രചന : ഷാജി നായരമ്പലം ✍
പാണ്ഡ്യ രാജ്യത്തിലെ പേരു കേള്‍ക്കും
പാണന്റെ ജീവിതകാവ്യമെന്തോ
ഇന്നു പുലര്‍ച്ചെയെൻ തൂലികത്തുമ്പിനാൽ
ത്തുന്നാന്‍ വിളിച്ചാരുണര്‍ത്തിയാവോ?
നക്കീരനെന്നാണു നാമധേയം,
സല്‍ക്കാവ്യ സിദ്ധിതൻ നാമരൂപം,
സല്‍ക്കീര്‍ത്തി ദേവലോകത്തുമെത്തീ
തൃക്കണ്ണുദേവന്‍ കുനിഞ്ഞുനോക്കി.
” ഭൂമിയിൽ ഭാവം പകര്‍ന്നു പാടും
സൗമ്യഗീതങ്ങള്‍ക്കു നേർ വെളിച്ചം
ആരാണിവൻ?” നേരു നോക്കിടാനായ്
പാരം പരീക്ഷണം ചെയ്തുപോലും.
ഭാര്യയോടൊത്തൂഴിവണ്ടി കേറി
നേരേയിറങ്ങിയപ്പാണ്ഡ്യരാജ്യ-
ക്കൊട്ടാരമേട്ടില്ക്കഴിച്ചു കാലം
ഒട്ടേറെ നാൾ, കാവ്യസിദ്ധികാണാന്‍.
സന്ദേഹമായിവന്‍ സത്യമല്ലാ-
തൊന്നും രചിക്കയില്ലെന്നു കേട്ടൂ
ഒന്നു പരീക്ഷിക്കതന്നെ; തന്റെ
പാതി മെയ്യാകുന്ന പാര്‍വ്വതി തൻ
പാര്‍ വ്വണേന്ദൂ മുഖം ദീപ്തമാക്കും
കൂന്തലിൻ ഗന്ധത്തെ വാഴ്ത്തിടട്ടെ!
പാരം കവീന്ദ്രർ പദം നിരത്തി
സാരസര്‍ വ്വം ശൈവസിദ്ധി പാടി,
നീരജ നേത്രതന്‍ കൂന്തലിന്റെ
ജാത സൗഗന്ധപ്പുകഴ്ച പാടി.
നക്കീരനേകന്‍ രചിച്ചു നല്കിു:
“എത്രയും ലേപങ്ങൾ നിത്യമായി
ഇത്തന്വി നന്നായ്പുരട്ടിടുന്നു,
ഇത്ര സുഗന്ധം അതിന്റെ തന്നെ!”
ശക്തം ശിവം ശൈവകോപമെന്തോ
നക്കീരനെച്ചുട്ടു നോക്കിടുന്നൂ
“തീര്‍ച്ച നീ കള്ളം പറഞ്ഞിടുന്നോ?
ഇട്ടെരീക്കും നിന്റെ കാവ്യമെല്ലാം
എന്റെ തൃക്കണ്ണാലേ ചാമ്പലാക്കും
ശങ്കവേണ്ടാ; ചൊല്ലു സത്യമെന്തോ.”
“ശങ്കയില്ലങ്ങു തീക്കണ്ണുരുട്ടി
വങ്കത്തമാണു ശഠിച്ചിടുന്നൂ
അക്കണ്ണു തീയിട്ടെരീച്ചിടുമ്പോൾ
നില്ക്കും സ്ഫുടം ചെയ്ത സത്യമെന്നും”
തൃക്കണ്ണു തീക്ഷ്ണം ജ്വലിച്ചുയര്‍ന്നൂ
നക്കീരനും ചാമ്പലായി,യെന്നാൽ
കഷ്ടം നിരന്തരം ലേപമില്ലാ-
തക്കൂന്തൽ ഗന്ധം നിറഞ്ഞുമില്ലാ!!
ഇക്കണ്ണാടിയുടച്ചിടൊല്ല, കവിതാ-
നൈവേദ്യമായ് നിത്യവും
വയ്ക്കൂ നിസ്തുല സത്യമെന്നുമൊരുപോൽ
തീക്കണ്ണുരുട്ടീടിലും
പൊയ്ക്കോട്ടേ കവി, കാവ്യലോകസുദിനാ-
ഘോഷം മുഴങ്ങട്ടെ, ഞാൻ
വയ്ക്കും കാവ്യസരിത്തുകള്‍ക്കു തെളിയാൻ
സത്യം ശിവം സുന്ദരം!