രചന : തോമസ് കാവാലം✍
നമുക്ക് കാണാം ദീനനെ,യേറ്റം
ഹൃത്തിൽ കേറ്റീടാം
അവൻ നമുക്കും നാമിന്നവനും
കൈത്താങ്ങായീടാം
സ്വസ്ഥത ശാന്തി സുസ്ഥിതി നേടാം
ഹൃദയം നന്നെങ്കിൽ
ഈശ്വരനവിടെ വസിക്കുവതെങ്കിൽ
അനശ്വരമീധരണി.
പ്രപഞ്ചമേകും പ്രതിഫലമെല്ലാം
പാരാതെത്തീടും
നാകം നൽകും നന്മകളെല്ലാം
പിന്നീടെത്തീടും.
അനേകരിവിടെ അനീതിചെയ്തും
ചരിക്കുന്നീമണ്ണിൽ
നേട്ടംകൊയ്യും മനുജനെ നോക്കി
ചിരിക്കുന്നീശ്വരനും.
എലിയെ നമ്മൾ മലയാക്കീടിൽ
സമചിത്തതയില്ല
കലികേറുമ്പോൾ കൈവെടിയാതെ
വിവേകമുൾക്കൊള്ളാം.
അഭിമാനവുമതിരുകടന്നാൽ
അഹന്തയായ്മാറും
വളർച്ചയേകാനാവാതവയും
തളർച്ച നൽകീടും.
അവനതി നൽകുമവനിയിലുന്നതി
ദാനം ശ്രേയസ്സും
പനിമതിയരുളും പരിമളമിയലും
പകലിൻ പ്രതിഫലനം.