രചന : സതീശൻ നായർ ✍
അവസാനം രമണന് വിവാഹം ആയി…
അതിലിത്ര വലിയ കാര്യം എന്താണ് എന്ന് ചോദിച്ചാൽ രമണൻ പെണ്ണ് കാണാൻ തുടങ്ങിയിട്ട് എത്ര നാളായി എന്ന് ചോദിച്ചാൽ അത് രമണന് തന്നെ ഓർമ്മ ഇല്ല..
നാട്ടിൽ ഉളള സകലമാന ബ്രോക്കർമാരും പിന്നെ മാറ്റർ മണി (മാട്രിമോണിയൽ) ആൾക്കാരും തരാ തരം ശ്രമിച്ചിട്ടും രക്ഷയില്ല..
കാരണം എന്താ..?
അതേ എൻറെ മോനെ ഞാൻ കഷ്ടപ്പെട്ടു വളർത്തിയതാ കണ്ട അവളുമാരെ കെട്ടി എൻറെ മോൻറെ സ്നേഹം നഷ്ടപ്പെടാൻ എനിക്ക് പറ്റൂല..
ന്യായീകരണം രമണൻറെ അമ്മയുടെ ആണ്..
ഭർത്താവ് ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് കാശയക്കും..
അപ്പോ പിന്നെ മോനെ ഒരല്ലലും ഇല്ലാതെ ആണ് വളർത്തിയത്..
അവസാനം ബന്ധുക്കൾ എല്ലാവരും രമണൻറെ പ്രായത്തെ പറ്റി അവൻറെ അമ്മയെ ബോധ്യം വരുത്തിയതിനു ശേഷമാണ് ഒരു വിവാഹത്തിന് എൻ ഓ സി കൊടുത്തത്..
അത്യാവശ്യം വിദ്യാഭ്യാസം ഒക്കെ ഉള്ള ഒരു പെൺകുട്ടി..
രമണനേക്കാൾ അഞ്ച് വയസിന് ഇളപ്പം..
പക്ഷേ സ്മാർട്ട്..
വിവാഹം കഴിഞ്ഞ് തൻ്റെ ആധിപത്യം അത് വിട്ടുളള കളി ഇല്ല..
ഏത് കാര്യത്തിലും തൻറേതാണ് അവസാന വാക്ക്…
അവനോട് എന്ത് ചോദിച്ചാലും മറുപടി അത് അമ്മ തന്നെ പറയും..
വന്ന് കയറി രണ്ട് ദിവസം കൊണ്ട് തന്നെ പുതിയ പെണ്ണിന് ആ വീടിനെ പറ്റി അത്യാവശ്യം നല്ല ധാരണ കിട്ടി..
തൻറെ പ്രാധാന്യം ഊട്ടി ഉറപ്പിക്കാൻ ഒരു ദിവസം വർത്തമാനം പറഞ്ഞിരിക്കുന്ന കൂട്ടത്തിൽ രമണൻറെ അമ്മയുടെ വക ഒരു ചോദ്യം..
ടാ മോനെ ഒരു ദിവസം ഞാനും നീയും നിൻറെ ഭാര്യയും കൂടി ഒരു കുളത്തിന്റെ അരികിലൂടെ പോകുമ്പോൾ ഞാനും നിന്റെ ഭാര്യയും കുളത്തിൽ വീണു നീ ആരെ ആദ്യം രക്ഷിക്കും..?
ദൈവമേ പെട്ടല്ലോ..
അമ്മയെ രക്ഷിക്കും എന്ന് പറഞ്ഞാൽ ഭാര്യ മുഖം വീർപ്പിക്കും..
ഭാര്യ എന്ന് പറഞ്ഞാൽ അമ്മ പിണങ്ങും പിന്നെ ജീവിത കാലം മുഴുവനും അവൾ അവനെ മയക്കി തളളയെ വെറുപ്പിച്ചവൻ എന്ന പേരു ദോഷം കേൾക്കേണ്ടി വരും..
എന്തു ചെയ്യും ഇലക്കും മുള്ളിനും കേടില്ലാതെ എങ്ങനെ പ്രശ്നം സോൾവ് ചെയ്യും എന്നാലോചിച്ച് നിൽക്കുന്ന സമയത്ത് രമണൻറെ ഭാര്യ ഉടനേ തന്നെ പരിഹാരം കണ്ടെത്തി മറുപടി നൽകി..
അമ്മേ പേടിക്കേണ്ട ചേട്ടൻ ആദ്യം രക്ഷപ്പെടുത്തുന്നത് കഷ്ടപ്പെട്ട് വളർത്തിയ അമ്മയെ തന്നെ ആവും..
ഞെട്ടൽ പുറത്ത് കാണിക്കാതെ അമ്മ ചോദിച്ചു എന്നാലും മോളേ നിന്നെയല്ലേ രക്ഷപ്പെടുത്തേണ്ടത്..?
അമ്മേ ഞാൻ വീഴുന്നത് കണ്ട്നിക്കണ നൂറ് പേര് എന്തിന് നീന്തൽ അറിയാത്ത കിളവൻമാർ പോലും എന്നെ രക്ഷിക്കാൻ കുളത്തിൽ ചാടും..
അന്നത്തോടെ രമണൻറെ അമ്മക്ക് മനസ്സിലായി ചവിട്ടിയാൽ കടിക്കാത്ത പൂച്ച ഇല്ലെന്ന്.
ഇതില് പൂച്ച എങ്ങനെ വന്നു..🤔