എന്നെപ്പോലെത്തന്നെ
സ്വതവേ ഇത്തിരിചൂടനായിരുന്നു
എന്റെ അച്ഛനും.
ഒരുതരം തലതിരിഞ്ഞ പ്രകൃതം.
ആരെടാ എന്ന് ചോദിച്ചുതീരുംമുമ്പേ എന്തെടാ എന്ന് അങ്ങോട്ട് ചോദിക്കുന്ന
ഒരു പ്രകൃതം.
എന്നാൽ..
അടുത്തറിയുന്നവർക്കെല്ലാം
അച്ഛന്റെ സ്നേഹവും മനസും എങ്ങിനെയുള്ളതാണ് എന്ന് മനസിലാകും.
മൂക്കത്ത് കോപം, കണ്ടാൽ ഗൗരവപ്രകൃതം.
ഒരാളെയും കൂസാത്ത ശൈലി.
ഇതൊക്കെയായിരുന്നുവെങ്കിലും
നല്ല സ്നേഹമുള്ള ആൾകൂടിയായിരുന്നു അച്ഛൻ.
അന്നൊരുദിവസം….
പതിവിന് വിപരീതമായി അച്ഛൻ കാലത്തുതന്നെ എന്തോ പിരിമുറുക്കത്തിൽ ആയിരുന്നുവെന്ന് തോന്നുന്നു.
അത് പക്ഷേ അമ്മയ്ക്ക് അറിയില്ലായിരുന്നു.
പതിവ്പോലെ അമ്മ അച്ഛനോട് പറഞ്ഞു.
നോക്കൂ മീൻ വാങ്ങിയിട്ടില്ലട്ടോ ഇന്ന്.
പോകുന്നുണ്ടെങ്കിൽ മീൻവാങ്ങി വരണേ..
അരിശത്തിൽ ഇരുന്ന അച്ഛന്റെ മറുപടി.
“ഇന്ന് മീൻ ഇല്ലാതെ ചോറ് ഉണ്ടാൽമതി.”
‘അമ്മ വീണ്ടും പറയുന്നു.
“എനിക്ക് കുഴപ്പമില്ല, പക്ഷേ മീൻകറി ഇല്ലെങ്കിൽ നിങ്ങൾ ചോറുണ്ണാറില്ലല്ലോ.
അതുകൊണ്ട് പറഞ്ഞതാണ്.
എന്റെ മേക്കിട്ട് കേറുന്നത് എന്തിനാണ്.?”
ഇത് കേട്ടതും കലിബാധിച്ചപോലെ അച്ഛൻ എഴുന്നേറ്റു.
എന്നിട്ട് ഒറ്റ അലർച്ച.
“ഇന്ന് നിന്നെക്കൊണ്ട് ഞാൻ മീൻ തീറ്റിച്ചിട്ടേ ബാക്കി കാര്യങ്ങൾ ചെയ്യൂ.”
ദേഷ്യത്തിൽ അച്ഛൻ സൈക്കിളുമായി പുറത്തേക്ക് പോയി.
അച്ഛന്റെ ദേഷ്യം കണ്ടപ്പോൾ അമ്മയ്ക്ക് ഭയംവന്നു.
അപ്പോഴും അമ്മയ്ക്ക് ഒരു സമാധാനം ഉണ്ടായിരുന്നു.
അന്ന് വെള്ളിയാഴ്ചയാണ്.
ആകെ ഒരേയൊരു മീൻകാരൻമാത്രമേ
ആ ഭാഗത്തേക്ക് വരാറുള്ളൂ.
ഒടുവിൽ…
ഒന്നുരണ്ട് മണിക്കൂറിനുള്ളിൽ അച്ഛൻ
ഒരു കവറിൽ കുറച്ച് മീനുമായിവന്നു.
സൈക്കിളിൽ ഇരുന്നുകൊണ്ടുതന്നെ ആ കവർ അമ്മയ്ക്ക് നീട്ടി.
“ഇന്നാടി… മൂന്നുകിലോ അയലയുണ്ട്.
തിന്ന്. തിന്ന് കൊതി തീർക്കു.”
അമ്മ കവർ വാങ്ങിയില്ല.
“എന്നോട് എന്തിനാണ് ദേഷ്യം?
നിങ്ങൾതന്നെയല്ലേ മീൻ കൂട്ടുന്നത്.
ഞാനല്ലല്ലോ.”
അമ്മയുടെ വാക്കുകൾ ഒന്നും അച്ഛൻ കേൾക്കുന്നില്ല.
