രചന : ഷാജു കെ കടമേരി✍

ഓരോ നിമിഷവും
നിറം മങ്ങിയ
ആകാശക്കാഴ്ച്ചകളിലേക്ക്
മിഴി കോർത്തിരിക്കുന്ന
വീടില്ലാത്തവരുടെ
എരിഞ്ഞുകത്തുന്ന
കിനാവുകൾക്കിടയിലേക്ക്
നടന്ന് കയറി
അടർന്ന് വീഴുന്ന ചിന്തകളെ
പുറത്തേക്ക് വാരിവലിച്ചിട്ട്
കണ്ണീരിൽ വരയ്ക്കാൻ
ശ്രമിക്കുമ്പോൾ
കരയുന്ന മഴയെ
നെഞ്ചോടടുക്കി പിടിച്ചൊരു
പിടച്ചിൽ
പാതിരാവിന്റെ ഹൃദയം
മുറിച്ചു കടക്കും.
വെയില് കൊന്ന് നിലവിളിക്കുന്ന
കരള് കൊത്തി പിളർന്നൊരു
മിടിപ്പ് അവരുടെ സ്വപ്നങ്ങളിലേക്ക്
ഇരമ്പി പുണരും.
ഇരുള് തീത്തിറയാടി
കലമ്പിവീഴുന്ന
സങ്കടനിമിഷങ്ങളിൽ
അടക്കിപ്പിടിച്ച തേങ്ങലുകൾ
ഇന്നിന്റെ നെറുകയിൽ
ഇരുമ്പാണികളായ്
കുത്തിയിറങ്ങും.
ഒറ്റയ്ക്ക് നിറഞ്ഞ് കത്തും
തെരുവ് വിളക്കിൻ ചുവട്ടിലെ
മഴ പുരണ്ട സ്വപ്‌നങ്ങൾ
നക്ഷത്രവെളിച്ചങ്ങളെ
കെട്ടിപ്പുണർന്ന് മയങ്ങും
അനാഥത്വത്തിന്റെ നെറ്റിയിൽ
പതിഞ്ഞ വിരൽപ്പാടുകളിൽ
ഉമ്മ വച്ച്
ഓരോ നിമിഷവും
കാവൽ നിൽക്കുന്ന
വിയർത്ത് കിതച്ച് പെയ്യുന്ന
രാമഴയുടെ
ചുംബന ചിറകിനുള്ളിൽ
മൂടിപുതച്ചുറങ്ങുന്ന
നാളെയിലേക്കുള്ള കുതിപ്പ്
കത്തുന്ന മഴയിലിറങ്ങി
തീകോരിയിട്ട് ചുവട് വയ്ക്കും
കണ്ണീര് കൊണ്ട് വരച്ച
ചുവർച്ചിത്രങ്ങളിൽ നിന്നും
അനുഭവക്കടല് കുടിച്ച്
വറ്റിച്ച നിമിഷങ്ങൾ
ദൈന്യത തളംകെട്ടിനിൽക്കുന്ന
കനല് പൊള്ളുന്ന
വഴികളിലേക്കിറങ്ങി
വരികൾക്കിടയിൽ
നെഞ്ച്പൊട്ടിക്കുതറും……..

ഷാജു കെ കടമേരി

By ivayana