രചന : രാജീവ് ചേമഞ്ചേരി✍
വഴിതെറ്റിയെത്തുന്നൊരതിഥിയെന്നായ് –
മഴയിന്ന് താണ്ഡവമാടുന്നു മണ്ണിൽ..!
കഴിഞ്ഞൊരകാലങ്ങളത്രയും പിന്നിട്ട് –
കാലചക്രത്തിൻ ഭാവതാളഭംഗം വരികയായ്!
കുത്തിയൊലിച്ചിടും മണ്ണിൻ്റെ കൂടാരം!
കുത്തനെ കീഴോട്ട് മറയുന്ന വീടുകൾ!
പത്തി വിടർത്തിയാടുന്നു മഴവെള്ളം..!
കത്തിക്കാളുന്നു നെഞ്ചിലെ മിനാരം..!
കരുതിയ സ്വപ്നങ്ങളടർന്നൊഴുകവേ –
കുരുതിക്കളമായ് ബന്ധബന്ധനങ്ങളിൽ ?
വിറങ്ങലിക്കുന്ന സുപ്രഭാതകാഴ്ച്ചകൾ…..
വിഷമസന്ധിയ്ക്ക് കണ്ണീരാഴിയായ്!
മാറുന്നു മാറ്റുന്നു മാറിടം മെല്ലവേയിന്ന് –
മാറ്റൊലി കൊൾകയായ് ഋതുഭേദങ്ങളിൽ!
മറക്കുവാനാവാത്ത ദിനരാത്രമേകുന്നു –
മാറി മറഞ്ഞുറഞ്ഞാടുന്ന ന്യൂനമർദ്ധങ്ങൾ!