രചന : ടി.എം. നവാസ് വളാഞ്ചേരി.✍

വഴിയതിൽ കാണുന്ന മനുജനെ നോക്കിട്ട്
പുഞ്ചിരി തൂകുന്നതാണത്രെ നൻമ .
വഴിയതിൽ കാണുന്ന മുള്ളത് നീക്കിടാൻ
നമ്മൾ കാണിച്ചിടും കരുതലാ നൻമ
വഴിയതിൽ വീണ് കിടന്നിടുമനുജന്
നിൻ കൈകൾ നീട്ടിടലാണത്രെ നൻമ .
അച്ഛനില്ലാതെ
യനാഥനായ് മാറിയ കുഞ്ഞിനെ
ചേർത്ത് പിടിക്കലാ നൻമ .
ദാമ്പത്യ സ്വപ്നമത് വാടിക്കരിഞ്ഞുള്ള
വിധവക്ക് തണലായി മാറലാ നൻമ .
തെരുവിന്റെ മക്കളെന്നോതി നാം
തള്ളുന്ന സഹജന്ന് കൂടൊന്നൊരുക്കലാ നൻമ .
എരിയും വയറിൻ വിശപ്പത് മാറ്റിടാൻ
അന്നം കൊടുക്കുന്നതാണത്രെ നൻമ .
മാരിയാൽ വിഷമിക്കു മനുജന് താങ്ങായി
തണലായി മാറുന്നതാണത്രെ നൻമ .
നമ്മെ നാമാക്കിയ അച്ഛനുമമ്മക്കും
എന്നും തുണയായി നിൽക്കലാ നൻമ .
കൊഞ്ചിക്കുഴഞ്ഞിടും പൊന്നിളം കുഞ്ഞിന്
ചുടു മുത്തം നൽകിടലാണത്രെ നൻമ .
പാതിയെ കാണുമ്പോൾ കൺകൾ വിടർന്നിട്ട്
പ്രണയത്തിൻ പൂന്തേൻ പകരലാ നൻമ .
തൊട്ടുള്ള വീട്ടിനും നാട്ടിനും കൂട്ടിനും
പൊൻ പ്രഭ ചൊരിയാൻ കഴിയലാ നൻമ .
ഭൂവിൽ വസിച്ചിടുമെല്ലാർക്കുമവരുടെ
അവകാശം നൽകുന്നതാണത്രെ നൻമ .
പാറും പറവയെ കൂട്ടിലടക്കാതെ
മാനത്ത് പാറാൻ വിടലത്രെ നൻമ .
പാറും പറവക്കും സഹജീവിയേതിനും
ദാഹജലം നൽകലാണത്രെ നൻമ .
പിറന്നാളതോരോന്ന് വന്നുഭവിക്കുമ്പോ
ഭൂവിതിൽ മരമൊന്നു വെക്കലാ നൻമ .
നമ്മൾ വസിച്ചിടും ഭൂമി തൻ രക്ഷക്ക്
കാവലാളായിട്ട് മാറലാ നൻമ .
നമ്മെ നാമാക്കിയ നാഥന്റനുഗ്രഹ മോർത്തിട്ട്
കൈകൾ ഉയർത്തലാ നൻമ .

ടി.എം. നവാസ് വളാഞ്ചേരി

By ivayana