രചന : വാസുദേവൻ. കെ. വി ✍
“ഹാർകർ ജീത്നേവാലേ കോ ബാസീഗർ കെഹതേ ഹേ..” എന്ന ഷാരൂഖ് ഖാൻ മൊഴി ബാസീഗർ സിനിമയിൽ. അതായത് തോൽവിയിലൂടെ വിജയത്തിലേക്കെത്തുന്നവനാണ് വിജയമാന്ത്രികൻ.
കൊട്ടിഘോഷിക്കപ്പെട്ട ഖത്തർ ലോകകപ്പിന് തീരശീല വീഴാൻ ഇനി നാഴികദൂരം. പ്രതീക്ഷയ്ക്കൊത്ത നിലവാരം ഇല്ലാതെ പോയ മത്സരങ്ങൾ. ഇറ്റലി ഇല്ലെങ്കിലും ഇറ്റാലിയൻ പ്രതിരോധ ശൈലി കടമേടുത്തവർ. ഡിഫെൻസിവ് മിഡ്ഫീൽഡർമാർ അരങ്ങു വാണ മാമാങ്കം.
അപ്രതീക്ഷിത തോൽവിയിൽ സങ്കടക്കടലിൽ മുങ്ങിത്താണവർ. ഭാഗ്യം കൊണ്ട് മുന്നോട്ട് കേറി എത്തിയവർ. ചിലരുടെ തോൽവികൾ കൊണ്ട് മാത്രം വിജയിയേ കണ്ടെത്താനാവുന്നു . അനിവാര്യം തന്നെയാണ് തോൽവികളും. പാഠം പഠിച്ചു മുന്നേറാൻ അത് സഹായകം.
ഇരുപതാം ഫുട്ബോൾ ലോകകപ്പ് 2014 ൽ ബ്രസീൽ തട്ടകത്തിൽ. . സെമിഫൈനലിൽ ജർമ്മനിയും ബ്രസീലും.
സർവ്വസന്നാഹങ്ങളുമായി സ്കോളാരി പരിശീലിപ്പിച്ച മഞ്ഞപ്പട. ആതിഥേയരാജ്യം എന്ന പരിഗണന.മത്സരത്തിന് മുൻപ് സ്ക്കോളാരിയുടെ, നെയ്മറിന്റെ, മുൻ താരം റൊണാൾഡോയുടെ വീമ്പുപറച്ചിലുകൾ!!.
സ്റ്റേഡിയം നിറയെ മഞ്ഞഫാൻസ് ഉയർത്തും ആരവങ്ങൾ. മത്സരം വീക്ഷിക്കാൻ രാഷ്ട്രത്തലവൻ വരെ .
കളി തുടങ്ങി ആദ്യ അരമണിക്കൂറിനുള്ളിൽ ജർമ്മൻ ചുണക്കുട്ടികൾ ബ്രസീൽ ഗോൾ പോസ്റ്റിനകത്തേക്ക് തൊടുത്തു വിട്ടത് അഞ്ചു ഗോളുകൾ. മത്സരം തീരുമ്പോൾ ആകെ ഏഴു ഗോളുകൾ ഏറ്റുവാങ്ങി ഓസ്കാർ അടിച്ച ഒരു ഗോളിൽ മാനം കാത്ത് ലൂയിസിന്റെ ക്യാപ്റ്റൻസിയിൽ കളിച്ച മഞ്ഞ പട്ടാളം തലയിൽ മുണ്ടിട്ട് പുറത്തേക്ക്.. ജനരോഷം അടക്കാൻ മിലിറ്ററി പോലീസ് ഭഗീരഥയത്നം.
അനാവശ്യ ഫൗളിങ് നടത്തി മഞ്ഞ കാർഡുകൾ വാങ്ങിക്കൂട്ടി സെമിയിൽ കളിക്കാൻ ആവാതെ പോയ ക്യാപ്റ്റൻ തീയഗോ സിൽവയും, കരുതൽ ഇല്ലാതെ കുതിച്ചു പരിക്കേറ്റ നെയ്മരും പുറത്തിരുന്നു കളി കാണേണ്ടി വന്ന അപാകം കനത്ത തോൽവിക്ക് കാരണമായി കാൽപ്പന്തുവിദഗ്ദർ ചൂണ്ടിക്കാട്ടി.
ധാർഷ്ട്യം പരാജയങ്ങൾക്ക് ഹേതു പലപ്പോഴും..
മത്സരവിജയശേഷം ശാന്തമുഖത്തോടെ കണ്ട ജർമൻ ക്യാപ്ടൻ ഫിലിപ്പ് ലാം, മാനേജർ ജോക്കിം ലൊ എന്നിവരുടെ മുഖം മറക്കുവതെങ്ങനെ?
ഒരു തോൽവിയും തുടച്ചുനീക്കലല്ല. തുടർവിജയത്തിലേക്കുള്ള ചുവട്ടുപടിയാണ്.
അന്നത്തെ മഞ്ഞഫാൻസിനെ പോലെ മോങ്ങാതിരിക്കുക നമ്മളും.
ചാമ്പ്യൻ ഒന്നേ ഉണ്ടാവൂ.
ഖത്തറിലത് അർജന്റീനയാവാം അല്ലെങ്കിൽ ഫ്രാൻസ് . ഒരു ടീമിന് തോറ്റേ പറ്റൂ.
മെസ്സിയോട് പ്രത്യേക ഇഷ്ടം എങ്കിലും ഗ്രീസ്മാൻ, എമ്പാപ്പേ, ഡീ ബാല, ജിരൌദ്, തുറാം എന്നിവരടങ്ങിയ താരനിബിഡ സന്തുലിത ടീം. ജയ സാധ്യത ഫ്രാൻസിന് തന്നെ. തോൽവിയിൽ നിന്ന് ഫിനിക്സ് പക്ഷിയേപ്പോലെ പറന്നുയരുന്ന മെസ്സിപട തിളങ്ങിയാൽ ചിത്രം മറിച്ചുമാവാം. ആര് തോറ്റാലും പ്ലാറ്റിനി , സിഡാൻ, പോഗ്ബ, കരിം ബെഞ്ചമ എന്നിവരുടെ ഒപ്പം ഈ ഫ്രഞ്ച് താരങ്ങളും കായിക പ്രേമികളുടെ മനസ്സുകളിൽ., ഒപ്പം മറഡോണ, ബാറ്റിസ്റ്റൂട്ട, കനീജിയ, ട്രെവ്സ് എന്നിവർക്കൊപ്പം അർജന്റീന താരങ്ങളും ചേർത്തു വെക്കപ്പെട്ടുകഴിഞ്ഞു ഖത്തർ വേദികളിലൂടെ.
മാമാങ്കം തീരാതെ വയ്യ. 2026 ൽ അമേരിക്ക, മെക്സിക്കോ കാനഡ സംയുക്ത വേദിയിൽ ഉയരും ഇനി കാല്പന്തുഘോഷങ്ങൾ.