നു……..
തിരിയെ വരില്ലെന്നറിഞ്ഞിട്ടും
ഒരു ഓർമ്മമാത്രം അമ്മയെക്കാണാഞ്ഞ്
ആകാശത്തേക്ക് നോക്കിയിരിക്കുന്നു.

അശോകൻ പുത്തൂർ

By ivayana