രചന : വാസുദേവൻ. കെ. വി✍

ഒരു പൂവന് ഒമ്പത് പിടകൾ കണക്കേ മുഖപുസ്തകത്താളുകളിൽ.
തിരുവാതിര കഴിഞ്ഞിട്ടും ഊഞ്ഞാലാട്ടം നിൽക്കാതെ…
മെസ്സിയേ ചേർത്തു പുൽകി കളിയാരവതള്ളലുകൾ.
ഉടുക്കടിച്ചു പാട്ടുകൾ അറിയാത്തവർ പാടാൻ മെനക്കെടാറില്ല.
ഇത്തവണത്തെ പാർട്ടി സംസ്ഥാന സമ്മേളനം കണക്കെ സബ്സ്റ്റിട്ടൂഷനുകൾ. അനുഭവസമ്പന്നവരെ തിരിച്ചു വിളിച്ച് മീശ മുളയ്ക്കാത്തവരെ പകരം ഇറക്കുന്ന കാഴ്ചകൾ ഖത്തർ ലോകകപ്പ് മത്സരവേദികളിൽ.


വാമോസ് അർത്ഥം പോലും അറിയാത്ത കളത്രം മെസ്സിക്കും, ഡീ മരിയയ്ക്കും, അൽവാരസ് പയ്യനുമൊപ്പം. വരം ലഭിച്ചാൽ ശ്രേഷ്ഠ കന്യക കുന്തി,സൂര്യ ഭഗവാനെ എന്നപോലെ അവരിൽ ആരെ ആദ്യം ക്ഷണിക്കും എന്നോർത്ത് കണവൻ ആശങ്കപൂകി.
മക്കൾക്ക് മുമ്പിൽ പതിവുപോലെ അവളെ തുറന്നുകാട്ടാൻ അവൻ ഫൈനൽ കളിക്കിടെ ഒരു പീസ് ചോദ്യം എടുത്തിട്ടു.


“ഡീ എത്ര സബ്സ്റ്റിട്യൂഷൻ ആകാം ഒരു മത്സരത്തിൽ? “
കളി വിദഗ്ദ്ധ സംശയലേശമെന്യേ ഉത്തരമേകി.
“പതിനൊന്നു പേരെയും മാറ്റാം. “
“ഒരിക്കൽ പിൻവലിച്ച താരത്തെ വീണ്ടും ഇറക്കാനാവുമോ? “
ഉത്തരം ക്ഷണ വേഗത്തിൽ പിറന്നു
“പിന്നെന്താ..”
രാത്രി കിടക്ക ചലനഹീനമാക്കരുതല്ലോ. പിള്ളേരുടെ മുമ്പിൽ ഉത്തമദാമ്പത്യം കൊച്ചാക്കൽ പരിപാടി പാടില്ലെന്ന് മനഃശാസ്ത്ര വ്ലോഗറമ്മച്ചിമാർ വിളമ്പുന്നത് അവൻ ഓർത്തു.


കണവൻ കണവിക്കായി അതി രാവിലെ കളി നിയമങ്ങൾ പോസ്റ്റ്‌ രൂപത്തിൽ ഇട്ടു. നല്ല പാതി വിഡ്ഢിത്തം ഇനി വിളമ്പരുത്.
2023 ഡിസംബർ 31 വരെ ഫിഫ മത്സരങ്ങളിൽ അഞ്ച് സബ്സ്റ്റിട്യൂഷൻ. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടാൽ ഒന്ന് കൂടിയാവാം . പതിനഞ്ചു പേരുടെ റിസേർവ് ബെഞ്ച് ലിസ്റ്റിൽ നിന്ന്. ഒരിക്കൽ പിൻവലിച്ച താരത്തെ വീണ്ടും കളിക്കാൻ ഇറക്കാൻ ആവില്ല.
ഇതിന് പുറമേ ഒരു സബ്സ്റ്റിട്യൂഷൻ കൂട്ടുയാവാം. കളിക്കാരന് സാരമായ പരിക്ക് പറ്റി എന്ന് റഫറിക്ക് ബോധ്യമായാൽ. അപ്പോൾ എതിർ ടീമിനും ആ അവസരം നൽകേണ്ടതുണ്ട്.


