രചന : വാസുദേവൻ. കെ. വി ✍

“ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി എപ്പോഴും കാത്തുവയ്ക്കുന്നു.”
എന്ന വാക്കുകളോടുകൂടിയാണ് കവി ഗദ്യസ്മരണയുടെ കവാടം തുറക്കുന്നത്. സമകാലിക മലയാളം വാരികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച ചുള്ളിക്കാടിന്റെ ചിദംബര സ്മരണയിൽ വിശപ്പ് എന്ന വികാരം തീക്ഷണതയോടെ കടന്ന് വരുന്നുണ്ട്. അലഞ്ഞു തിരിഞ്ഞ ദാരിദ്ര്യനാളുകളിൽ വിശപ്പ് സഹിക്കാൻവയ്യാതെ ഒരു വീട്ടിൽ കേറി കവി ഇരന്നുണ്ട തിരുവോണസദ്യ മറക്കുവതെങ്ങനെ?


ബോധാബോധ കമ്പികളിൽ അയവു വന്ന സുഹൃത്തിന് ഭക്ഷണം വാങ്ങി നൽകുമ്പോൾ ആർത്തിയോടെ ഭ്രാന്ത്‌മറന്ന് അയാൾ രുചിയോടെ ഭക്ഷിക്കുന്നത് കണ്ടപ്പോൾ..
“വിശപ്പ് ഇല്ലാതാക്കാൻ ഭ്രാന്തിനു പോലും കഴിയുന്നില്ലല്ലോയെന്ന് ഞാനോർത്തു. വിശപ്പാണ് പരമസത്യം. ഭ്രാന്തു പോലും വിശപ്പു മാറിയ ശേഷമേ ഉള്ളൂ… ” ബാലചന്ദ്രൻ ചുള്ളിക്കാട് എന്നാണ് കുറിച്ചുവെച്ചത്. എച്ചിക്കാനത്തിന്റെ കഥ ബിരിയാണി പ്രമേയവും വിശപ്പ്.


തിരുവാതിര നാളുകളിൽ പെണ്ണുങ്ങൾ തുടിച്ചു കുളിക്കാൻ ഇറങ്ങുന്ന യാമത്ത് ഉണർന്നു കാത്തിരിക്കുന്നവർ. കോഴി കൂവും മുമ്പ് അവർ നടക്കാനിറങ്ങുന്നു ചെറു സംഘങ്ങളായി. കൈയിൽ തലേന്നത്തെ ഭഷ്യധൂർത്ത് പിക്ക്അപ്പ് സഞ്ചിയിലാക്കി. ആളൊഴിഞ്ഞ ഇടത്ത് നിക്ഷേപിച്ചു മടങ്ങലും നടത്തലക്ഷ്യം. ആർത്തിയോടെ തെരുവ് ശ്വാനസമൂഹം അവരെ അകമ്പടി സേവിക്കുന്ന നഗരക്കാഴ്ച.


വിശപ്പറിയാത്ത പുതു തലമുറ .. അവർക്കായി ഒരു പഴയ സംഭവകഥ.
ഭാരതത്തിലെ ആദിവാസികൾക്കിടയിൽ മൂന്നു പതിറ്റാണ്ടോളം ജീവിച്ച “വെറിയർ എൽവിൻ ” എന്ന
ബ്രിട്ടീഷ് -ഇന്ത്യൻ ആന്ത്രോലോജിസ്റ്റ് പഴയ ബോംബൈ റോട്ടറി ക്ലബ്ബിൽ നടത്തിയ പ്രസംഗം .


” ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട്
അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു…
ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീപിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന്
ഞാൻ അവരോടു ചോദിച്ചു..
“നാല് രൂപ “
അവർ മറുപടി പറഞ്ഞു.
“നാല് രൂപ…?? “അൽഡസ് ഹക്സിയുടെ ‘ ബ്രേവ് ന്യൂ വേൾഡ് ‘ നോവലിന്റെ ഒരു കോപ്പിയുടെ വില.
അതാണ് ദാരിദ്ര്യം..
ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്നു ജയിൽ അധികൃതർ ചോദിച്ചു…
“ചപ്പാത്തിയും മീൻകറിയും..”
അതായിരുന്നു മരിയയുടെ മറുപടി…!
ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻകറിയും പകുതി കഴിച്ചശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചുകൊടുത്തു.
“എന്റെ മകൻ ജയിലിന് പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല…”
അതാണ് ദാരിദ്ര്യം…!


കുഞ്ഞുങ്ങൾക്ക് ഭക്ഷണകുറവ്, അതാണ് ദാരിദ്ര്യം…!
കുഞ്ഞുങ്ങൾ ഭക്ഷണക്കുറവ് മൂലം മരിച്ചു പോകുന്നതാണ് ദാരിദ്ര്യം..!
നിങ്ങളുടെ ഭാര്യയും അമ്മയും ജീവിതഭാരം മൂലം പൊടുന്നനെ വാർദ്ധക്യത്തിന്റെ പിടിയിൽ
അകപ്പെടുന്നതാണ് ദാരിദ്ര്യം..!
അഹങ്കാരിയായ ഉദ്യോഗസ്ഥനെതിരെ
നിരായുധനായി നിൽക്കേണ്ടി വരുന്നതാണ് ദാരിദ്ര്യം..!
നീതിയുടെ വാതിലിനു മുന്നിൽ മണിക്കൂറോളം നിൽക്കേണ്ടി വന്നശേഷം പ്രവേശനം ലഭിക്കാതെ പോകുന്നതാണ് ദാരിദ്ര്യം..!
ദാരിദ്ര്യം പട്ടിണിയും നിരാശയും ദുഃഖവുമാണ്.
അതിൽ സുന്ദരമായി ഒന്നുമില്ല..”
വർഷങ്ങൾക്കിപ്പുറം നാഗരികജീവിതം ധൂർത്തടിക്കുമ്പോൾ ഉൾനാടൻ ഗ്രാമങ്ങളുടെ അവസ്ഥ കാണാതെ പോകരുത്.


ജനങ്ങൾ എന്ത് കഴിക്കരുതെന്ന് പറയുമ്പോൾ, ജനങ്ങൾക്ക് എന്തെങ്കിലും കഴിക്കാനുണ്ടോ എന്ന് ചോദിക്കാനുള്ള ബാധ്യതയും ഭരണകൂടങ്ങൾക്കുണ്ട് ….
വിശപ്പ് തിരിച്ചറിഞ്ഞ് ധൂർത്ത് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം നമുക്കും.

By ivayana