രചന : സുബി വാസു ✍

മനുഷ്യരിൽ നല്ലൊരു വിഭാഗം ആളുകളും
ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരാണ്. നമ്മളെന്തു ചെയ്യുമ്പോഴും മറ്റുള്ളവർ കാണുമോ? അവരെന്തു പറയും?ഇനി അതിനെ പറ്റി അഭിപ്രായങ്ങൾ പറഞ്ഞാൽ ആവലാതി പെടുന്നവരാണ് നമ്മൾ.എന്താണ് അതിനുള്ള കാരണം?അതിന്റെ ആവശ്യമുണ്ടോ?
ഇഷ്ടമുള്ള ഡ്രസ്സ് ഇടുമ്പോഴും ധരിക്കുമ്പോൾ പോലും മറ്റുള്ളവരുടെ അഭിപ്രായം, ഇഷ്ടം തേടുന്നവരുണ്ട്.എന്തെങ്കിലും എഴുതുമ്പോഴും,എന്തെങ്കിലും വായിക്കുമ്പോഴും,താൻ എന്ത് പ്രവർത്തികൾ ചെയ്യുമ്പോഴും അത് മറ്റുള്ളവർ എങ്ങനെ നോക്കിക്കാണുന്നു എന്ന് നമ്മൾക്ക് നോക്കേണ്ട ആവശ്യമുണ്ടോ?നമ്മൾ നമ്മുടെ തൃപ്തി അല്ലേ നോക്കേണ്ടത് നമുക്ക് നമ്മളെ തന്നെയല്ലേ നമ്മളെ ബോധിപ്പിക്കേണ്ടത്. അല്ലാതെ മറ്റുള്ളവരെ ബോധിപ്പിക്കാനാണ് നാം ഓരോന്ന് ചെയ്യുന്നത് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് തൃപ്തിയാകുമോ?

മറ്റുള്ളവർ കാണുമെന്നും /അവർക്കിഷ്ട്മാവില്ലെന്നും കരുതി മാറ്റിവെച്ച് ഒരുപാട് ഇഷ്ടങ്ങൾ നമുക്കുണ്ടാകും. മറ്റുള്ളവർ അറിയും എന്നു കരുതി അല്ലെങ്കിൽ അവർ കളിയാക്കും എന്ന് കരുതിയ ഒരുപാട് കാര്യങ്ങൾ മാറ്റിവെക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. നമ്മുടെ ഇഷ്ടങ്ങളാണ് നമ്മൾ അവർക്കു വേണ്ടി മാറ്റിവക്കുന്നത്. എന്തിനു വേണ്ടി?
സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കണ്ടോ ഒരു ചേച്ചി പാടി ഡാൻസ് ചെയ്യുന്നു. അതിന്റെ താഴെ അവരെ ട്രോളി ഒരുപാട് കമന്റ്‌ ഉണ്ട്. പക്ഷെ അവരത് നോക്കുന്നില്ല തോന്നുന്നു വീണ്ടും വീണ്ടും അവരുടെ വീഡിയോ അപ്ലോഡ് ചെയ്യുന്നു. അവർ അവരുടെ ഇഷ്ടമാണ്, ആഗ്രഹമാണ് നടത്തുന്നത് മറ്റുള്ളവർ അതിനെ പരിഹസിച്ചാലും ഇല്ലെങ്കിലും അവർക്കൊന്നുമില്ല.


ചിലരുണ്ട് നാട്ടുകാരുടെ ഇഷ്ടത്തിന് ജീവിക്കുന്നോർ. സ്വന്തക്കാർ പറയുന്നതിലേറെ നാട്ടുകാർ പറയുന്നത് കണക്കിലെടുത്തു ജീവിക്കുന്നവർ. എന്താണ് അതിന്റെ ആവശ്യം എന്നറിയില്ല. നാട്ടുകാരുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണോ ജീവിക്കാൻ?
സ്വന്തം വീട്ടിലുള്ളോർ എങ്ങോട്ട് പോകുന്നു? എന്ത് ധരിക്കുന്നു? എന്താണ് ചെയ്യുന്നത് എന്ന് നോക്കാതെ മറ്റുള്ളോരുടെ ഭാര്യയും മക്കളും എന്ത് ചെയ്യുന്നു?, അവർ എന്ത് ഡ്രസ്സ്‌ ധരിക്കുന്നു? എങ്ങനെ പോകുന്നു? വരുന്നു? എന്നൊക്കെ നോക്കി വിളമ്പി നടക്കുന്നോർ. അതിനനുസരിച്ചു തുള്ളുന്ന വീട്ടുകാരും. അതൊന്നും നിങ്ങൾ നോക്കേണ്ട എന്ന ഒറ്റ മറുപടിയിൽ ഒതുക്കേണ്ടിടത്തു വിശ്ദീകരണം കൊടുക്കുന്നവർ. എന്താണ് അതിന്റെ ആവശ്യം? ഒരാവശ്യവും ഇല്ല.നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ട ഒന്നും ഇല്ല നിങ്ങൾക്കു. നിങ്ങൾ നിങ്ങളുടെ ജീവിതമാണ് ജീവിക്കുന്നത്. അപ്പുറത്ത് നിന്നു പകർത്താനും ഒന്നുമില്ല നിങ്ങൾക്കു കിട്ടിയത് വേറൊരു ജീവിതമാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഉയർച്ചയും താഴ്ചയും എല്ലാം നിങ്ങളെയും, നിങ്ങളുടെ ആറ്റിട്യൂഡിനെയും, ജീവിതത്തെ സമീപിപ്പിക്കുന്ന രീതിയിലും ആയിരിക്കും..


കാണുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് പുകഴ്ത്തിസംസാരിക്കുകയും ഒന്ന് അകന്നു നിന്നാൽ ഇകഴ്ത്തി സംസാരിക്കാൻ മടിയുമില്ലാത്ത ആളുകൾ ആണ്.അവരിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും … ഇവരുടെ വാക്കുകൾ കേട്ട് സ്വന്തം ജീവിതമാണ് തകരുന്നതെന്നു ഓർത്താൽ മതി..

സുബി വാസു

By ivayana