“നീ മര്യാദക്ക് ഈ മീൻ വാങ്ങിക്കോ.
ലോകംമുഴുവൻ തെണ്ടിയിട്ടാണ് ഈ മൂന്നുകിലോ മീൻ ഞാൻ വാങ്ങിയത്.
മര്യാദക്ക് ഇത് വാങ്ങിക്കോ.”
അച്ഛന്റെ മുഖം കോപംകൊണ്ട് ചുവന്നു.
പക്ഷേ അമ്മ അപ്പോഴും മീൻകവർ വാങ്ങിയില്ല.
തർക്കത്തിനൊടുവിൽ അച്ഛൻ
സൈക്കിളിൽ ഇരുന്നുകൊണ്ടുതന്നെ മീൻകവർ അമ്മയ്ക്ക് മുൻപിലേക്ക് ഒറ്റ ഏറ്.
പൊടുന്നനെ….
അച്ഛനും അമ്മയും നോക്കിനിൽക്കെ എങ്ങുനിന്നോ ഓടിവന്ന വീട്ടിലെ പൂച്ച ആ മീൻകവറുംതൂക്കി ഒറ്റ ഓട്ടം. 😂😂😂😂
പകച്ചുപോയ അച്ഛൻ സൈക്കിൾവിട്ട്
പൂച്ചക്ക് പിറകേ..
എന്തുചെയ്യണമെന്ന് അറിയാതെ അമ്മയും അച്ഛന്റെ കൂടെ…
ചിരി വരുന്നുണ്ടെങ്കിലും ചിരിക്കാൻ ധൈര്യമില്ലാതെ പിറകേ ഞങ്ങൾ മക്കളും…
ഞാൻ…അനുഭവങ്ങളുടെ പത്തായം.
ഏകദേശം നൂറ് വയസ്സ് കഴിഞ്ഞുകാണും എന്റെ അച്ഛമ്മ മരിക്കുമ്പോൾ.
അന്നെനിക്ക് പ്രായവും വളരെ കുറവ്.
വാർദ്ധക്യമായതുകൊണ്ടാകാം അച്ഛമ്മ ഏതുനേരവും ഉറക്കെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും.
തിരിച്ചാരെങ്കിലും അച്ഛമ്മയോട് വല്ലതും പറഞ്ഞാൽ പിന്നെ തനി കൊടുങ്ങല്ലൂർ ഭരണിപ്പാട്ടാണ് ആ വായിൽനിന്ന് പുറപ്പെടുക.
ഒരു ഗ്രാമം മുഴുവൻ കേൾക്കാൻപാകത്തിൽ അച്ഛമ്മ ചിലപ്പോൾ വീട്ടുകാരെയും ചിലപ്പോൾ നാട്ടുകാരെയും തെറിവിളിക്കും.
ചെവിതകരുന്ന ഒന്നൊന്നര മുട്ടൻ തെറി.
അച്ഛമ്മയുടെ സ്വഭാവവും പ്രായവും ഒക്കെ നന്നായി അറിയാവുന്ന വീട്ടുകാരും നാട്ടുകാരും അതുകൊണ്ടുതന്നെ അച്ഛമ്മയോട് മറുത്തൊന്നും പറയാറുമില്ല.
പറഞ്ഞാൽപിന്നെ അവർക്കുനേരെയാകാം കുരുക്ഷേത്രയുദ്ധം എന്ന് അവർക്കറിയാം.
പതിവുപോലെ ഒരുദിവസം…
അച്ഛമ്മയുടെ തെറിപറച്ചിൽ കേട്ട് അസ്വസ്ഥതയോടെ ഞാൻ പുറത്തേക്ക് ഇറങ്ങി.
റോഡരുകിലെ ബസ്സ്റ്റോപ്പിൽ വിഷമത്തോടെ ഇരിക്കുകയാണ്.
അപ്പോൾ എന്റെ കൂട്ടുകാരനും അയൽവാസിയും അതീവരസികനും ഇപ്പോൾ അബുദാബിയിൽ ജോലിചെയ്യുകയുംചെയ്യുന്ന സൈനുദ്ധീൻ എന്റെ അരികിലേക്ക് വന്നു.
എന്തിനും മറുപടിയുള്ള,
ഏത് കാര്യത്തിനും തന്റേതായശൈലിയിൽ ഒരുത്തരം പറയുന്ന,
ആരെയും അനുകരിക്കാനുള്ള അപാരസിദ്ധികൂടിയുള്ളവനാണ് സൈനു.
