രചന : സതി സതീഷ്✍
മഴയുടെ ഇരമ്പലിൽ
നിൻമനസ്സിൻ
നൊമ്പരം കേട്ടതില്ല
മഞ്ഞിൻ്റെ
കുളിർശയ്യകളിൽ
നിൻ നെഞ്ചിലെ
നേരിപ്പോടറിയാതെ പോയി ,
രണ്ടിതളുകൾ
ഇണചേർന്നിരിക്കുന്നോരിരവിൽ
മിഴികളാൽ നിന്നെ ക്ഷണിച്ചപ്പോൾ
പെട്ടെന്നു വിടർന്നൊരാ
മന്ദഹാസം മാസ്മര സൗന്ദര്യമായ്
എവിടെയോ ഒളിച്ചു വച്ചതാരാണ്…?
അടുത്തറിയും മുൻപേ
അറിഞ്ഞു തുടങ്ങും മുൻപേ
ഞാനാകും
ഹിമകണത്തിൽ
നീയെന്ന സൂര്യകിരണങ്ങൾ വർണ്ണവിസ്മയങ്ങൾ
തീർത്തുകൊണ്ട്
ഒരു നിമിഷത്തിൻ
നിർവൃതിയിൽ മധുരമുള്ള മറക്കാനാവാത്ത
ഓർമ്മകൾ നൽകി അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയർന്ന
ചിത്രഗ്രീവം പോലെ …..
പനിനീർപ്പൂക്കളിൽ
നിന്നപ്രത്യക്ഷമായ
ഹിമകണങ്ങൾ പോലെ
ആരും ശ്രദ്ധിക്കാതെ പോകുന്ന
ഹൃദയത്തുടിപ്പിൻ
നേർത്ത സ്വരം പോലെ
വിജനമായ പാതയിൽ
തിരികെ നടക്കാനാവാതെ
ദൂരേക്ക് മിഴി നീട്ടുമ്പോൾ
മധുരവും കയ്പും
ഇടകലർന്ന മറക്കണമെന്നോർത്താൽ മറക്കാത്തനുഭവങ്ങളാകുന്ന
പഴങ്ങളുള്ള വൃക്ഷത്തലപ്പുകളിൽ
കാലമാം കാറ്റിൻ്റെ
ശക്തിയനുസരിച്ച്
പൊഴിയാൻ തയ്യാറെടുക്കുന്ന പൊഴിഞ്ഞു മണ്ണോടടിഞ്ഞു
തുടങ്ങിയ ഓർമ്മകൾ
അവിടവിടെ ചിതറി കിടക്കുന്നു…
രക്തവർണ്ണമായ ആ പഴങ്ങളിൽ ഒന്നെടുത്തു വീണ്ടും
രുചിക്കുവാനുള്ള മോഹം
ഉള്ളിൽ
തിരയടിക്കുന്നു
എന്നാൽ കൈയ്യെത്താ
ദൂരത്തേക്കകന്നുപോയ
ആ പഴങ്ങൾ ഇനി
ഓർമ്മകൾ മാത്രം..
സമയസൂചി നീങ്ങിക്കൊണ്ടേയിരിക്കുന്നു..
“ഇന്ന്” ” ഇന്നലെ” യും
“നാളെ” “ഇന്നു”മാകുന്നു …
കഴിഞ്ഞതെല്ലാം
ഒരിക്കലും തിരിച്ചുകിട്ടാത്ത വിസ്മൃതിയിൽ
ലയിക്കുന്ന ഒരുപിടി ഓർമ്മകളും
അവ പകർന്നുവച്ച ചിത്രങ്ങളും മാത്രം..!✍️✍️