കളി ബ്രേക്ക്‌ ആവുമ്പോൾ മാത്രം പകരക്കാരെ ഇറക്കാൻ കോച്ച് നിർദ്ദേശം നൽകേണ്ടതുണ്ട്.
കേറണോ ഇറങ്ങണോ എന്ന് തീരുമാനിക്കാനുള്ള അവകാശം കളിക്കാർക്കുണ്ട്. ഗവർണർ മന്ത്രിസഭാ അധികാരത്തർക്കം പോലെ അത്‌ കളിക്കളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നു മാത്രം.


കിടപ്പറയിൽ ലിഖിത നിയമങ്ങൾ പാടില്ലെങ്കിലും കളിക്കളത്തിൽ ലിഖിതനിയമങ്ങൾ അനുവർത്തിക്കേണ്ടതുണ്ട്. ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ്‌ പാസ്സാക്കുന്ന നിയമങ്ങൾ. ഫിഫ അനുസരിച്ചേ പറ്റൂ. റൂൾസിൽ മൂന്നാം നിയമം സബ്സ്റ്റിട്യൂഷൻ സംബന്ധിച്ച്. അഞ്ചു പേരുടെ സൈഡ്ബെഞ്ചിൽ നിന്ന് മൂന്ന് പേരെ മാറ്റി പകരക്കാരെ ഇറക്കാം എന്നതിൽ വ്യക്തം. കോവിഡ് പശ്ചാത്തലത്തിൽ ആ നിയമത്തിന് താൽക്കാലിക ഭേദഗതി വരുത്തിയത് 2020 മെയ് മാസത്തിൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലീഗ പോലുള്ള വമ്പന്മാർക്ക് അതിൽ അതൃപ്തി. ഈ ലോകകപ്പ് കഴിയും വരെ അതു തുടരാൻ വോട്ടെടുപ്പിലൂടെ തീരുമാനം.
ഓർക്കുക 1970 വരെ ലോകകപ്പ് മത്സരങ്ങളിൽ സബ്സ്റ്റിട്യൂഷൻ പരിപാടി ഇല്ലായിരുന്നു. 70 മുതൽ 1988 വരെ ഒന്നും പിന്നീട് മൂന്നും അനുവദനീയം. അതിന്റെ താത്കാലിക ഭേദഗതി ഇപ്പോൾ.


കായികക്കരുത്തിന്റെ മറ്റുരക്കൽ കാല്പന്ത് കളിക്കളങ്ങൾ. ഫിഫ സംഘടിപ്പിക്കുന്ന വനിതാ മത്സരങ്ങളിൽ കാണികൾ ശുഷ്‌കം. വരുമാനം കുറവും.
കായികമത്സരത്തിൽ സ്റ്റാമിന അനിവാര്യം. പൊസിഷൻ ഇന്റർചേഞ്ച് ചെയ്ത് ഗെയിം പ്ലാൻ മാറ്റുക. റൊണാൾഡോ യേ പകരക്കാരനാക്കിയതിന് പഴികേട്ട കോച്ചിന് തൊപ്പി തെറിച്ചു. നന്നായി കളിച്ച ഡീ മരിയയെ, ജെരൗഡിനെയൊക്കെ പിൻവലിക്കുന്നത് കാണുമ്പോൾ രോഷം കൊള്ളൂന്നത് കളിപ്രേമികൾ. അപ്പോഴാണ് പേറിനിടയിൽ തീണ്ടാരി കണക്കേ ഈ ഭേദഗതി. മരത്തോൺ സബ്സ്റ്റിട്യൂഷ്യൻ!!
കണ്ടവന്റെ പോസ്റ്റ്‌ കണ്ട് കണവി രോഷമുദ്ര ചാർത്തിയിട്ടു. നല്ല പോസ്റ്റുകൾ നോക്കി അതിന്റെ അകക്കാമ്പു ചൂണ്ടിയെടുത്ത് വാമോസ് അർജന്റീന!! മിശിഹാ നീണാൾ വാഴട്ടെ പോസ്റ്റുകളും.


കണവിക്ക് ഇത്തിരി സ്പോർട്സ് കമ്പം നല്ലതു തന്നെ.മക്കൾ നൽകിയ മെസ്സി കുപ്പായം അണിഞ്ഞായിരുന്നുവല്ലോ അവൾ ഫൈനലിനിരുന്നത്. അതല്ലെങ്കിൽ സീരിയൽ നേരത്ത് ഐ എസ് എൽ ഇനി കാണുവാതെങ്ങനെ?!!

By ivayana