രചന : പ്രജീഷ് കുമാർ ✍

വർഷങ്ങൾക്ക് മുമ്പ് ഒരു ക്രിസ്തുമസ് അവധിക്കാലത്താണ് ഞങ്ങൾ വീട്ടിലെത്തുന്നത് . ജോലിത്തിരക്ക് കാരണം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് എറണാകളത്തേക്ക് മടങ്ങി പോരുകയും ചെയ്തു. അന്ന് തിരിച്ചു പോരുന്നതിന് മുമ്പ് ഞാൻ കെട്ടിത്തൂക്കിയ വർണ്ണ നക്ഷത്രം നോക്കി അമ്മയോട് പറഞ്ഞു. ഇതിവടെ ഇങ്ങനെത്തന്നെ കിടന്നോട്ടെ. ന്യൂ ഇയർ കഴിഞ്ഞ് ഞാൻ വന്നിട്ട് അഴച്ചുമാറ്റി തരാം. പിന്നെ ജനുവരിയും ഫെബ്രുവരിയും കഴിഞ്ഞിട്ടേ എനിക്കു പോകാൻ കഴിഞ്ഞുള്ളു.


വീട്ടിലെത്തി പതിവ് വിശേഷങ്ങളൊക്കെ കഴിഞ്ഞപ്പോൾ ഒരു കവറിൽ തൂവൽ കൊഴിഞ്ഞ് പലതായി പിളർന്ന ക്രിസ്തുമസ് നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളുമായി അമ്മ അടുത്ത് വന്നിരുന്ന് പറഞ്ഞു. നിങ്ങളന്ന് മടങ്ങിപ്പോയ രാത്രിയിലുണ്ടായ മഴയിലും കാറ്റിലും താഴെവീണ് നാശമായി പോയതാണ് ഇത്. പിന്നെ അമ്മ ഇത് ഇങ്ങനെ സൂക്ഷിച്ചു വെച്ചു. കണ്ടിട്ട് കൊതി തീർന്നിരുന്നില്ല.


തിരക്കുകൾക്കിടയിൽ നിന്ന് തിരക്കുകൾക്കിട്ടിയിലൂടെ കടന്നുപോകുന്ന എന്നെ അന്ന് ആ വാക്കുകൾ ഒരുപാട് നെമ്പരപ്പെടുത്തി. പിന്നെ ഒരുപാട് ക്രിസ്തുമസ്സും ന്യൂ ഇയറുമൊക്കെ കടന്നുപോയി. പക്ഷേ, അപ്പോഴൊക്കെ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുടിക്കുവാൻ പെടാപ്പാട് പെടുകയായിരുന്നു ഞാൻ .


എന്നാൽ ഇന്ന് ഏഴു വർഷങ്ങൾക്ക് ശേഷം 2022 – 23ലെ ക്രിസ്തുമസ് ന്യൂ ഇയർ വേളയിൽ അച്ഛനും അമ്മയും എന്നിക്കൊപ്പം തന്നെയുണ്ട്.
ഇന്നലെ രാത്രി ഞാൻ ജോലി കഴിഞ്ഞ് ചെന്നപ്പോൾ അമ്മയോട് ചോദിച്ചു. ഈ ക്രിസ്തുമസ്സിന് അമ്മക്ക് എന്താണ് വേണ്ടതെന്ന്. അമ്മ പറഞ്ഞു എനിക്ക് ഒരു ക്രിസ്തുമസ് നക്ഷത്രം മാത്രം മതി. ഇവിടെ ഇടയ്ക്കൊക്കെ വേനൽ മഴയുള്ളതുകൊണ്ട് പുറത്ത് കെട്ടേണ്ട എന്നും .


സമയം വൈകിയിരുന്നെങ്കിലും ഞങ്ങൾ രണ്ടു പേരും പുറത്ത് പോയി അമ്മയിക്ക് ഇഷ്ടപ്പെട്ട ഒരു നക്ഷത്രവും വാങ്ങി അമ്മയുടെ മുറിയിൽ അമ്മക്ക് പെട്ടന്ന് കാണാവുന്നിടത്ത് തന്നെ കെട്ടിത്തൂക്കി .


വർഷങ്ങൾക്കുമുമ്പ് കാറ്റെടുത്തുപോയ വർണ്ണ നക്ഷത്രത്തെയും ക്രിസ്തുമസ്സിനെയുമോർത്ത് അമ്മ നെടുവീർപ്പിടുമ്പോൾ ജാലകങ്ങൾ തുറന്നിട്ട് എന്നെമാത്രം കാത്തിരിക്കുന്ന എന്റെ തക്കാളിക്കുട്ടിയുടേയും കുഞ്ഞുണ്ണിയുടേയും അരികിലേക്ക് മഞ്ഞു പുതച്ച്, സ്ട്രീറ്റ് ലൈറ്റുകൾ നിശബദമാക്കിയ നീണ്ട വഴിയിലൂടെ..

പ്രജീഷ് കുമാർ

By ivayana