രചന : ബാബുഡാനിയല്‍ ✍
ആതുരാലയത്തിന്‍റെ നീളുമാമിടനാഴി
തന്നിലായിരുപ്പുണ്ട് മൂകനാമൊരുവൃദ്ധന്‍
വിതുമ്പിക്കരഞ്ഞുകൊ ണ്ടകലെമിഴിനട്ടും
കാത്തിരിക്കുന്നുനടതള്ളിയതറിയാതെ
ആതുരാലയങ്ങളില്‍ വൃദ്ധസദനത്തിലും
പീടികത്തിണ്ണയിലും കണ്ടിടാം സാധുക്കളെ
തെരുവിന്നൊരുകോണില്‍ഭാണ്ഡവുംപേറിക്കൊണ്ട്
ഇത്തിരി വറ്റിനായി അലയും നിരാലംബര്‍
അഴലാം മീനച്ചൂടില്‍ വെന്തുനീറിടുമ്പോഴും
അകമേതുടിക്കുന്നു മകനായൊരുവാക്ക്
മകനേപൊറുക്കുകീ താതന്‍റെ കണ്ണുനീരാല്‍
ഭാസുരംനിന്‍റഭാവി ഞെട്ടറ്റുവീണീടല്ലേ
മൃത്യുവിന്‍ഭയമില്ല വിശപ്പിന്‍കാളലില്ല
മിഴിനീര്‍പൊഴിക്കില്ല ദുര്‍വിധി ഓര്‍ക്കുന്നില്ല
എങ്കിലും കരള്‍ക്കൂട് പുകയുന്നുണ്ടിപ്പോഴും
മകനേ നിന്നേപ്രതി ഓര്‍ക്കുമ്പോളുള്ളംവിങ്ങും
ജീവിതപ്പാതതാണ്ടും നിന്നുടെ സവിധത്തില്‍
അണയില്ലൊരുനാളും എങ്കിലും മകനേ നീ
നാളെഞാന്‍ മൃത്യുപുല്‍കുംനേരത്തെന്നടുത്തെത്തി
വരളും നാവിലിറ്റു പാഥംനീ പകരുമോ?