രചന : ചോറ്റാനിക്കര റെജികുമാർ ✍
മറനീക്കിയണയുന്നു മനസ്സെന്ന മായിക –
ക്കൂട്ടിനുള്ളിൽ നിന്നു പാഴ്ചിന്തകൾ..
വെറുതേ നിനയ്ക്കും വ്യർത്ഥമെന്നറികിലും
വെറുതേ മനം മാഴ്‌കിടും വരേയ്ക്കും..
സ്വസ്തമീയുള്ളിലും അസ്വസ്തമാക്കും
മലീമസചിന്തകൾ കൂടു കൂട്ടും..
ഒക്കെക്കളഞ്ഞൊന്നുമറിയാതെ തേങ്ങുവാൻ
മാത്രമീ ജന്മമെന്നോ ധരിപ്പൂ..
വികലം വിഷാദങ്ങൾ തീർക്കും മനസ്സും
വിറപൂണ്ടപോൽ ഹൃദയ ചലനങ്ങളും..
ഒന്നോർത്തുനോക്കുകിൽ,ഒരു വസന്തം
തീർത്തിടാം നമ്മൾക്കിതെന്നുമെന്നും..
ഇരുമനസ്സെങ്കിലും ഒരു ഹൃദയവീണയിൽ
ഒന്നായിരുന്നു ശ്രുതി ചേർക്കുവാനും..
അകലങ്ങളിൽ നമ്മിലറിയാതെ നമ്മളും
പൂക്കാലവും തേടി നിൽക്കയല്ലോ..
ഹിമബിന്ദുപോൽ കരളിലൂറിടും സ്വപ്‌ന-
ക്കടൽ നീന്തിടാം നമുക്കെന്നുമെന്നും…