പ്രണയാക്ഷരങ്ങൾ കുറിക്കുവാൻ ഇനിയും
മഷിപുരളുവാൻ മറന്ന തുറന്ന പുസ്തകം
മനസ്സിൽ നീ ഒളിപ്പിച്ചു വെച്ചുവോ, നിൻ
മിഴി നീർ നിറയ്ക്കുവാൻ ചഷകമെവിടെ?
രാമപാദ സ്പർശമോഹമേറ്റു കിടക്കും അഹല്യ
യായി നീ പകൽ ചുരത്തും പാൽനുണയാതെ
കാലാന്തരങ്ങളിൽ കരിപുരണ്ടൊരു ശിലയായി
ഋതുഭേദങ്ങളറിയാതെ മയങ്ങുന്നുവോ ?.
ആരണ്യകങ്ങളിൽ ഏകയായി ത്രേതായുഗ നിലാ
വണയും വരെ മഴമുകിൽ ചുംബന മേറ്റ്
നീ ഉണരാതെ കണ്ണീരുറവകൾ ഉള്ളിൽ നിറച്ചും
ശ്രീരാമ മന്ത്രം ജപിച്ചും കിടക്കുവാനെന്തേ.
ഇരവിന്റെ ചുരം താണ്ടി പ്രിയതമനായണഞ്ഞ
ഇന്ദ്രന്റെ മായശരമേറ്റു പിടഞ്ഞൊരു പാവം
പഞ്ചവർണ്ണ പൈങ്കിളി നിന്നെ ശാപശര മെയ്തു
വീഴ്‌ത്തിയ മുനിജന്മം ധന്യമായീടുമോ?
നിൻ ശിലാവിലാപങ്ങളീ മണ്ണിലമർന്നലിഞ്ഞു
കാട്ടു തെച്ചി പൂക്കളിൽ നിറമായ് നിറയും..
അഭൗമസൗന്ദര്യ സങ്കല്പ കുസുമമേ ധരയിലൊരു
ശിലയായി നീ കൊഴിഞ്ഞു വീണില്ലയോ?
പ്രണയമിരന്നവൾ കാമാന്ധരീ ശൂർപ്പണഖ തൻ
അംഗപ്രത്യയംഗങ്ങൾ അരിഞ്ഞെറിഞ്ഞീ യാത്ര
തുടരുകയാണ് ചരിത്രം ചാരിത്ര്യം തിരഞ്ഞു
അഗ്നി സ്നാനത്തിനായി അരണി കടയുവോർ..
ലങ്കാധിപതിയുടെ മനമിളക്കിയ മകളും മിഴി
നീർ പൊഴിയാതെ യാത്രാ മൊഴി ചൊല്ലിയില്ല
മാളികപ്പുറത്തമ്മയായ്, കന്യാകുമാരിയായി
കാത്തിരിപ്പൂ ഇനിയും പുലരാത്ത പുലരിക്കായ്..
ബ്രഹ്മ പുത്രി നീ എങ്കിലും മണ്ണിതിൽ ശാപ
ഗ്രസ്തയാകുവാൻ പിറന്ന വെറും പെണ്ണ്
ഇനിയും പിറക്കും അഹല്യമാർ ശിലയായി
അവതാര പാദാംബുജം തഴുകിയുണരുവാൻ…