എന്താടാ മണീ…. എന്തുപറ്റി?
ഹേയ്, ഒന്നുമില്ലെടാ.
അല്ല, എന്തോ ഉണ്ട്. എന്താണെന്ന് എന്നോട് പറയ്.
അവന്റെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ ഞാൻ പറഞ്ഞു.
“അച്ഛമ്മയുടെ കാര്യം ഓർത്തിട്ടാണ് സൈനൂ.
അവർ സഹിക്കാൻവയ്യാത്ത തെറിവിളിയാണ്.
അത് കേൾക്കുമ്പോൾ മനസ് പിടയുന്നു.
വീട്ടുകാരെ വിളിച്ചോട്ടെ,
നാട്ടുകാരെയും വിളിക്കുമ്പോൾ വല്ലാത്ത വിഷമം.
എനിക്ക് നാട്ടുകാരുടെ മുഖത്ത് നോക്കേണ്ടതല്ലേ.
ദേഷ്യം വരുമ്പോൾ അച്ഛമ്മയെ ഒരൊറ്റ അടി അടിച്ചാലോ എന്നുവരെ തോന്നാറുണ്ട്.”
ഇത് കേട്ടതും സൈനു എന്നോട് പറഞ്ഞു.
“മണീ.. എന്ത് വിഡ്ഢിത്തമാണ് നീ പറയുന്നത്.
മഹാപാപം ചെയ്യരുത്.
നിന്റെ അച്ഛമ്മയെ ഞങ്ങൾക്ക് അറിയാം.അതുകൊണ്ട് ഞങ്ങൾ നാട്ടുകാർ അത് കാര്യമാക്കാറില്ല.
നോക്ക് മണീ… അച്ഛമ്മയ്ക്ക് ഏകദേശം പത്തുനൂറ് വയസ്സായി.
ഇന്നോ നാളെയോ മരിച്ചുപോയേക്കാം അവർ.
ഈ പ്രായമുള്ള അവരെ നീ കൈവച്ചാൽ ദൈവം നിനക്ക് മാപ്പ് തരില്ല.
നിന്റെ അച്ഛമ്മയെന്നാൽ എന്റെയും അച്ചമ്മയാണ്.
ഇന്ന് നീ അച്ഛമ്മയ്ക്ക് നേരെ കയ്യോങ്ങിയാൽ നാളെ സമൂഹം നിന്നെ വെറുക്കും. കാർക്കിച്ചുതുപ്പും.
അതിനാൽ അച്ഛമ്മയെക്കുറിച്ച് നീ ഇത്ര വൃത്തികെട്ടരീതിയിൽ ഇനിമുതൽ ചിന്തിക്കരുത്.”
സൈനുദ്ധീൻ ഒരു മുതിർന്ന വ്യക്തിയെപ്പോലെ എനിക്ക് അരമണിക്കൂർനേരം ഉപദേശം തന്നു.
ഒടുവിൽ പിരിഞ്ഞുപോകാൻ നേരം അവൻ എന്നോട് ഒരിക്കൽകൂടി പറഞ്ഞു.
“മണീ പാപം ചെയ്യരുത്.
അത്രയും വിഷമംവന്ന സ്ഥിതിക്ക് നീ ഏതെങ്കിലും ഫൈനാൻസിൽ ചെന്നിട്ട് വാഹനങ്ങൾക്ക് ലോൺ എടുക്കുന്നപോലെ അച്ഛമ്മയെ പണയപ്പെടുത്തി ഒരു പതിനായിരം രൂപ ലോൺ എടുക്കൂ.
എന്നിട്ട് മൂന്നോ നാലോ അടവ് സംഖ്യ നീയങ്ങു തെറ്റിച്ചേക്ക്.
അപ്പോൾ അച്ഛമ്മയെ ഫൈനാൻസുകാർ പിടിച്ചുകൊണ്ടുപൊയ്ക്കോളും.
അതോടെ നിനക്ക് അച്ഛമ്മയുടെ ശല്യവും തീരും പതിനായിരംരൂപ ലാഭവും കിട്ടും !!!!!
ഇതുംപറഞ്ഞുകൊണ്ട് സൈനു യാത്രതുടർന്നപ്പോൾ അറിയാതെ ഞാൻ അവനെനോക്കി വായ്പൊളിച്ച് ഇരുന്നുപോയി.😂😂😂